മുർഷിദാബാദ്: ഭർത്താവിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് പൊലീസ് അനധികൃതമായി തടങ്കലിൽ വെച്ചതിനെതിരെ യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു.

മുർഷിദാബാദിൽ നിന്ന് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന സംശയത്തിൽ ഓഗസ്റ്റ് എട്ടിന് അർദ്ധരാത്രിയോടെയാണ് റാണിനഗർ പൊലീസ് മുപ്പത്തിനാലുകാരിയായ ദെജിന ബീബിയുടെ ഭർത്താവ് സാഹിദുൽ എസ്.കെയെ കസ്റ്റഡിയിലെടുത്തത്.

ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം മുർഷിദാബാദിലെ ദുബാപാര ഗ്രാമത്തിലാണ് കർഷകനായ സാഹിദുൽ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവും ഇവിടെത്തന്നെയാണ് ജീവിച്ചിരുന്നതെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

കുടുംബത്തിന്റെ വിവരമനുസരിച്ച്, ഓഗസ്റ്റ് എട്ട് മുതൽ സാഹിദുൽ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസറുടെ കസ്റ്റഡിയിലാണ് കഴിയുന്നത്.

‘അദ്ദേഹത്തെ തടങ്കലിലാക്കിയതിന് ശേഷം പൊലീസ് നൽകേണ്ട ഒരു രേഖയും ഇന്നുവരെ ഞങ്ങൾക്ക് തന്നിട്ടില്ല. അറസ്റ്റ് മെമ്മോയോ പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടികയോ (സീഷർ ലിസ്റ്റ്) നൽകിയിട്ടില്ലെന്നു മാത്രമല്ല, പൊലീസ് യാതൊരു വിവരവും വെളിപ്പെടുത്തുന്നുമില്ല,’ സാഹിദുലിന്റെ അഭിഭാഷകൻ ബാപി മൊണ്ടൽ വ്യക്തമാക്കി.

ഭർത്താവിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ദെജിന ബീബി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

‘അദ്ദേഹം പെട്ടെന്ന് എങ്ങനെയാണ് ഒരു ബംഗ്ലാദേശിയാകുന്നത്? എസ്.ഐ.ആർ പ്രക്രിയയുടെ ഭാഗമായി ആവശ്യപ്പെട്ട എല്ലാ രേഖകളും ഞങ്ങൾ സമർപ്പിച്ചതാണ്, അതെല്ലാം പരിശോധിച്ചു തീർപ്പാക്കിയതുമാണ്. ഈ വർഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വോട്ട് ചെയ്യുകയും ചെയ്തു. അങ്ങനെയിരിക്കെ ഞങ്ങൾ ഈ രാജ്യത്തെ പൗരന്മാരല്ല എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ, യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി തടവിലാക്കിയിരിക്കുന്നു.’ ദെജിന ബീബി പറഞ്ഞു.

അർധരാത്രിയിൽ പൊലീസ് വീട്ടിലെത്തി ഭർത്താവിനെ കസ്റ്റഡിയിലെടുത്തെങ്കിലും, അദ്ദേഹത്തെ എവിടേക്ക് കൊണ്ടുപോയെന്നോ എന്താണ് കേസെന്നോ കുടുംബത്തെ അറിയിച്ചില്ല. മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെ ദിവസങ്ങളോളം സ്റ്റേഷനിൽ കയറിയിറങ്ങേണ്ടി വന്നതായി ദെജിന ബീബി മാധ്യമങ്ങളോട് പ്രതികരിച്ചു.

‘അർദ്ധരാത്രി വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്. പൊലീസായിരുന്നു അത്. ഭർത്താവിനെയും അദ്ദേഹത്തിന്റെ രേഖകളെയും കുറിച്ചാണ് അവർ അന്വേഷിച്ചത്. ഞങ്ങൾ കൈവശമുള്ള രേഖകളെല്ലാം കാണിച്ച് കൊടുത്തു. തുടർന്ന് ഭർത്താവിനോട് അവരുടെ കൂടെ വരാൻ ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ തന്നെ ഞാനും മറ്റ് കുടുംബാംഗങ്ങളും പൊലീസ് സ്റ്റേഷനിലെത്തി വിവരം തിരക്കി.’ ദെജിന ബീബി പറഞ്ഞു.

‘എന്നാൽ പോലീസുകാർ ഞങ്ങളുടെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി നൽകിയില്ല. അദ്ദേഹം എവിടെയാണെന്നോ എന്താണ് കേസ് എന്നോ വ്യക്തമാക്കിയില്ല. കോടതിയിൽ ഹാജരാക്കിയതുമില്ല. മൂന്നാല് മണിക്കൂറോളം അവിടെ കാത്തിരുന്നിട്ടും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് എല്ലാ ദിവസവും ഞാൻ അവിടെ കയറിയിറങ്ങുകയായിരുന്നു.’ അവർ കൂട്ടിച്ചേർത്തു.

