മുന്‍നിര താരങ്ങള്‍ ചറപറ കാമിയോ ചെയ്യുന്ന ട്രെന്‍ഡാണ് ഇപ്പോള്‍ മോളിവുഡില്‍. സിനിമയുടെ മാര്‍ക്കറ്റും ഹൈപ്പും ഉയര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം കാമിയോ കഥാപാത്രങ്ങളെ സിനിമയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ സമീപകാലത്ത് മോളിവുഡില്‍ വന്ന പല കാമിയോ റോളുകള്‍ക്കും പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ചിട്ടില്ല.

മോളിവുഡിന്റെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും സമീപകാലത്ത് ചെയ്ത കാമിയോ റോളുകള്‍ ഒന്നും ഒരു ഇംപാക്ടും ഉണ്ടാക്കിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം മമ്മൂട്ടി ചെയ്ത രണ്ട് ഗസ്റ്റ് റോളുകള്‍ ട്രോളന്മാരുടെ ഇരയായി മാറിയപ്പോള്‍ മോഹന്‍ലാല്‍ നാല് സിനിമകളിലാണ് മുഖം കാണിച്ചത്. നാല് സിനിമകളും ബോക്‌സ് ഓഫീസില്‍ രക്ഷപ്പെട്ടെങ്കിലും താരത്തിന്റെ കഥാപാത്രത്തിന് പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാനായില്ല.

കാമിയോ റോളുകളുടെ പേരില്‍ മോഹന്‍ലാലിന്റെ പേര് പലരും ചര്‍ച്ച ചെയ്യുമ്പോള്‍ അണ്ടര്‍റേറ്റഡായി നില്‍ക്കുന്ന നടനാണ് ആസിഫ് അലി. രണ്ട് വര്‍ഷത്തിനിടെ നാല് സിനിമകളിലാണ് ആസിഫ് കാമിയോ റോളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ രണ്ട് സിനിമകള്‍ ഹിറ്റായപ്പോള്‍ രണ്ടെണ്ണം പരാജയമായി മാറി. ഇന്ദ്രജിത് നായകനായ മാരിവില്ലിന്‍ ഗോപുരങ്ങളാണ് ആദ്യത്തേത്. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി.

തിയേറ്ററില്‍ ഹിറ്റാവുകയും ഒ.ടി.ടിയില്‍ ട്രോള്‍ മെറ്റീരിയലാവുകയും ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ആസിഫ് അഞ്ച് മിനിറ്റ് മാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ജോണ്‍ എന്ന കഥാപാത്രം കഥയില്‍ ചെറിയൊരു വഴിത്തിരിവാകുന്നുണ്ടെങ്കിലും ആസിഫ് എന്ന നടന് ഒരു മൈലേജും ഈ കഥാപാത്രം സമ്മാനിച്ചില്ല. സൗഹൃദത്തിന്റെ പേരില്‍ ചെയ്ത കഥാപാത്രമായിരുന്നു ഇത്.

ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐ ആം ഗെയിമിലും ആസിഫിന്റെ സാന്നിധ്യമുണ്ടായിരുന്നു. പേരൊന്നുമില്ലാത്ത, വെറും രണ്ട് മിനിറ്റ് മാത്രമുള്ള കഥാപാത്രമായാണ് ആസിഫ് ഐ ആം ഗെയിമില്‍ പ്രത്യക്ഷപ്പെട്ടത്. കുറച്ച് നേരമേ ഉണ്ടായിരുന്നുവെങ്കിലും ആസിഫിന്റെ മാനറിസം ഗംഭീരമായിരുന്നു.

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാരിലും ആസിഫ് ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പാര്‍വതി അവതരിപ്പിച്ച അലീന എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായാണ് താരം വേഷമിടുന്നത്. ഡയലോഗുകളൊന്നുമില്ലെങ്കിലും ക്ലൈമാക്‌സിലെ ഒരൊറ്റ ഷോട്ടില്‍ ആസിഫ് എന്ന നടനെ അടയാളപ്പെടുത്തിയിട്ടുണ്ട്.

 

കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴും ഇത്തരം കാമിയോ റോളുകള്‍ ചെയ്യാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് ആസിഫ് അലി. അമര്‍ അക്ബര്‍ അന്തോണിയിലെ ഫൈസല്‍, റോഷാക്കിലെ ദിലീപ്, മല്ലു സിങ്ങിലെ ഹരീന്ദര്‍ സിങ് (ഒറിജിനല്‍) തുടങ്ങി മികച്ച കാമിയോകള്‍ ആസിഫിന്റെ ഫിലിമോഗ്രഫിയിലുണ്ട്. താരം നായകനാകുന്ന പുതിയ ചിത്രം ടിക്കി ടാക്കയില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

Content Highlight: Asif Ali’s cameo role in recent times