ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷം തുടരുകയും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് തടവിലും കഴിയുന്ന സാഹചര്യത്തിലും തെരഞ്ഞെടുപ്പു പരിപാടികള്‍ മാറ്റാതെ മോദി സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യമെമ്പാടുമുള്ള 1 കോടി ബി.ജെ.പി പ്രവര്‍ത്തകരുമായി മുന്‍ നിശ്ചയിച്ച പ്രകാരം സംവദിക്കും.
“ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ്” എന്ന അവകാശവാദത്തോടെ ബി.ജെ.പി നടത്തുന്ന പരിപാടി ഇന്ന് ഉച്ചയ്ക്കാണ് ആരംഭിക്കുക. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടികളൊന്നും തന്നെ മാറ്റിയിട്ടില്ല.
ചൊവ്വാഴ്ച ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ മോദി ഒരു രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കുകയാണുണ്ടായത്. വ്യോമാക്രമണത്തിനു പിന്നാലെ ബുധനാഴ്ച അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തതായും പൈലറ്റിന്റെ പിടികൂടിയതായും പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.
അതേസമയം, കശ്മീരിലെ ബുദ്ഗാമില്‍ ഒരു സൈനിക വിമാനം തകരുകയും പൈലറ്റും സഹപൈലറ്റും കൊല്ലപ്പെടുകയും ചെയ്തിരുന്നു. സാങ്കേതിക തകരാറുകളാണ് ഇതിനു കാരണമെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ പിന്നീട് ഇതിന് അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധമുണ്ടെന്ന പ്രചരണമുയര്‍ന്നിരുന്നു.
എന്നാല്‍ ഈ സമയത്തെല്ലാം സര്‍ക്കാര്‍ ഔദ്യോഗികമായി വലിയ വിശദീകരണങ്ങള്‍ ഒന്നും തന്നെ നല്‍കിയില്ല. മിഗ് 21 എന്ന ഇന്ത്യന്‍ വിമാനം തകര്‍ന്നെന്നും ഒരു പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ വക്താവ് എഴുതി തയ്യാറാക്കിയ പ്രസ്താവന വായിക്കുകയാണുണ്ടായത്. കൂടുതല്‍ വിശദീകരണങ്ങളൊന്നും അദ്ദേഹം നല്‍കിയിരുന്നില്ല.
അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലും ബുധനാഴ്ച രാവിലെ ദേശീയ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവെലില്‍ പങ്കെടുക്കുകയും ഖേലോ ഇന്ത്യ ആപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.
അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലും തെരഞ്ഞെടുപ്പു പരിപാടികളുമായി മുന്നോട്ടുപോകുന്ന മോദി സര്‍ക്കാറിനെ കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശിച്ചിരുന്നു.
