മറിയം ത്രേസ്യ വിശുദ്ധയാക്കപ്പെട്ട സംഭവം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. മറിയം ത്രേസ്യയ്ക്ക് അത്ഭുത ശക്തിയുണ്ടെന്ന് ഒരു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി എന്നതായിരുന്നു ഇതില്‍ വാര്‍ത്താ പ്രാധാന്യം. ഈ സംഭവത്തെ തുടര്‍ന്ന് ഐ.എം.എയ്‌ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഐ.എം.എ പ്രതിനിധി ഡോ. അജിത് ഭാസ്‌കര്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
ഐ.എം.എയുടെ ഔദ്യോഗിക നിലപാട് ഇതുതന്നെയാണോ?
ഈ വിഷയത്തില്‍ ഐ.എം.എയുടെ പ്രതികരണം വന്ന് കഴിഞ്ഞതാണ്. ഐ.എം.എ സ്റ്റേറ്റ് സെക്രട്ടറി ഡോ. സുല്‍ഫി ഇക്കാര്യം വ്യക്തമാക്കിയതുമാണ്. ഇത് വിശുദ്ധമായിട്ടുള്ള ഒരു കാര്യത്തെക്കുറിച്ചുള്ള ഒരു പോസ്റ്റല്ല. കാരണം ഇതിനകത്ത് ഉള്‍പ്പെട്ടിട്ടുള്ളത് ഒരു എം.ബി.ബി.എസ് കഴിഞ്ഞ സ്‌പെഷ്യലിസ്റ്റ് എന്ന നിലയില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ ആണ്. അദ്ദേഹത്തിന്റെ ഒരു പരാമര്‍ശം പത്രത്തില്‍ വന്നു അതിനെക്കുറിച്ചുള്ള ഒരു അന്വേഷണം നടത്തുക മാത്രമാണ്.
ഞാന്‍ ഐ.എം.എ നിയുക്ത സ്റ്റേറ്റ് ജോ. സെക്രട്ടറിയാണ്. ഒരു നെഞ്ചുരോഗ വിദഗ്ധനാണ്, ഇന്റന്‍സീവ് കെയര്‍ കണ്‍സള്‍ട്ടന്റാണ്, വെന്റിലേറ്റര്‍ സ്‌പെഷ്യലിസ്റ്റുമാണ്. ഒരു ഡോക്ടര്‍ അതായത് സയന്റിഫികായി എം.ബി.ബി.എസ് കഴിഞ്ഞ് അതില്‍ സ്‌പെഷ്യലൈസ് ചെയ്ത ഡോക്ടര്‍ ഒരു അത്ഭുതം സംഭവിച്ചു എന്ന് ഒരു മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുകൊണ്ട് പറയാന്‍ പാടില്ല എന്നാണ് ഐ.എം.എ എത്തിക്‌സ്. അവരുടെ വിശ്വാസങ്ങളില്‍ അവര്‍ വിശ്വസിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. പക്ഷെ അത് സാക്ഷ്യപ്പെടുത്തി കൊടുക്കുമ്പോള്‍ അത് മാജിക്കല്‍ ക്യൂര്‍ എന്ന് പറയും. മാജിക്കല്‍ ക്യൂര്‍ ഒരു സയന്റിസ്റ്റായിട്ടുള്ള ഡോക്ടര്‍ സാക്ഷ്യപ്പെടുത്താന്‍ പാടില്ല എന്നൊരു നിയമം നിലനില്‍ക്കുന്നുണ്ട്.
പത്രത്തില്‍ വായിച്ചറിഞ്ഞ ഇഷ്യൂവാണ് നമ്മള്‍ക്കറിയുന്നത്. അതായത് ശ്വാസ തടസവുമായി ഒരു കുട്ടി ആശുപത്രിയിലെത്തുന്നു. വെന്റിലേറ്ററില്‍ ചികിത്സ നിര്‍ബന്ധമായും ആവശ്യമുണ്ടായിരുന്ന ആ കുട്ടി വെന്റിലേറ്റര്‍ ഇല്ലാത്തത് കൊണ്ട് അവിടെ കിടത്തുകയും പ്രാര്‍ത്ഥന നടത്തുകയും അത്ഭുതമെന്ന് പറയട്ടെ ആ കുട്ടി പിറ്റേദിവസത്തേക്ക് സുഖപ്പെട്ടു എന്നുമാണ് പറയുന്നത്.
