ഭൂവനേശ്വര്‍: ഒഡീഷയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. സീറ്റു ചര്‍ച്ചകള്‍ നാലു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍ട്ടി അദ്ധ്യക്ഷന്‍ ഷിബു സോറന്റെ മകള്‍ അഞ്ജലി മയൂര്‍ഭഞ്ജ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് ഷിബു സോറന്റെ മകനും പാര്‍ട്ടി സെന്‍ട്രല്‍ വര്‍ക്കിങ് പ്രസിഡന്റുമായ ഹേമനന്ത് സോറനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
മൂന്നു ഘട്ടങ്ങളിലായി ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയില്‍ ആദ്യ ഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
സംസ്ഥാനത്ത് നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡിയെയും ബി.ജെ.പിയെയുമാണ് കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തിന് നേരിടാനുണ്ടാവുക. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21 ല്‍ 20 സീറ്റും ബി.ജെ.ഡിയ്ക്കാണ് കിട്ടിയത്. ഒരു സീറ്റ് ബി.ജെ.പിയ്ക്കാണ് കിട്ടിയത്. അസംബ്ലി തെരഞ്ഞെടുപ്പില്‍ 117 സീറ്റുകള്‍ ബി.ജെ.ഡി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 16ഉം ബി.ജെ.പിയ്ക്ക് 10 ഉം സീറ്റുകളാണ് ലഭിച്ചത്.
ബി.ജെ.പിയും കോണ്‍ഗ്രസുമായി ഒരേ അകലം പാലിക്കുന്ന ബി.ജെ.ഡി കഴിഞ്ഞ വര്‍ഷം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മൂന്നാം മുന്നണി വാഗ്ദാനവും നിരസിച്ചിരുന്നു. ലോക്‌സഭയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ വോട്ടെടുപ്പിന് മുമ്പ് സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണ് ബി.ജെ.ഡി ചെയതത്.
ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പായി പാര്‍ട്ടി സീറ്റുകളിലേക്ക് ബി.ജെ.ഡി 33 ശതമാനം സ്ത്രീ സംവരണം പ്രഖ്യാപിച്ചിരുന്നു.
