അവന്റെ സാന്നിധ്യം രോഹിത്തിന് സമ്മര്‍ദമുണ്ടാക്കുന്നു; അഭിപ്രായവുമായി പൂജാര
Cricket
അവന്റെ സാന്നിധ്യം രോഹിത്തിന് സമ്മര്‍ദമുണ്ടാക്കുന്നു; അഭിപ്രായവുമായി പൂജാര
ശ്രീരാഗ് പാറക്കല്‍
Monday, 22nd June 2026, 8:20 am

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിന മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ചെന്നൈയില്‍ നടന്ന അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ കാഴ്ചവെച്ചത്. സെഞ്ച്വറി നേടിയായിരുന്നു താരം തിളങ്ങിയത്.

ഇപ്പോള്‍ ജെയ്‌സ്വാളിനെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ചെതേശ്വര്‍ പൂജാര. മത്സരത്തില്‍ ജെയ്‌സ്വാള്‍ പ്രതീക്ഷയ്‌ക്കൊത്ത് കളിച്ചെന്നും ക്രീസില്‍ ഉറച്ച് നിന്നാല്‍ താരം മിന്നും പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല രോഹിത് ശര്‍മയെയും യശസ്വി ജെയ്‌സ്വാളിനെയും നേരിട്ട് താരതമ്യം ചെയ്യാനാവില്ലെന്നും പക്ഷെ യശസ്വിയുടെ സാന്നിധ്യം രോഹിത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും പൂജാര ചൂണ്ടിക്കാട്ടി.

‘മത്സരത്തില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. അതിനാല്‍ തന്നെ അദ്ദേഹം മികച്ച സ്‌കോര്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. മാനേജ്‌മെന്റ് തന്റെ മേല്‍ അര്‍പ്പിച്ച വിശ്വാസം ശരിവയ്ക്കുന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. കഴിഞ്ഞ മത്സരവുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഷോട്ടുകളിലും സമീപനത്തിലും പുരോഗതി കാണാനായി. ക്രീസില്‍ ഉറച്ചുനിന്നാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് മറ്റൊരു തലത്തിലേക്ക് ഉയരും.

രോഹിത് ശര്‍മയെയും യശസ്വി ജെയ്‌സ്വാളിനെയും നേരിട്ട് താരതമ്യം ചെയ്യാനാവില്ല. കാരണം രോഹിത്തും ഇന്നത്തെ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. എന്നിരുന്നാലും, ഏതൊരു സീനിയര്‍ താരത്തിനും മത്സരസമ്മര്‍ദം ഉണ്ടാകാറുണ്ട്. യശസ്വിയുടെ സാന്നിധ്യം രോഹിത്തിന് സമ്മര്‍ദമുണ്ടാക്കുന്നു.

എന്നാല്‍ അത് ഇന്ത്യന്‍ ടീമിന് ഗുണകരമാണ്. രോഹിത്തും വിരാട് കോഹ്‌ലിയും അസാധാരണ താരങ്ങളാണ്. അവരെ ഒരു യുവതാരവുമായി താരതമ്യം ചെയ്യാനാകില്ല. പക്ഷേ ഭാവിയെ മുന്‍നിര്‍ത്തി പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കുന്ന ഘട്ടത്തിലാണ് ഇന്ത്യന്‍ ടീം,’ ജിയോ ഹോട്‌സ്റ്റാറില്‍ നടന്ന ചര്‍ച്ചയില്‍ പൂജാര പറഞ്ഞു.

അതേസമയം, മത്സരത്തില്‍ യശസ്വി ജെയ്സ്വാള്‍ 86 പന്തില്‍ പുറത്താവാതെ 110 റണ്‍സാണ് നേടിയത്. മത്സരത്തില്‍ രോഹിത് ശര്‍മയും മിന്നും പ്രകടനമാണ് നടത്തിയത്. 69 പന്തില്‍ രോഹിത് 79 റണ്‍സെടുത്തിരുന്നു. മൂന്ന് സിക്‌സറുകളും ഒമ്പത് ഫോറുകളും അടക്കമാണ് താരത്തിന്റെ ഇന്നിങ്സ്.

Content Highlight: Cheteshwar Pujara Talking About Yashasvi Jaiswal And Rohit Sharma

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