ഇതില്‍ തന്നെയൊരു കുഴപ്പമെന്താണെന്ന് വെച്ചാല്‍ പല ആശുപത്രികളിലും പല അസുഖങ്ങള്‍ക്കായിട്ട് വരും, ശ്വാസതടസമുണ്ടാകും, ഓക്‌സിജന്‍ കുറയും ഓക്‌സിജന്‍ നമ്മള്‍ കൊടുക്കും ചിലപ്പോള്‍ വെന്റിലേറ്റര്‍ സൗകര്യമില്ലെങ്കില്‍ വെന്റിലേറ്റര്‍ വേണ്ടി വരുന്ന കേസാണെന്ന് പറഞ്ഞാലും ചിലപ്പോള്‍ ഇഞ്ചക്ഷനും മരുന്നും കൊണ്ട് ഒരു 12-24 മണിക്കൂര്‍ കഴിയുമ്പോള്‍ വെന്റിലേറ്ററിന്റെ സഹായം കൂടാതെ തന്നെ കുട്ടികളും മുതിര്‍ന്നവരുമൊക്കെ പല രോഗങ്ങളില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഒരു ഡോക്ടര്‍ വെന്റിലേറ്റര്‍ വേണമെന്ന് പറഞ്ഞതുകൊണ്ട് മാത്രം അത് വെന്റിലേറ്റര്‍ വേണ്ട കേസാണെന്ന് പറയാന്‍ പറ്റില്ല. അതാണ് പോയന്റ് നമ്പര്‍ വണ്‍.
വെന്റിലേറ്റര്‍ നിര്‍ബന്ധമായും വേണ്ടി വന്നിരുന്ന ഒരു രോഗിയെ വെന്റിലേറ്റര്‍ ഇല്ലെങ്കില്‍ എന്തുകൊണ്ട് ആ ആശുപത്രിയില്‍ തന്നെ നിര്‍ത്തി ചികിത്സിച്ചു? ആ കുട്ടിയെ എന്തുകൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞയിച്ചില്ല എന്നൊരു ചോദ്യം വരും. അതാണ് ചോദ്യം നമ്പര്‍ ടു.
അതായത് വെന്റിലേറ്റര്‍ ഇല്ലെങ്കില്‍ നമ്മള്‍ പ്രാര്‍ത്ഥനയിലൂടെ മാറ്റണം എന്ന് പറയുകയാണെങ്കില്‍ അതിന്റെ ഒരു ശാസ്ത്രീയ സംശയം ഉണ്ടാകും. കാരണം എം.ബി.ബി.എസ് കഴിഞ്ഞിട്ടുള്ള ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന ഒരാശുപത്രിയില്‍ ചെല്ലുമ്പോള്‍ അവിടെ മരുന്നും മന്ത്രവും പ്രതീക്ഷിച്ചിട്ടില്ല രോഗികള്‍ ചെല്ലുക. അവിടെ ചെല്ലുമ്പോള്‍ വെന്റിലേറ്റര്‍ വേണ്ടി വന്നിരുന്ന രോഗിയെ അത് നല്‍കാതെ പ്രാര്‍ത്ഥിച്ചു എന്ന് പറയുമ്പോള്‍ നിശ്ചയമായിട്ടും ശാസ്ത്രീയ സമൂഹം തന്നെ അല്‍പ്പം ഉത്കണ്ഠയോടെയാണ് നോക്കി കാണുന്നത്.
അതിനകത്തൊരു വിശദീകരണം ഐ.എം.എ എത്തിക്‌സ് കമ്മിറ്റി എന്തായാലും ആ ഡോക്ടറോട് ചോദിക്കും. അദ്ദേഹം ഒരു ഐ.എം.എ പ്രതിനിധി കൂടിയാണല്ലോ. ഒരു അത്ഭുതം എന്ന് പറഞ്ഞാല്‍ ഉദാഹരണത്തിന് ഒരാളുടെ കൈയോ തലയോ അറ്റ് പോയി. അത് ഒന്നും ചെയ്യാതെ പ്രാര്‍ത്ഥിച്ച് അത് തനിയെ കൂടിച്ചേരുകയാണെങ്കില്‍ നിശ്ചയമായും അത് ലോകത്തിലെ വലിയ ഒരു അത്ഭുതം തന്നെയായിരിക്കും. അങ്ങനത്തെ സംഭവങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല.
