ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളിലൊന്നാണ് തുടക്കം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ജൂഡ് ആന്തണി ജോസഫാണ്. ബോക്‌സ് ഓഫീസില്‍ 50 കോടിയിലേറെ നേടിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്‌സ്റ്റാറിലാണ് തുടക്കം സ്ട്രീം ചെയ്യുന്നത്.
തിയേറ്ററില്‍ ഹിറ്റായെങ്കിലും ഒ.ടി.ടിയിലെത്തിയപ്പോള്‍ വലിയ ട്രോളുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പല സീനുകളിലും ലോജിക്കില്ലെന്നും ചിലയിടത്ത് ക്രിഞ്ചിന്റെ അതിപ്രസരമാണെന്നും പലരും കമന്റ് പങ്കുവെക്കുന്നു. വിസ്മയ, ആശിഷ് എന്നിവരുടെ ആക്ഷന്‍ സീന്‍ മാറ്റിനിര്‍ത്തിയാല്‍ പ്ലാസ്റ്റിക് സ്ത്രീപക്ഷ സിനിമയാണ് തുടക്കമെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

ഒരുപാട് സീനുകളില്‍ ലോജിക്കില്ലായ്മ കാണാനാകുമെന്നും ക്ലൈമാക്‌സിനോടടുത്ത സീനില്‍ അത്തരത്തില്‍ ഒരു കാര്യമുണ്ടെന്നും സിനിമാപേജുകള്‍ ചൂണ്ടിക്കാണിക്കുന്നു. വിസ്മയ അവതരിപ്പിക്കുന്ന മീനു എന്ന കഥാപാത്രം ടി.വി ചാനലിലൂടെ വില്ലനെ ചലഞ്ച് ചെയ്യുന്ന സീന്‍ അത്തരത്തിലൊന്നാണ്. ലിവര്‍പൂള്‍ ക്ലബ്ബിന്റെ ആന്തമായ ‘യൂ വില്‍ നെവര്‍ വാക്ക് അലോണ്‍’ മീനു പഞ്ച് ഡയലോഗ് പോലെ പറയുന്നുണ്ട്.
വില്ലന്‍ ലിവര്‍പൂള്‍ ഫാനാണെന്ന കാര്യം നായിക മനസിലാക്കുന്നത് അയാളുടെ ഫോണ്‍ കൈയില്‍ കിട്ടിയതിന് ശേഷമാണ്. ആശിഷ് അവതരിപ്പിച്ച കഥാപാത്രം ഇതുവരെ ചെയ്തിട്ടുള്ള എല്ലാ ക്രൈമും തന്റെ ഫോണില്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്ന് സിനിമയുടെ ഒരു ഭാഗത്ത് പറയുന്നുണ്ട്. എന്നാല്‍ ഇത്രയും ക്രൈമുകള്‍ റെക്കോഡ് ചെയ്തിട്ടുള്ള ഫോണിന് ലോക്ക് വെക്കാത്ത മണ്ടനാണോ വില്ലനെന്ന് പലരും ചോദിക്കുന്നു.

തന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ വില്ലനോട് പഞ്ച് ഡയലോഗ് പറയാന്‍ നായികക്ക് ഒരു സീന്‍ വേണമെന്നും അതിന് വേണ്ടി ആര്‍ട്ടിഫിഷ്യലായി സെറ്റ് ചെയ്ത സീനാണ് ഇതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കൊടും ക്രിമിനലാണെങ്കിലും ഇടക്ക് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ആശിഷിന്റെ കഥാപാത്രം സമയം കണ്ടെത്തുമെന്നും പരിഹാസങ്ങളുണ്ട്.
‘ലിവര്‍പൂളിന്റെ ഡൈ ഹാര്‍ഡ് ഫാന്‍സില്‍ ഒരാളായ കൊത്ത രാജുവിന്റെ ഫ്രണ്ടായിരിക്കും ഈ വില്ലന്‍’, ‘നായികക്ക് മാസ് ഡയലോഗ് അടിക്കാന്‍ വേണ്ടി മനപൂര്‍വം ഫോണിന് ലോക്ക് വെക്കാത്ത നല്ലവനായ വില്ലന്‍’ എന്നിങ്ങനെയാണ് തുടക്കത്തിന്റെ സ്‌ക്രിപ്റ്റിനെ പരിസഹിച്ചുകൊണ്ടുള്ള കമന്റുകള്‍. ചിത്രത്തിലെ മറ്റ് ബ്ലന്‍ഡറുകളെയും ട്രോളുന്നുണ്ട്.

മോഹന്‍ലാലിന്റെ കാമിയോ അടക്കം പല കാര്യങ്ങളും സിനിമയുടെ ഫ്‌ളോയുമായി ചേര്‍ന്ന് പോകുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് അണിയിച്ചൊരുക്കിയ ചിത്രത്തിലെ കൂടുതല്‍ മിസ്‌റ്റേക്കുകള്‍ വരുംദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നും കമന്റുകളുണ്ട്.
Content Highlight: Logic less scenes in Thudakkam movie getting trolls
