ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിച്ച ദീപം തെളിയിക്കലിനെ വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ശനിയാഴ്ച ഇന്‍ഡോറില്‍ നടന്ന ‘ഛാത്രോണ്‍ കി ഗൂഞ്ച്’ എന്ന പരിപാടിയില്‍ ഒരു വിദ്യാര്‍ഥിനിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥിനികള്‍ക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഹോസ്റ്റല്‍ സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും അതേസമയം ദീപം തെളിക്കല്‍ പോലുള്ള പരിപാടികള്‍ക്കായി പണം ചെലവഴിക്കുന്നുമെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
‘ ദീപങ്ങള്‍ തെളിയിക്കാന്‍ സര്‍ക്കാരിന്റെ കൈവശം പണമുണ്ട്. പിന്നെ എന്തുകൊണ്ട് ഞങ്ങളുടെ ഹോസ്റ്റലുകള്‍ക്ക് മാത്രം പണമില്ല? ഇന്‍ഡോറിലെ പരിപാടിയില്‍ ഒരു വിദ്യാര്‍ഥിനി ഇന്നലെ എന്നോട് ഈ ചോദ്യം ചോദിച്ചു,’ രാഹുല്‍ എക്‌സില്‍ കുറിച്ചു.
ഗ്രാമത്തില്‍നിന്ന് ഉന്നത പഠനത്തിനായി ഇന്‍ഡോറിലെത്തിയ ഒരു വിദ്യാര്‍ഥിനി ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ പേയിങ് ഗസ്റ്റ് താമസസൗകര്യം ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ചും രാഹുല്‍ പറഞ്ഞു.
സുരക്ഷിതമായി താമസിക്കാന്‍ പോലും വലിയ തുക ചെലവഴിക്കേണ്ടിവരുന്ന സാഹചര്യമാണ് വിദ്യാര്‍ത്ഥിനികള്‍ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ നിരവധി പെണ്‍കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഹൗസിങ് അലവന്‍സിന്റെ കാര്യത്തിലും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. വിദ്യാഭ്യാസം, പരീക്ഷ, തൊഴില്‍, റിക്രൂട്ട്‌മെന്റ്, ഹോസ്റ്റല്‍ സൗകര്യം തുടങ്ങിയ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിപാടിയില്‍ അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു.
മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി രാജ്യവ്യാപകമായി ‘സേവാ സങ്കല്‍പ് അഭിയാന്‍’ സംഘടിപ്പിച്ചിരുന്നു. ദീപം തെളിയിക്കല്‍, രക്തദാന ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടന്നത്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെയാണ് ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Funds available to light lamps, but not for hostels; Rahul Gandhi criticizes Modi’s birthday celebrations.
