പത്തിലും ഗോളടിക്കാതെ റോണോ; നിരാശയില്‍ മുങ്ങി പറങ്കിപ്പടയുടെ നായകന്‍
FIFA World Cup 2026
പത്തിലും ഗോളടിക്കാതെ റോണോ; നിരാശയില്‍ മുങ്ങി പറങ്കിപ്പടയുടെ നായകന്‍
ഫസീഹ പി.സി.
Thursday, 18th June 2026, 1:08 pm

2026 ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിനും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും അത്ര മികച്ച ലഭിച്ചിരിക്കുന്നത്. ഡി.ആര്‍ കോംഗോക്ക് എതിരെയുള്ള മത്സരത്തില്‍ വിജയം കൊതിച്ചെത്തിയ പറങ്കിപ്പടയ്ക്ക് സമനില വഴങ്ങേണ്ടി വന്നു.

പോര്‍ച്ചുഗലും ഡി.ആര്‍. കോംഗോയും ഓരോ ഗോള്‍ വീതമടിച്ച് പിരിയുകയായിരുന്നു. തുടക്കത്തില്‍ തന്നെ ലീഡെടുത്തതിന് ശേഷമാണ് റോണോയുടെ സംഘം സമനില വഴങ്ങിയത്. പോര്‍ച്ചുഗലിനായി ജാവോ നെവസും ഡി.ആര്‍ കോംഗോയ്ക്ക് വേണ്ടി യൊവാന്‍ വിസയുമാണ് ഗോള്‍ നേടിയത്.

ആദ്യ മത്സരത്തിലെ സമനിലക്കൊപ്പം തന്നെ നിരാശ നല്‍കുന്നതാണ് റോണോയുടെ ആദ്യ മത്സരത്തിലെ പ്രകടനം. ആറാം ലോകകപ്പിനിറങ്ങിയ താരം തീര്‍ത്തും നിറം മങ്ങിയിരുന്നു. ആഫ്രിക്കന്‍ ടീമിനെതിരെ മുഴുവന്‍ സമയവും ക്രീസിലുണ്ടായിട്ടും താരത്തിന് പന്തിൽ വെറും 25 ടച്ചുകൾ മാത്രമാണ് നടത്താന്‍ സാധിച്ചത്. വെറും മൂന്ന് ഷോട്ടുകളാണ് താരം ഉതിര്‍ത്തത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: WhoScored/x.com

കൂടാതെ, റോണോയ്ക്ക് ഗോള്‍ സ്‌കോര്‍ ചെയ്യാനും സാധിച്ചിട്ടില്ല. ഇതോടെ പ്രധാന ടൂര്‍ണമെന്റുകളില്‍ ഒരു ഗോള്‍ പോലും നേടാന്‍ സാധിക്കാത്ത താരത്തിന്റെ മത്സരങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നു.

2022 ലോകകപ്പില്‍ റൊണാള്‍ഡോ ഘാനക്കെതിരെ ഒരു ഗോള്‍ നേടിയിരുന്നു. അതിന് ശേഷം താരത്തിന് ലോകകപ്പിലോ യൂറോ കപ്പിലോ ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ ലോകകപ്പില്‍ ഉറുഗ്വേ, സൗത്ത് കൊറിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, മൊറോക്കോ എന്നീ ടീമുകള്‍ക്കെതിരെ ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 2024ല്‍ നടന്ന യൂറോ കപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കളിച്ചെങ്കിലും റോണോ ഗോള്‍ രഹിതനായി തുടര്‍ന്നു. ചെക്ക് റിപ്പബ്ലിക്ക്, തുര്‍ക്കി, ജോര്‍ജിയ, സ്ലോവേനിയ, ഫ്രാന്‍സ് എന്നിവര്‍ എതിരാളികളായി എത്തിയിട്ടും താരത്തിന് വല കുലുക്കാന്‍ സാധിച്ചില്ല. അതോടെ ആദ്യമായി ഗോളില്ലാതെ താരത്തിന് ഒരു പ്രധാന ടൂര്‍ണമെന്റ് അവസാനിപ്പിക്കേണ്ടി വന്നു.

ഇപ്പോള്‍ 2026 ലോകകപ്പിലെ ആദ്യ മത്സരത്തിലും റോണോയ്ക്ക് ഗോള്‍ കണ്ടെത്താനായില്ല. ഇതോടെയാണ് ഗോള്‍ രഹിത മത്സരങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നത്.

എന്നാല്‍, പ്രധാന ടൂര്‍ണമെന്റുകളില്‍ ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ഇതിനിടയില്‍ നടന്ന സൗഹൃദ മത്സരങ്ങളിലും യോഗ്യത മത്സരങ്ങളിലും ഗോള്‍ അധിച്ചിട്ടുണ്ട്. ഒപ്പം 2025 യുവേഫ നേഷന്‍സ് ലീഗിലും മികച്ച പ്രകടനം നടത്തിയിരുന്നു. ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തിയപ്പോള്‍ എട്ട് ഗോളുകള്‍ നേടി താരമായിരുന്നു ടോപ് സ്‌കോറര്‍.

Content Highlight: FIFA World Cup 2026: Cristiano Ronaldo streak extends to ten matches without scoring in major tournaments

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.