ബംഗ്‌ളൂരു: വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ബി.എസ് യെദ്യൂരപ്പ. അര്‍ധരാത്രി വരെ സഭയില്‍ തുടരാന്‍ തയ്യാറാണെന്നും യെദ്യൂരപ്പ നിയമസഭയില്‍ പറഞ്ഞു.

‘കോണ്‍ഗ്രസ്-ജെഡിഎസും സംസാരിക്കുമ്പോള്‍ ഞങ്ങള്‍ പ്രതിഷേധിച്ചിരുന്നില്ല. സിദ്ധരാമയ്യയും മുഖ്യമന്ത്രിയും നിങ്ങളും (സ്പീക്കര്‍) തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താം എന്ന് വാഗ്ദാനം ചെയ്തു. അര്‍ധരാത്രി വരെ സഭയില്‍ തുടരാന്‍ തയ്യാറാണ്. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണ’മെന്നും യെദ്യൂരപ്പ പറഞ്ഞു.

പുലര്‍ച്ചെ വരെ സഭയില്‍ ഇരിക്കാന്‍ തയ്യാറാണെന്ന് സ്പീക്കര്‍ കെ.ആര്‍ രമേശ്കുമാറും വ്യക്തമാക്കി.

അതേസമയം വിശ്വാസവോട്ടെടുപ്പ് നാളത്തെ സുപ്രീം കോടതി തീരുമാനം വരുന്നത് വരെ മാറ്റിവെക്കണമെന്നാണ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ആവശ്യം. ബുധനാഴ്ച വരെ വിശ്വാസ പ്രമേയ ചര്‍ച്ച നടത്തണമെന്ന് കുമാരസ്വാമി സ്പീക്കറോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നെങ്കിലും സ്പീക്കര്‍ അത് സ്വീകരിച്ചില്ല.

കുമാരസ്വാമിക്കു പുറമേ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറും വോട്ടെടുപ്പ് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാ അംഗങ്ങള്‍ക്കും അവസരം നല്‍കി, ചര്‍ച്ച പൂര്‍ത്തിയായ ശേഷം മതി വോട്ടെടുപ്പ് എന്നും സര്‍ക്കാരിന് ഒരു തിടുക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.