ശ്വാസംമുട്ടലുണ്ടായ രോഗിയെ വെന്റിലേറ്ററില്‍ ചികിത്സിക്കാതെ പ്രാര്‍ത്ഥന കൊണ്ട് മാറ്റിയെന്ന് പറഞ്ഞാല്‍ അത് ശുദ്ധ അസംബന്ധം എന്ന് മാത്രമേ പറയാനാകൂ. അത് അങ്ങനെ ഒരു ഡോക്ടര്‍ പറഞ്ഞിട്ടുണ്ടോ എന്നുള്ളത് ഡോക്ടറോട് ചോദിച്ചാല്‍ മാത്രമെ നമുക്ക് പറയാനാകൂ. പക്ഷെ ഇതിന്റെ പേരിലാണ് നമ്മള്‍ സര്‍ട്ടിഫിക്കേഷന്‍ കൊടുക്കുന്നത് എന്ന് പറഞ്ഞാല്‍ അത് ശരിക്കും ഐ.എം.എയ്ക്ക് ചോദ്യം ചെയ്യേണ്ട കാര്യമാണ്. ഇതുകൊണ്ടാണ് ഐ.എം.എയുടെ ഇടപെടല്‍.
അക്യൂട്ട് റെസ്പിറേറ്ററി ഫെയ്‌ലിയര്‍ എന്ന രോഗമാണ് മാറിയെന്ന് അവകാശപ്പെടുന്നത്. നെഞ്ചുരോഗ വിദഗ്ധന്‍ എന്ന നിലയില്‍ ഈ രോഗത്തെക്കുറിച്ച് ഒന്നുപറയാമോ?
ശരീരത്തില്‍ ഓക്‌സിജന്‍ കുറയുന്ന അവസ്ഥയെയാണ് അക്യൂട്ട് റെസ്പിറേറ്ററി ഫെയ്‌ലിയര്‍ എന്ന് പറയുന്നത്. കുഞ്ഞ് ജനിച്ചുകഴിയുമ്പോള്‍ ഇപ്പോള്‍ മര്‍ദ കുടിക്കുമെന്ന് പറയും. അതായത് മിക്കോണിക് ആസ്പിറേഷന്‍ വന്ന് കഴിഞ്ഞാലും ശ്വാസതടസം ഉണ്ടാകാം, ഓക്‌സിജന്‍ കുറയാം. പിന്നെ വേറെ പല കണ്ടീഷന്‍സ് ഉണ്ട്. അക്യൂട്ട് ഡാ്ക്മീയ ഓഫ് ന്യൂ ബോണ്‍- അത് വന്ന് കഴിഞ്ഞാല്‍ സാധാരണ ചികിത്സ കൊണ്ടുതന്നെ വെന്റിലേറ്റര്‍ ഇല്ലാതെ തന്നെ മാറും. പിന്നെ ചിലപ്പോള്‍ ന്യൂമോണിയ വരാം.
ഇതില്‍ എല്ലാത്തിനും വെന്റിലേറ്റര്‍ വേണമെന്നില്ല. ഓക്‌സിജന്‍ കൊടുത്തു കഴിഞ്ഞാല്‍ ഓക്‌സിജന്‍ കൊടുത്തിട്ട് ഇംപ്രൂവ്‌മെന്റ് ഇല്ലെങ്കില്‍ വെന്റിലേറ്റര്‍ വേണ്ടി വന്നേക്കാം.
