2000ത്തോളം പേരെ ഓഡിഷൻ ചെയ്ത ശേഷമാണ് ഫർസാനയെ സെലക്ട് ചെയ്തത് : ചിദംബരം
Malayalam Cinema
2000ത്തോളം പേരെ ഓഡിഷൻ ചെയ്ത ശേഷമാണ് ഫർസാനയെ സെലക്ട് ചെയ്തത് : ചിദംബരം
കെ.എസ് ഷാബിന
Monday, 15th June 2026, 8:58 am

‘മഞ്ഞുമ്മൽ ബോയ്‌സ്‌’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദി ബോയ്’. ‘ആവേശം’ എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന ഈ സിനിമ, ഇതിനോടകം തന്നെ കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ പ്രദർശിപ്പിച്ചു കയ്യടി നേടിക്കഴിഞ്ഞു.

ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ട്രെയ്‌ലറിലെ അമ്മയുടെയും കുട്ടിയുടെയും പ്രകടനം ഇതിനകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രത്യേകിച്ച്, പുതുമുഖമായ നായികയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

ഇപ്പോൾ ചിത്രത്തിലെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഫർസാന എന്ന നടിയിലേക്ക് എത്തിയതെങ്ങനെയെന്നും അതിന്റെ ഓഡിഷൻ അനുഭവങ്ങളും പങ്കുവെക്കുകയാണ് സംവിധായകൻ ചിദംബരം. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലൻ ദി ബോയ്.Photo:Screengrab/Youtube

പ്രെഡിക്റ്റബിലിറ്റി ഒഴിവാക്കാൻ തങ്ങൾക്ക് ഒരു പുതുമുഖത്തെ വേണമായിരുന്നു എന്നും, അതിനായി 2000ത്തോളം പേരെ ഓഡിഷൻ ചെയ്ത ശേഷമാണ് ഫർസാനയെ സെലക്ട് ചെയ്തത് എന്നും ചിദംബരം പറഞ്ഞു. കഴിവുറ്റ നിരവധി അഭിനേതാക്കൾ ഇവിടെ ഉണ്ടെന്നും വലിയ താരങ്ങളോട് പോലും സങ്കടത്തോടെ ‘നോ’ പറയേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഫർസാനയെ കിട്ടിയത് ഒരു ഭാഗ്യമാണ്. കാരണം, ഞങ്ങൾ ഒരുപാട് പേരെ ഓഡിഷൻ ചെയ്തിരുന്നു. ഒരു പുതുമുഖത്തെയായിരുന്നു ഞങ്ങൾക്ക് ആവശ്യമുണ്ടായിരുന്നത്. എന്നാൽ അത് കണ്ടെത്തുന്നത് അത്ര എളുപ്പമായിരുന്നില്ല. ഗണപതിയായിരുന്നു കാസ്റ്റിങ് കൈകാര്യം ചെയ്തത്. ദിവസവും ഒട്ടനവധി പേരെ ഞങ്ങൾ ഒഴിവാക്കേണ്ടി വന്നിരുന്നു. ഏകദേശം രണ്ടായിരത്തിനടുത്ത് ആളുകളെ ഓഡിഷൻ ചെയ്ത ശേഷമാണ് ഫർസാനയെ തെരഞ്ഞെടുത്തത്.

ബാലൻ ദി ബോയ്.Photo:Screengrab/Youtube

കേരളത്തിൽ കഴിവുറ്റ ഒരുപാട് സ്ത്രീ അഭിനേതാക്കളുണ്ട്. നമുക്ക് അതിനായി അധികം അന്വേഷിക്കേണ്ടി വരില്ല. എങ്കിലും അവരുടെയൊക്കെ അഭിനയശൈലിയും അവർ എവിടെ എങ്ങനെ റിയാക്റ്റ് ചെയ്യും എന്നതും പ്രേക്ഷകർക്ക് മുൻകൂട്ടി ഊഹിക്കാൻ കഴിയും. ആ പതിവ് രീതികളെ ബ്രേക്ക് ചെയ്യാൻ വേണ്ടിയാണ് ഒരു പുതിയ മുഖം തേടാൻ ഞാൻ തീരുമാനിച്ചത്. കാരണം ഈ സിനിമയുടെ ലോകം തന്നെ തികച്ചും വ്യത്യസ്തമാണ്.

അങ്ങനെയിരിക്കെയാണ് ഞാൻ ഫർസാനയുടെ ഓഡിഷൻ ക്ലിപ്പ് കാണുന്നത്. ആ സമയത്ത്, കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിക്കാൻ ആദിശേഷനെ ഞങ്ങൾ കാസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഫർസാനയെ കണ്ടപ്പോൾ അവർ തമ്മിൽ നല്ല സാമ്യമുള്ളതായി തോന്നി; പ്രത്യേകിച്ച് അവരുടെ കണ്ണുകൾ ഒരേപോലെയായിരുന്നു. അതുതന്നെയാണ് ഫർസാനയെ ഉറപ്പിക്കാൻ പ്രധാന കാരണമായതും.’ ചിദംബരം പറയുന്നു.

‘മഞ്ഞുമ്മൽ ബോയ്‌സിൻ്റെ’ അണിയറപ്രവർത്തകർ തന്നെയാണ് ‘ബാലൻ’ സിനിമയ്ക്ക് പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. ടൊവിനൊ തോമസിൻ്റെ അതിഥിവേഷവും ചിത്രത്തിൻ്റെ പ്രതീക്ഷ ഉയർത്തുന്നു. സുഷിൻ ശ്യാം സംഗീതസംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഈ മാസം 19-ന് തിയേറ്ററുകളിലെത്തും.

Content Highlight: Chidambaram Talks about Balan movie actress Farsana

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.