എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹമാണ് ഏറ്റവും മികച്ച താരം: ഡി ജോങ്
Football
എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹമാണ് ഏറ്റവും മികച്ച താരം: ഡി ജോങ്
സുദേവ് എ
Wednesday, 26th August 2026, 2:45 pm

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്നുള്ള ചർച്ചകൾ അന്ത്യമില്ലാതെ തുടരുകയാണ്. ഒരു വിഭാഗം ആളുകൾ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മികച്ച താരമായി വാഴ്ത്തുമ്പോൾ മറ്റൊരു വിഭാഗം ആളുകൾ അർജന്റൈൻ നായകൻ ലയണൽ മെസിയെയും മികച്ച താരമായി തെരഞ്ഞെടുക്കും.

ഇരുവരിലും ആരാണ് ഏറ്റവും മികച്ച താരം എന്നതിനെക്കുറിച്ച് ബാഴ്‌സലോണയുടെ ഡച്ച് മിഡ്ഫീൽഡർ ഫ്രാങ്കി ഡി ജോങ് തന്റെ അഭിപ്രായവും രേഖപ്പെടുത്തിയിരുന്നു. റൊണാൾഡോയെ മറികടന്നുകൊണ്ട് മെസിയെയായിരുന്നു ഡി ജോങ് ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്.

മെസി ഏറ്റവും മികച്ച താരമാണെന്നും പ്രതിഭയുടെ കാര്യത്തിൽ മെസിയുടെ അടുത്തെത്താൻ മറ്റൊരു താരത്തിനും സാധിക്കില്ലെന്നുമാണ് ഡി ജോങ് പറഞ്ഞത്. ബാഴ്‌സ യൂണിവേഴ്‌സലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഡി ജോങ് അർജന്റൈൻ ഇതിഹാസത്തെ കുറിച്ച് സംസാരിച്ചത്.

‘അവൻ എപ്പൊഴും എന്റെ പ്രിയപ്പെട്ട താരമാണ്. കുട്ടിക്കാലത്ത് ഞാൻ മെസിയുടെ എല്ലാ മത്സരങ്ങളും കണ്ടിരുന്നു. കാരണം അവൻ മികച്ചവനാണ്. അതിൽ എനിക്ക് സംശയമില്ല. എന്നെ സംബന്ധിച്ചിടത്തോളം മെസിയുടെ നിലവാരത്തിലേക്ക് മറ്റൊരു താരവും എത്തുന്നത് ഞാൻ ഒരിക്കലും കാണില്ല’, ഡി ജോങ് പറഞ്ഞു.

സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയിൽ ഒരു അവിസ്മരണീയമായ ഫുട്‌ബോൾ കരിയർ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്ന് വേണ്ടിയും പന്തുതട്ടി. നിലവിൽ മെസി മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. ബാഴ്‌സയിൽ കളിച്ചാണ് മെസി ഒരു ഇതിഹാസമായി മാറിയത്.

ബാഴ്‌സലോണക്കായി നീണ്ട 17 വർഷക്കാലത്തെ ഫുട്‌ബോൾ യാത്രയാണ് മെസി നടത്തിയത്. ബാഴ്‌സലോണക്കായി 778 മത്സരങ്ങളിൽ ബൂട്ട്‌കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കറ്റാലൻമാർക്കൊപ്പം നീണ്ട വർഷത്തെ ഫുട്‌ബോൾ ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാൻ മെസിക്ക് സാധിച്ചിട്ടുണ്ട്. 10 ലാ ലിഗ, നാല് ചാമ്പ്യൻസ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികൾ മെസി ബാഴ്‌സയിൽ പന്തുതട്ടി നേടിയിട്ടുണ്ട്.

 

Content Highlight: De Jong talks about Argentina legend Lionel Messi

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.