ഏകദേശം 25 കൊല്ലങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ പീഡിയാട്രിക്‌സ് വിഭാഗത്തില്‍ അധികം വെന്റിലേറ്റര്‍ ഒന്നുമില്ല. അവിടേയും ഇതും ഇതിലധികവും രോഗികള്‍ അതായത് കുഞ്ഞുരോഗികള്‍ റെസ്പിറേറ്ററി ഫെയ്‌ലിറായി വന്നിട്ടുണ്ട്. അവരെയൊക്കെ വെന്റിലേറ്ററില്ലാതെയാണ് ചികിത്സിച്ചിട്ടുള്ളത്. അവരില്‍ ഭൂരിഭാഗവും പേരും രക്ഷപ്പെട്ടിട്ടുണ്ട്. അതൊക്കെ ഒരു മുട്ടുകുത്തി പ്രാര്‍ത്ഥനയുടെ പേരിലാണെന്ന് അവകാശപ്പെടാന്‍ തുടങ്ങിയാല്‍ നമുക്കത് വിശ്വസിക്കാന്‍ പറ്റില്ല.
ഈയൊരു സന്ദര്‍ഭത്തില്‍ അത് മിറാക്കിള്‍ ആണെന്ന് അല്ലെങ്കില്‍ അത്ഭുതമാണെന്ന് ഒരു ഡോക്ടര്‍ തന്നെ സാക്ഷ്യപ്പെടുത്തി കൊടുത്താല്‍ അത് നിശ്ചയമായും നമുക്ക് മുഖവിലയ്‌ക്കെടുക്കാന്‍ പറ്റില്ല. അത്ഭുതം സംഭവിക്കുകയാങ്കെില്‍ ഒരു കൈ രണ്ട് കഷണമായി മുറിഞ്ഞു അത് താനെ കൂടിച്ചേരുകയാണെങ്കില്‍ അതിനെ നമുക്ക് അങ്ങനെ കാണാം. അങ്ങനെയുള്ള ഒരു സംഭവവും ഇവിടെ നടന്നിട്ടില്ല. കൂടുതല്‍ വിശദീകരണം ഡോക്ടറോട് ചോദിച്ചാല്‍ നമുക്ക് മനസിലാകും.
അതിന് വ്യക്തമായ മറുപടി തരാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. മാത്രമല്ല ഇനിയും മുന്നോട്ടുപോകുമ്പോള്‍ മറ്റുള്ള ഡോക്ടര്‍മാര്‍ ഇതുപോലെ അത്ഭുതങ്ങള്‍ ഉണ്ടായി എന്ന് പറഞ്ഞുകഴിഞ്ഞാല്‍ ശാസ്ത്രീയമായി ചികിത്സ തേടി വരുന്ന രോഗികള്‍ക്ക് ഒരു സംശയം നിലനില്‍ക്കും. കാരണം ഇവിടെ പോയിക്കഴിഞ്ഞാല്‍ ശാസ്ത്രീയമായ ചികിത്സ ലഭിക്കുമോ അതോ പ്രാര്‍ത്ഥനയായിരിക്കുമോ എന്ന സംശയമായിരിക്കുമുണ്ടാകുക. ഇതാണ് ഐ.എം.എ ഇടപെടാന്‍ കാരണം.
ഒരു ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലാണ് ഇപ്പോള്‍ ഐ.എം.എയെക്കൊണ്ട് ഇടപെടല്‍ നടത്തിച്ചത്. എന്നാല്‍ ഇതിന് മുന്‍പും സമാനമായ അത്ഭുതപ്രവൃത്തി അവകാശവാദങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ആ സമയങ്ങളില്‍ ഐ.എം.എ ഇടപെട്ടിട്ടുണ്ടോ?
തീര്‍ച്ചയായും. ഈ വിഷയത്തില്‍ അല്‍പ്പം ഒരു ബാലിശമായിട്ടുള്ള ഒരു സ്റ്റേറ്റ്‌മെന്റാണ് നമ്മള്‍ പത്രത്തിലൊക്കെ കണ്ടത്. ശ്വാസംമുട്ടലുണ്ടായി വെന്റിലേറ്റര്‍ വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. പ്രാര്‍ത്ഥനയോട് കൂടി അത് മാറി എന്ന് പറയുമ്പോള്‍ അല്ലെങ്കില്‍ ഒരു ദിവ്യ ഇടപെടല്‍ മൂലമാണെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചിലപ്പോള്‍ ആ ഡോക്ടറുടെ വിശ്വാസത്തിന്റെ ഭാഗമായിരിക്കാം. അത് അദ്ദേഹത്തിന് വിശ്വസിക്കുന്നതുകൊണ്ട് നമുക്കൊരു വിരോധവുമില്ല. പക്ഷെ അത് സര്‍ട്ടിഫൈ ചെയ്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഐ.എം.എയുടെ എത്തിക്‌സിനെതിരാണ്.
