മലയാളത്തിന് പുറത്ത് തമിഴിലും തെലുങ്കിലും ഹിന്ദിയിലും നായകനായിക്കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. സീതാരാമം, ലക്കി ബാസ്‌ക്കര്‍ തുടങ്ങി തെലുങ്കില്‍ സൂപ്പര്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ താരം ടോളിവുഡില്‍ വലിയ ഫാന്‍ബേസ് സൃഷ്ടിച്ചെടുത്തിരുന്നു. അന്യഭാഷകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ദുല്‍ഖര്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഈ മാസമാദ്യം റിലീസ് ചെയ്ത ഐ ആം ഗെയിം.
ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചിരുന്നില്ല. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് 48 കോടി മാത്രമാണ് ഇതുവരെ തിയേറ്ററുകളില്‍ നിന്നും നേടാനായത്. വലിയ ബജറ്റിലെത്തിയ ചിത്രത്തിന്റെ വിജയത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ അടിപതറിയെങ്കിലും പ്രതീക്ഷയുള്ള തെലുങ്ക് ചിത്രങ്ങളുമായി റിലീസിനൊരുങ്ങുകയാണ് ദുല്‍ഖര്‍.

ദുല്‍ഖര്‍ സല്‍മാന്‍. Photo: X.com
പവന്‍ സാദിനേനി സംവിധാധാനം ചെയ്ത് ദുല്‍ഖര്‍ നായകനാകുന്ന തെലുങ്ക് ചിത്രം ആകാശംലോ ആക്കത്താര നവംബര്‍ 20നാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ദുല്‍ഖറിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെ കുറിച്ച് തെലുങ്ക് താരം നാനി പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ വരിനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ദി പാരഡൈസിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.
ദുല്‍ഖര്‍ ചിത്രങ്ങളെ അപ്രോച്ച് ചെയ്യുന്ന രീതി തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അത് അദ്ദേഹത്തിനോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും നാനി പറയുന്നു. ദുല്‍ഖറിനെ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും താരം പറഞ്ഞു.
‘സമീപകാലത്ത് ദുല്‍ഖര്‍ തെരഞ്ഞെടുത്ത റോളുകളെല്ലാം മികച്ചതായിരുന്നു. അത് കണ്ട് അദ്ദേഹത്തെ ഞാന്‍ അഭിനന്ദിച്ചിട്ടുണ്ട്. ദുല്‍ഖര്‍ പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുന്ന രീതി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. രണ്ട് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി തെലുങ്കില്‍ ഇനി വരാനിരിക്കുന്നുണ്ട്. അതിന് എല്ലാ വിധ ആശംസകളും നേരുന്നു,’ നാനി പറഞ്ഞു.

ദി പാരഡൈസ്. Photo: X.com
ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ദി പാരഡൈസ് സെപ്റ്റംബര്‍ 24നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തില്‍ ചിത്രത്തിലേതായി പുറത്തിറങ്ങിയ ആയാ ഷേര്‍ അടക്കമുള്ള ഗാനങ്ങള്‍ വലിയ രീതിയില്‍ വൈറലായിരുന്നു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നത്.
Content Highlight: Actor Nani talks about Dulquer Salmaan
