ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം ചെയ്തതിന്റെ പേരില്‍ 21 കര്‍ഷകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഗുജ്‌റാത്ത് പൊലീസ്. നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17നായിരുന്നു കര്‍ഷകര്‍ കോലം കത്തിച്ച് സമരം ചെയ്തത്.

മോഹി ജില്ലയിലെ ജെറ്റ്പാറില്‍ അദാനി സൊല്യൂഷ്യന്‍സ് ലിമിറ്റഡിന്റെ ഹൈ ടെന്‍ഷന്‍ വൈദ്യൂതി ട്രാന്‍സ്മിഷന്‍ ലൈനുകള്‍ സ്ഥാപിക്കുന്നതിന് എതിരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.

മാസങ്ങളായി കര്‍ഷകര്‍ ഇവിടെ സമരം ചെയ്യുന്നുണ്ട്. ഗതാഗതം തടസപ്പെടുത്തി, ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടു, നിയമവിരുദ്ധമായി കൂട്ടം കൂടി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മോര്‍ബി ഇന്‍സ്‌പെക്ടര്‍ നിലേഷ് ഘേടിയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തത്.

രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശില്‍ പ്രതിഷേധിച്ച 15 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജിന്‍ജാന പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദര്‍ഗാപൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. രാജ്യത്തെ തൊഴിലില്ലായ്മ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചതിനാണ് കേസ്.

ഭാരതീയ സമാജ് രക്ഷക് യുവ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ പ്രിന്‍സ് കോരി, തിരിച്ചറിയാനാകാത്ത 11 പേര്‍ എന്നിവരുള്‍പ്പെടെ ആകെ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷാംലി ജില്ലാ ബി.ജെ.പി അധ്യക്ഷന്‍ സത്യേന്ദ്ര തോമര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐ.പി.സി 147 (കലാപമുണ്ടാക്കല്‍), 188 (പൊതുസേവകന്റെ നിയമാനുസൃത ഉത്തരവ് ലംഘിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Content Highlight: Protest involving the burning of an effigy on Modi’s birthday; Gujarat Police register cases against 21 farmers.