ലണ്ടനില്‍ ഇന്ത്യയ്ക്ക് വേണ്ടി പുതിയൊരു ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോക്‌സിങ് താരമായ വീജേന്ദര്‍ സിങ്. 2008 ല്‍ നടന്ന ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയതിന്റെ ആത്മവിശ്വാസവുമായാണ് വീജേന്ദര്‍ മത്സരത്തിനിറങ്ങുന്നത്. ഇതിനുപുറമെ ലോക അമ്വെച്ചര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയതിന്റെ ആത്മവിശ്വാസവും വീജേന്ദറിനുണ്ട്.
ഗ്രാമാന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന വീജേന്ദര്‍ ഇന്ന് ഇന്ത്യയ്ക്ക് തന്നെ അഭിമാനകരമായ സ്‌പോര്‍ട്‌സ് താരമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്കായി ലണ്ടനില്‍ നിന്നും ഒരു മെഡല്‍ വീജേന്ദര്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ഇന്ത്യന്‍ കായികമന്ത്രാലയവും. 2008 ല്‍ വീജേന്ദറിനെ കാണുമ്പോഴുണ്ടായിരുന്നതിനേക്കാളേറെ ആത്മവിശ്വാസം ഇന്ന് ആ മുഖത്തുണ്ട്.
ലണ്ടനിലെ ബോക്‌സിങ് മത്സരത്തിലേക്കുള്ള പ്രവേശനമത്സരത്തില്‍ തന്നെ തന്റെ കഴിവും പാഠവവും തെളിയിക്കാന്‍ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബോക്‌സിങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയേ തീരൂ എന്നാണ് വീജേന്ദറിന് പറയാനുള്ളത്. വീജേന്ദറിന്റെ ലണ്ടന്‍ ഒളിമ്പിക്‌സ് പ്രതീക്ഷകളിലേക്ക് ഒരെത്തിനോട്ടം…

ലണ്ടന്‍ ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണ് ?
എന്റെ തയ്യാറെടുപ്പുകളില്‍ ഞാന്‍ പൂര്‍ണ്ണമായും സംതൃപ്തനാണ്. പരിശീലനക്യാമ്പുകള്‍ എപ്പോഴും ലൈവാണ്. മത്സരത്തിനായി പ്രത്യേകം കോച്ചുകള്‍ ഉണ്ട്. ഒന്ന് എന്റെ കോച്ച് തന്നെ പിന്നെ ക്യൂബന്‍ കോച്ചിന്റെ കീഴിലും പരിശീലിക്കുന്നുണ്ട്. ഓരോ താരങ്ങളും വളരെ ആത്മാര്‍ത്ഥതയോടെയാണ് പരിശീലനം നടത്തുന്നത്. എല്ലാവരും ഒരേയൊരു ലക്ഷ്യത്തിനായി പരിശ്രമിക്കുകയാണ്.
ഒരു ലക്ഷ്യം ഉണ്ടാവുമല്ലോ, അതെന്താണ് ?
ഓരോ കായികതാരത്തെയും സംബന്ധിച്ച് ഒരേയൊരു ലക്ഷ്യമേ ഉണ്ടാവുള്ളു. അത് ഒളിമ്പിക്‌സില്‍ പങ്കെടുത്ത് സ്വര്‍ണമെഡല്‍ കരസ്ഥമാക്കുക എന്നതുമാത്രമാണ്. എനിയ്ക്ക് ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടാനായിരുന്നു. അപ്പോള്‍ തീര്‍ച്ചായായും ഞാന്‍ എന്റെ പെര്‍ഫോമന്‍സ് കൂട്ടാന്‍ മാത്രമേ ശ്രമിക്കൂ. എന്റെ പെര്‍ഫോമന്‍സ് കൂടിയാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുള്ളു. എന്തുതന്നെയായാലും ബെയ്ജിങിലേക്കാള്‍ മികച്ച പ്രകടനം ലണ്ടനില്‍ കാഴ്ചവെയ്ക്കണമെന്നുണ്ട്. അതിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

നിലവിലെ പരിശീലനം എന്തടിസ്ഥാനത്തിലാണ് നടക്കുന്നത്?
ഇക്കഴിഞ്ഞ ദിവസങ്ങളെല്ലാം ഞങ്ങള്‍ പട്യാലയിലെ ട്രെയിനിങ് ക്യാമ്പുകളില്‍ കഠിന പരിശീലനത്തിലായിരുന്നു. എല്ലാദിവസവും ഒരേരീതിയിലുള്ള പരിശീലനമല്ല നടക്കുക. അതിന്റെ അളവില്‍ വ്യത്യാസമുണ്ടാകും. ഓരോ ദിവസം കഴിയുന്നതിനനുസരിച്ച് ട്രെയിനിങിന്റെ വേഗത കൂടിക്കൊണ്ടേയിരിക്കും.
ട്രെയിനിങ് ഷെഡ്യൂളിനെപ്പറ്റി പറയാമോ?
തീര്‍ച്ചയായും. ബോക്‌സിങ് പരിശീലനം എന്നുപറയുമ്പോള്‍ എല്ലാവരും കരുതും വെറും ബോക്‌സിങ് മാത്രമേ നടക്കൂ എന്നാല്‍ അങ്ങനെയല്ല. ഓട്ടത്തിനും ചാട്ടത്തിനുമെല്ലാം പരിശീലനത്തില്‍ പ്രാധാന്യമുണ്ട്. ഒരുപാട് ദൂരം ഓടേണ്ടതായി വരും. കൃത്യമായി പറഞ്ഞാല്‍ ഒരുദിവസം 10 കിലോമീറ്റര്‍ ദൂരമെങ്കിലും ഓടണം. അതിനുശേഷം ഷാഡോ ബോക്‌സിങിനായി വെയ്റ്റ് ട്രെയിനിങ്ങും ഉണ്ട്. എങ്ങനെ വന്നാലും ഒരുദിവസം ആറോ ഏഴോ മണിക്കൂര്‍ നേരം പരിശീലനം ഉണ്ടാകും.

