കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ രെജിനഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വതന്ത്ര സ്ഥാനാര്‍ഥി സൈഫുല്‍ ഇസ്‌ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട അഞ്ച് വര്‍ഷം പഴക്കമുള്ള കേസിലാണ് നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 19നാണ് ബെര്‍ഹാംപൂര്‍ പൊലീസ് സൈഫുലിനെ അറസ്റ്റ് ചെയ്തത്.
ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടയാളാണ് സൈഫുല്‍. ഒക്ടോബര്‍ ആറിന് നടക്കാനിരിക്കുന്ന രെജിനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.
എ.ജെ.യു.പിയുടെ സ്ഥാനാര്‍ഥിയായി ഹുമയൂണ്‍ കബീറിന്റെ മകന്‍ ഗോലാം നബി ആസാദിനെ രംഗത്തിറക്കിയതായും റിപ്പോര്‍ട്ടുണ്ട്.
കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പഴയ കേസില്‍ സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതോടെ പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ക്കെതിരായ പഴയ കേസുകളില്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 18ന് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാനെ 2007ലെ ഭൂമിയേറ്റെടുക്കല്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട പഴയ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതി അദ്ദേഹത്തെ ഒക്ടോബര്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും റിപ്പോര്‍ട്ടുണ്ട്.
മിലന്‍ പ്രധാന്റെ അറസ്റ്റിന് പിന്നാലെയാണ് രെജിനഗറിലും സ്ഥാനാര്‍ഥി അറസ്റ്റിലാകുന്നത്. നന്ദിഗ്രാം സ്ഥാനാര്‍ഥിയുടെ അറസ്റ്റിന്റെ സമയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
Content Highlights: Another arrest in Bengal ahead of the by-election.
