അറ്റ്‌ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായത്. എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ ജവാന്‍ നിറയുന്നതിനിടയില്‍ അറ്റ്‌ലിയുടെ അടുത്ത പ്രൊജക്ട് സംബന്ധിച്ചുള്ള ചര്‍ച്ചകളും ഉയരുകയാണ്.

അറ്റ്‌ലിയുടെ അടുത്ത പ്രൊജക്ട് ഇനി അല്ലു അര്‍ജുനുമായിട്ടാവും. അറ്റ്‌ലിയും അല്ലു അര്‍ജുനും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രചരിക്കുന്നതാണ്. ജവാന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തില്‍ ഇതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് അറ്റ്‌ലി.

ഒരു എക്‌സൈറ്റിങ് ന്യൂസ് ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നാണ് അറ്റ്‌ലി പറഞ്ഞത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ദേശീയ, തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഥ അല്ലു അര്‍ജുനോട് പറഞ്ഞുവെന്നും കൊളാബറേഷന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം സമ്മിശ്ര പ്രതികരണത്തിനിടയിലും മികച്ച കളക്ഷനാണ് ജവാന് ലഭിക്കുന്നത്. 129 കോടിയാണ് ജവാന്റെ ഓപ്പണിങ് കളക്ഷന്‍. അറ്റ്‌ലി തന്നെയാണ് ഈ കണക്ക് പുറത്ത് വിട്ടത്. ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്. ഷാരൂഖിന്റെ ചിത്രമായ പത്താന്റെ റെക്കോഡും ജവാന്‍ മറികടന്നിരുന്നു. ഈ പോക്ക് തുടരുകയാണെങ്കില്‍ ആദ്യ ആഴ്ചയില്‍ തന്നെ ജവാന്‍ 500 കോടി കടക്കും.

റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. ദീപിക പദുക്കോണ്‍, പ്രിയാമണി, സുനില്‍ ഗ്രോവര്‍, സാന്യ മല്‍ഹോത്ര, റിദ്ധി ദോഗ്ര, ലെഹര്‍ ഖാന്‍, സഞ്ചീത ഭട്ടാചാര്യ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

Content Highlight: Atlee about Allu Arjun movie