ഫുട്ബോളില്‍ പുത്തന്‍ നാഴികക്കല്ല് സ്വന്തമാക്കി അത്ലെറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണി. പരിശീലകനെന്ന നിലയില്‍ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സിമിയോണി ചരിത്രം സൃഷ്ടിച്ചത്. ലാ ലീഗയില്‍ വലന്‍സിയക്കെതിരെയുള്ള മത്സരത്തിലാണ് സിമിയോണി ഈ നേട്ടം കൈവരിച്ചത്.
ഫുട്ബോളില്‍ ഈ നേട്ടത്തിലെത്തുന്ന അപൂര്‍വം ചില പരിശീലകരില്‍ ഒരാളാണ് സിമിയോണി. സര്‍ അലക്സ് ഫെര്‍ഗൂസന്‍, ആഴ്സീൻ വെംഗര്‍, ഡാരിയോ ഗ്രാഡി, പെപ് ഗ്വാര്‍ഡിയോള തുടങ്ങിയ ഇതിഹാസ പരിശീലകനാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
അത്ലെറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് സിമിയോണി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ളത്. 794 മത്സരങ്ങളിലാണ് സ്പാനിഷ് ക്ലബ്ബിന് വേണ്ടി സിമിയോണി പരിശീലക കുപ്പായമണിഞ്ഞത്.
എസ്റ്റുഡിയന്റസിനൊപ്പം 61 മത്സരങ്ങളിലും സാന്‍ ലോറന്‍സോക്ക് വേണ്ടി 47 മത്സരങ്ങളിലും റിവര്‍ പ്ലേറ്റിനായി 45 മത്സരങ്ങളിലും സിമിയോണി പരിശീലകനായി പ്രവര്‍ത്തിച്ചു. റേസിങ് ക്ലബ്ബിന്റെ കോച്ചായി 34 മത്സരങ്ങളിലും കറ്റാണിയക്കായി 18 മത്സരങ്ങളിലും സിമിയോണി കോച്ചായി കളത്തിലിറങ്ങി.
പരിശീലകനായി ഇതുവരെ 1000 മത്സരങ്ങളില്‍ നിന്നും 562 വിജയങ്ങള്‍ സ്വന്തമാക്കാന്‍ സിമിയോണിക്ക് സാധിച്ചിട്ടുണ്ട്. 225 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ 212 മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. 63.76 ശതമാനമാണ് സിമിയോണിയുടെ വിജയ ശതമാനം.
പരിശീലകനായി പുതിയ നാഴികക്കല്ല് പിന്നിട്ട മത്സരത്തില്‍ വിജയം സ്വന്തമാക്കാനും സിമിയോണിക്ക് സാധിച്ചു. വലന്‍സിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അത്ലെറ്റിക്കോ മാഡ്രിഡ് കീഴടക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ ഐക്കര്‍ ലൂക്ക് സിയറയും മിഗ്വേല്‍ ലോറന്റുമാണ് അത്ലെറ്റിക്കോക്ക് വേണ്ടി ലക്ഷ്യം കണ്ടത്.
നിലവില്‍ സ്പാനിഷ് ലീഗില്‍ നാലാം സ്ഥാനത്താണ് സിമിയോണിയുടെ ടീം. 34 മത്സരങ്ങളില്‍ നിന്നും 19 വിജയവും ആറ് സമനിലയും ഒമ്പത് തോല്‍വിയുമടക്കം 63 പോയിന്റാണ് അത്ലെറ്റിക്കോക്കുള്ളത്.
അതേസമയം യുവേഫ ചാമ്പ്യന്‍സ് ലീഗിലും മികച്ച മുന്നേറ്റമാണ് സിമിയോണിയുടെ കീഴില്‍ അത്ലെറ്റിക്കോ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ യു.സി.എല്ലില്‍ സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് അത്ലെറ്റിക്കോ മാഡ്രിഡ്.
സെമിയില്‍ ആഴ്സനലിനെതിരെ ആദ്യ പാദത്തില്‍ സമനിലയില്‍ കുടുങ്ങുകയായിരുന്നു അത്ലെറ്റിക്കോ മാഡ്രിഡ്. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് തുല്യത പാലിച്ചത്. സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം മെയ് ആറിനാണ് നടക്കുന്നത്. ഗണ്ണേഴ്സിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
മറ്റൊരു സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ 5-4ന്റെ തകര്‍പ്പന്‍ വിജയവും സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിന്റെ രണ്ടാം പാദം മെയ് ഏഴിന് ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ നടക്കും.
മെയ് 30നാണ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടം. ഹംഗറിയിലെ പുസ്‌കസ് അരീനയാണ് വേദി.
Content Highlight: Diego Simeone Completed 1000 Matches his managerial carrier