അതാണ് ഇതിന്റെ പ്രശ്‌നം. ക്വാളിൈഫഡ് ആയിട്ടുള്ള ഒരു ഡോക്ടര്‍ ഇങ്ങനെ പറയാന്‍ സാധ്യതയില്ല. ചിലപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസമായിരിക്കാം അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.
പ്രധാനമായും അത്ഭുത പ്രവൃത്തി അവകാശവാദങ്ങള്‍ വരുന്നത് കേരളത്തിന് ഏറ്റവുമധികം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കിയിട്ടുള്ള ഒരു വിഭാഗത്തില്‍ നിന്നാണ്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
അങ്ങനെ മതപരമായിട്ടുള്ള കാര്യങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. കാരണം മതം, വിശ്വാസം അത് ഓരോരുത്തരുടെ അവകാശമാണ്. പക്ഷെ ഇത് നടന്നത് ഇങ്ങനെയുള്ള ഒരു ആശുപത്രിയിലായതുകൊണ്ട് അതുവെച്ചിട്ട് ഒരു ഡോക്ടറൊക്കൊണ്ട് സര്‍ട്ടിഫൈ ചെയ്തത് കൊണ്ടുമാണ് ഐ.എം.എ സെക്രട്ടറിയുടെ പ്രതികരണം വന്നത്.
കാരണം അതിന്റെ അടിസ്ഥാനത്തിലാണല്ലോ ഒരാളെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതും അതും ഒരു ഡോക്ടറുടെ അടിക്കുറിപ്പോടുകൂടി. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കണം.
മതപരമായ ചില ആചാരങ്ങളെക്കുറിച്ചും നൂഹ് തന്റെ കുറിപ്പില്‍ പറയുന്നുണ്ട്. അതിനെക്കുറിച്ച്.?
അതിനെക്കുറിച്ച് പറയാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. കാരണം ഇന്‍ഫക്ഷന്‍ കണ്‍ട്രോളിനായിട്ട് ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ട്. കാരണം അതൊരു സര്‍ജിക്കല്‍ പ്രോസസാണ്. ചേലകര്‍മ്മം എന്ന് പറയുന്നത് ഒരു മതപരമായിട്ടുള്ള ചടങ്ങാണ്. ചില ഇന്‍ഫക്ഷന്‍സെല്ലാം വന്നതുകൊണ്ട് ഹെല്‍ത്ത് കമ്മിറ്റിയൊക്കെ ഇടപെട്ട് ചിലപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയേക്കാം. അക്കാര്യത്തിലേക്കൊക്കെ ഇപ്പോള്‍ ചര്‍ച്ച പോകേണ്ട കാര്യമില്ല.
ഒരു വശത്ത് ഇക്കാര്യം നടക്കുമ്പോള്‍ മറുവശത്ത് മോഹനന്‍ വൈദ്യര്‍ അടക്കമുള്ള വ്യാജ ചികിത്സകരുടെ എണ്ണവും പെരുകുന്നുണ്ട്. അതില്‍ എങ്ങനെയാണ് ഇടപെടുന്നത്.?
ഐ.എം.എ ഓപ്പറേഷന്‍ മാജിക് ഹണ്ട് എന്ന് പറഞ്ഞിട്ടുള്ള ഒരു പദ്ധതി ഏകദേശം രണ്ട് കൊല്ലമായിട്ട് നടത്തിയിരുന്നു. എവിടെ വ്യാജചികിത്സകരുണ്ടോ അവരെക്കുറിച്ച് ഐ.എം.എയുടെ മെയിലിലേക്ക് അയച്ചു കഴിഞ്ഞാല്‍ ഐ.എം.എയും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും അതിനുള്ള നടപടി സ്വീകരിക്കും.
