[] സാവോ പോളോ: ലോകകപ്പില്‍ ദയനീയ തോല്‍വി ഏറ്റു വാങ്ങിയ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി മുന്‍ ബ്രസീല്‍താരം ദുംഗ സ്ഥാനമേറ്റു. 1994ല്‍ ലോകകപ്പ് സ്വന്തമാക്കിയ മഞ്ഞപ്പടയുടെ നായകനും മുന്‍ കോച്ചുമായിരുന്നു ദുംഗ.

2006 മുതല്‍ 2011 വരെ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ദുംഗയുടെ പരിശീലന മികവിലായിരുന്നു 2007 കോപ അമേരിക്കന്‍ കിരീടവും 2009ലെ കോണ്‍ഫെഡറേഷന്‍ കപ്പും ബ്രസീല്‍ സ്വന്തമാക്കിയത്. 2010-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ്  ക്വാര്‍ട്ടറില്‍ ഹോളണ്ടിനോട് തോറ്റ് ബ്രസീല്‍ പുറത്തായതോടെ ദുംഗയ്ക്ക് പരിശീലക സ്ഥാനം നഷ്ടമാകുകയായിരുന്നു.

ബ്രസീലില്‍ നടന്ന ലോകകപ്പ് സെമിഫൈനലില്‍ ജര്‍മ്മനിയോടും ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനോടും ബ്രസീല്‍ നാണം കെട്ട തോല്‍വി ഏറ്റു വാങ്ങിയതോടെ കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരി സ്ഥാനമൊഴിയുകയായിരുന്നു.