ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന എസ്.ഐ.ആറിനിടെ(പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം) വന്‍തോതില്‍ വോട്ടര്‍മാരെ നീക്കം ചെയ്യുന്നുവെന്ന ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ്.

എസ്.ഐ.ആര്‍ എന്നത് യഥാര്‍ത്ഥത്തില്‍ വോട്ടര്‍മാരുടെ ‘ഷാ ഇന്‍സ്റ്റിഗേറ്റഡ് റിമൂവല്‍’ ആണെന്ന് വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ ഒഴിവാക്കുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇത് ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ വോട്ടര്‍മാരെ ഇത് ബാധിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

രണ്ട് ഘട്ടമായി നടന്ന പരിഷ്‌കരണത്തില്‍ 7.8 കോടി വോട്ടര്‍മാരുടെ പേരുകളാണ് നീക്കം ചെയ്തതെന്നും ഇത് ആകെ വോട്ടര്‍മാരുടെ 13 ശതമാനം വരുമെന്നും ജയറാം രമേശ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന മൂന്നാം ഘട്ടത്തിലും ഇതുപോലെ വന്‍തോതില്‍ വോട്ടര്‍മാരെ നീക്കംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന സംസ്ഥാനങ്ങളില്‍ പലതിലും പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഈ എസ്.ഐ.ആറോടെ സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറി ഒരിക്കലും നല്‍കിയിട്ടുണ്ടാകാന്‍ സാധ്യതയില്ലാത്ത രേഖകള്‍ ഹാജരാക്കേണ്ട ബാധ്യത പൗരന്മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു’, ജയറാം രമേശ് കുറിപ്പില്‍ പറയുന്നു.

32 ശതമാനം, അതായത് മൂന്നില്‍ രണ്ട് പേര്‍ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെടുകയോ ചെയ്യപ്പെടാന്‍ സാധ്യതയുള്ളവരോ ആണെന്ന് പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Congress calls SIR ‘Shah Instigated Removal’, flags ‘unusually high’ voter deletions