ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് ഹര്‍ദിക് പാണ്ഡ്യ. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ഹര്‍ദിക്, കപില്‍ ദേവിനും യുവരാജ് സിങ്ങിനും ശേഷം ഇന്ത്യക്ക് ലഭിച്ച ഫൈവ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കൂടിയാണ്.
ഐ.പി.എല്‍ 2022യിലും താരത്തിന്റെ ഓള്‍ റൗണ്ട് മികവ് ക്രിക്കറ്റ് ലോകം കണ്ടതാണ്. ഐ.പി.എല്ലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ ഹര്‍ദിക്കിന്റെ ഓള്‍ റൗണ്ട് പ്രകടനം വഹിച്ച പങ്ക് ചെറുതല്ല.
വരാനിരിക്കുന്ന ഏഷ്യാ കപ്പിലും പേസ് നിരയില്‍ നിര്‍ണായക ശക്തിയാവാന്‍ ഹര്‍ദിക്കാനാവും എന്നത് നിസ്സംശയം പറയാന്‍ സാധിക്കുന്ന കാര്യമാണ്.

നേരത്തെ പുറം വേദന കാരണം ഹര്‍ദിക്കിന് ബൗളിങ്ങില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഇക്കാലയളവില്‍ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമാവാനും ഹര്‍ദിക്കിനായിരുന്നില്ല.
എന്നാല്‍, ബൗളിങ്ങിലേക്ക് തിരിച്ചുവന്ന ശേഷം താരം ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണ്. നിര്‍ണായക ഘട്ടങ്ങളില്‍ പോലും ഇന്ത്യക്ക് വിശ്വസിക്കാനാവുന്ന പേസറായിട്ടായിരുന്നു താരത്തിന്റെ വളര്‍ച്ച.
ഇപ്പോള്‍ ഹര്‍ദിക് പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷന്‍ പരീക്ഷിക്കുന്ന വീഡിയോ ആണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ബുംറയെ പോലെ കൈമുട്ട് മടക്കാതെ നെറ്റ്‌സില്‍ പന്തെറിയുന്ന വീഡിയോ ആണ് ഹര്‍ദിക് പങ്കുവെച്ചത്. ഇതോടെ നിരവധി ആരാധകര്‍ പോസ്റ്റിന് താഴെ ഒത്തുകൂടുകയായിരുന്നു.
