supreme-court-01ന്യൂദല്‍ഹി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിലാണ് കോടതിയുടെ വിധി.

സി.ബി.ഐ അന്വേഷണം വേണമെന്നുള്ള ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന പോലീസ് കേസില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.

കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ അറിവോടെയാണ് കൊണ്ടുവന്നത് എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും കോടതി നിരീക്ഷിച്ചു.

കേരളത്തിലേക്ക് വ്യാപകമായി കുട്ടികളെ കടത്തുന്നുണ്ടെന്നും വലിയ റാക്കറ്റാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും കുട്ടികളുടെ പേരില്‍ വിദേശഫണ്ട് തട്ടുന്നുണ്ടെന്നുമാണ് അമിക്കസ്‌ക്യൂറിയായ അപര്‍ണ ഭട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും കുട്ടികളെ കടത്തിയിരുന്നത്. അവിടുത്തെ ജനങ്ങളുടെ സാമൂഹിക സമ്പത്തിക സാഹചര്യം ഇടനിലക്കാര്‍ മുതലെടുക്കുന്നതിലൂടെയാണ് കുട്ടികള്‍ കേരളത്തിലേക്ക് എത്തുന്നതെന്നും ഇതിലൂടെ ഇടനിലക്കാര്‍ പണം കൊയ്യുകയാണെന്നും അപര്‍ണ ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും താമസസ്ഥലവും ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ് മിക്ക അച്ഛനമ്മമാരും കുട്ടികളെ കേരളത്തിലേക്ക് അയക്കുന്നത് എ്ന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.