ഒളിമ്പിക്‌സിന് മുന്നോടിയായി എവിടെയെങ്കിലും പരിശീലനത്തിന് പോയിരുന്നോ ?
അയര്‍ലെന്റില്‍ വെച്ച് ഒരു പരിശീലനക്കളരി നടന്നിരുന്നു. രണ്ടാഴ്ചയോളം അവിടെ ചിലവഴിച്ചു. ഒളിമ്പിക്‌സിന് മുമ്പായി മറ്റുചില മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. അതിന് ആ പരിശീലനക്കളരി ഏറെ ഉപകരിച്ചു.
ബെയ്ജിങ് ഒളിമ്പിക്‌സിന്റെ സമയത്ത് യാതൊരു സമ്മര്‍ദ്ദവും കൂടാതെയാവും മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഇന്ന് ആളുകളെല്ലാം ഏറെ പ്രതീക്ഷയിലാണ്, എന്തുതോന്നുന്നു ?
ബെയ്ജിങില്‍ മെഡല്‍ നേടിയതുകൊണ്ടു തന്നെ ആളുകളെല്ലാം എന്നില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെന്ന് അറിയാം. എന്നാല്‍ അതിനെ കാര്യമായെടുക്കുന്നില്ല. ഇത്തവണയും മികച്ച പ്രകടനം നടത്തി ആളുകളെ സന്തോഷിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അല്ലാതെ അതില്‍ സമ്മര്‍ദ്ദമൊന്നുമില്ല. സമ്മര്‍ദ്ദം ഉണ്ടായിട്ട് കാര്യമില്ല നന്നായി കളിക്കുകയാണ് വേണ്ടത്.

ഇന്ത്യന്‍ ബോക്‌സിങ് ടീമില്‍ നിലവില്‍ ഏഴ് താരങ്ങളാണ് ഉള്ളത്, അവരുടെ കഴിവിനെക്കുറിച്ച് ?
ഏഴുപേരും ഒരുപോലെ കഴിവുള്ളവരാണ്. അതില്‍ ശിവതപ്പ , അദ്ദേഹത്തിന് പതിനെട്ട് വയസ്സ് മാത്രമേയുള്ളു. നന്നായി കളിക്കുന്ന ഒരു താരമാണ്. എനിയ്ക്ക് മെഡല്‍ ലഭിക്കുന്നതിനേക്കാള്‍ അദ്ദേഹത്തിന് ഒരു മെഡലിന് സാധ്യതയുണ്ടെന്നാണ് എനിയ്ക്ക് തോന്നുന്നത്. പിന്നെയുള്ള വികാസ് കൃഷ്ണയും സുമിത് സാംഗ് വാനും മെഡല്‍പ്രതീക്ഷ അര്‍പ്പിക്കാവുന്ന താരങ്ങളാണ്.
എത്രപേര്‍ക്ക് ഇത്തവണ ബോക്‌സിങ്ങില്‍ മെഡല്‍ ലഭിക്കും?
അങ്ങനെ കൃത്യമായി പറയാന്‍ കഴിയില്ല. എന്നിരുന്നാലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ബോക്‌സിങ് സൈഡില്‍ നിന്നും മെഡല്‍ നേട്ടത്തിനുള്ള സാധ്യത കൂടുതലാണ്.
ബോക്‌സിങ് പരിശീലനം എന്നുപറയുമ്പോള്‍ എല്ലാവരും കരുതും വെറും ബോക്‌സിങ് മാത്രമേ നടക്കൂ എന്ന്, എന്നാല്‍ അങ്ങനെയല്ല. ഓട്ടത്തിനും ചാട്ടത്തിനുമെല്ലാം പരിശീലനത്തില്‍ പ്രാധാന്യമുണ്ട്
ബെയ്ജിങ്ങില്‍ വെങ്കലമെഡല്‍ നേടിയതിന് ശേഷം ഇന്ത്യയിലെ മറ്റുപല താരങ്ങളും ലോകത്ത് നടന്ന മറ്റു ബോക്‌സിങ് മത്സരങ്ങളില്‍ മെഡലുകള്‍ നേടാന്‍ തുടങ്ങി. അതിനുള്ള പ്രചോദനം നല്‍കിയത് താങ്കളാണെന്ന് തോന്നിയിട്ടുണ്ടോ ?
അങ്ങിനെയൊന്നുമില്ല. ഞാന്‍ അവരുടെ മേല്‍ ഒരു ഉത്തരവാദിത്തവും വെച്ച് കെട്ടിയിട്ടില്ല. ഞാന്‍ മെഡല്‍ നേടിയതാണ് അവരുടെ പ്രചോദനം എന്നുപറയരുത്. എന്റെ മെഡല്‍ നേട്ടവും അവര്‍ക്ക് പ്രചോദനമായിക്കാണും. എന്നാല്‍ അതിനേക്കാളുപരി അവരെല്ലാം കഴിവുള്ള താരങ്ങളായതുകൊണ്ടാണ് അവര്‍ക്ക് ആ നേട്ടം കൈവരിക്കാനായത്. മെഡല്‍ നേടുന്ന താരങ്ങളെല്ലാം കഠിനമായ പരിശീലനം നടത്തിയവരാണ്. ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍നേടുക എന്ന സ്വപ്‌നമാണ് മനസ്സില്‍ വേണ്ടത്. അതുണ്ടായാല്‍ ബാക്കിയെല്ലാം താനേ വരും.