അന്നപൂർണ ഭണ്ഡാർ പദ്ധതി പ്രകാരമുള്ള തുച്ഛമായ പ്രതിമാസ സഹായം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്നും വീട് നിർമ്മിക്കാൻ സർക്കാർ സഹായം ആവശ്യമാണെന്നും അവർ വ്യക്തമാക്കി. പാൻ കാർഡ്, ആധാർ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ രേഖകളും കൈവശമുണ്ടെന്ന് അവർ പറഞ്ഞു.

‘വൈദ്യുതി ബില്ലിലും പഞ്ചായത്ത് പോർട്ടലിലും അദ്ദേഹത്തിന്റെ പേരുണ്ട്. അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വസ്തുവുമുണ്ട്. ആരോപിക്കുന്നതുപോലെ അദ്ദേഹം ഒരു ബംഗ്ലാദേശിയല്ല, മറിച്ച് പൂർണ്ണമായും ഒരു ഇന്ത്യൻ പൗരനാണ്. എന്നാൽ ഇപ്പോൾ ഞങ്ങൾ അത് തെളിയിക്കേണ്ട അവസ്ഥയിലാണ്.’ ദെജിന ബീബി മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സാഹിദുൽ തടവിലായതോടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ദെജിന ബീബി പറയുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി നിൽക്കുന്ന മൂത്ത മകളും ഇളയ രണ്ട് ആൺമക്കളും അച്ഛന്റെ അഭാവത്തിൽ മാനസികമായി ബുദ്ധിമുട്ടുകയാണ്. കുട്ടികൾ സ്കൂളിൽ പോകാനും ഭക്ഷണം കഴിക്കാനും പോലും തയ്യാറാകുന്നില്ല എന്ന് അവർ പ്രതികരിച്ചു.

കൃഷിയും കൂലിപ്പണിയും ചെയ്താണ് സാഹിദുൽ കുടുംബം പോറ്റിയിരുന്നത്. എന്നാൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ അദ്ദേഹം കൃഷി ചെയ്തിരുന്ന നിലം പൂർണമായും നശിച്ചു. നിലവിൽ കുടുംബത്തിൽ വരുമാനമുള്ള മറ്റാരുമില്ലെന്നും കുട്ടികൾക്ക് ജോലി ചെയ്യാനുള്ള പ്രായമായിട്ടില്ലെന്നും ദെജിന പറയുന്നു. ഭർത്താവിനെ തിരികെ ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഹർജി പരിഗണിച്ച ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ സിംഗിൾ ബെഞ്ച്, സാഹിദുലിന്റെ തടങ്കൽ സംബന്ധിച്ച വിവരങ്ങളോ അറസ്റ്റ് മെമ്മോയോ അഭിഭാഷകന് കൈമാറാൻ സർക്കാരിനോട് നിർദ്ദേശിച്ചു. അറസ്റ്റിന്റെ കൃത്യമായ കാരണം വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ റാണിനഗർ പൊലീസിന് കോടതി ഉത്തരവ് നൽകി.

ഫോറിനേഴ്‌സ് രജിസ്ട്രേഷൻ ഓഫീസർ കൂടിയായ മുർഷിദാബാദ് ജില്ലാ പോലീസ് സൂപ്രണ്ട് സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഒക്ടോബർ 8-ന് വീണ്ടും വാദം കേൾക്കും.

‘തടവിലാക്കപ്പെട്ട സാഹിദുൽ പൂർണമായും ഒരു ഇന്ത്യൻ പൗരനാണ്. വോട്ടർ ഐഡി, ആധാർ, പാൻ കാർഡ്, ഭൂമിയുടെ ആധാരം, റേഷൻ കാർഡ് എന്നിവയുൾപ്പെടെയുള്ള എല്ലാ രേഖകളും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ മകൾ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. നിയമപരമായ നടപടികളോ പ്രാഥമിക അന്വേഷണമോ നടത്താതെ സംശയത്തിന്റെ പേരിൽ മാത്രമാണ് അദ്ദേഹത്തെ തടങ്കലിൽ വെച്ചിരിക്കുന്നത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്,’ അഭിഭാഷകൻ റോബിയുൽ ഇസ്‌ലാം കോടതിയിൽ ബോധിപ്പിച്ചു.

എന്നാൽ, സാഹിദുൽ വർഷങ്ങൾക്ക് മുമ്പ് ബംഗ്ലാദേശിൽ നിന്ന് അതിർത്തി കടന്ന് ഇന്ത്യയിൽ അനധികൃതമായി എത്തിയതാണെന്നാണ് സർക്കാരിന്റെ വാദം.

മരണപ്പെട്ട ഒരു പ്രദേശവാസിയുടെ മകനാണെന്ന് കള്ളം പറഞ്ഞ് ആൾമാറാട്ടം നടത്തുകയും വ്യാജ തിരിച്ചറിയൽ രേഖകൾ ചമയ്ക്കുകയും ചെയ്തതായി സാഹിദുൽ സ്വമേധയാ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.

Content Highlight:SIR Verification Completed, He Even Cast His Vote’: Woman Moves High Court Against Husband’s Detention Over Alleged Bangladeshi Identity”