കോഴിക്കോട് ജില്ലയില്‍ നടപ്പിലാകുന്ന “കംപാഷനെറ്റ് കോഴിക്കോടും”  ഇത്തരത്തില്‍ പലചോദ്യങ്ങള്‍ നമുക്ക് മുന്‍പില്‍ ഉയര്‍ത്തുന്നുണ്ട്. അതു ജില്ലാ ഭരണകൂടത്തെയോ കളക്ടറുടെയോ പ്രവര്‍ത്തികളുടെ ഉദ്ദേശ ശുദ്ദിയെ
ചോദ്യം ചെയ്യാനല്ല, മറിച്ചു സാമൂഹികപ്രതിബദ്ധതയോടെ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഓര്‍മപെടുത്താന്‍ വേണ്ടി മാത്രമാണ്.  


COMPASSIONATE-CALICUT


| ഒപ്പീനിയന്‍: നിധീഷ് എം.കെ |


മലബാറിന് ഒരു പ്രത്യേകതയുണ്ട് അത് മലബാറിന്റെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മ പണ്ട് മുതല്‍ക്കേ പ്രശസ്തവുമാണ്. അത് കൊണ്ട് തന്നെ ഇവിടങ്ങളിലെ ഏതൊരു ആഘോഷങ്ങളിലും, പ്രശ്‌നങ്ങളിലും ജനകീയ ഇടപെടലുകള്‍ കാണാന്‍ നമുക്ക് സാധിക്കും. അതു കല്യാണം ആയാലും കലോത്സവങ്ങള്‍ ആയാലും, ഒരു നാടിന്റെ ആഘോഷമായി ഏറ്റെടുക്കുക ഇവിടുത്തെ പതിവാണ്.

പല പ്രശ്‌നങ്ങളിലും പെട്ടന്ന് തന്നെ ജനകീയ മുന്നണികള്‍ രൂപീകരിക്കാന്‍ കഴിയുന്നതും ഈ കെട്ടുറപ്പിന്റെ ബലത്തിലാണ്. ഈ കൂട്ടായ്മ തന്നെയാണ് ഇവിടങ്ങളിലെ രക്തദാന സേനകളും, പാലിയേറ്റീവ് കെയറുകളും ഇത്ര കണ്ടു ശക്തിപെടുവാനും കാരണം. ഇവിടുത്തെ സാമൂഹിക കൂട്ടായ്മയും ജനങ്ങളുടെ നിസ്വാര്‍ത്ഥ സേവനവും ഇവിടങ്ങളില്‍ നടപ്പിലാക്കിയ പല പദ്ധതികളും വന്‍ വിജയകരമായി മാറാന്‍ സഹായകരമായിട്ടുണ്ട്. ഈ ഒരു സമൂഹത്തിലേക്കാണ് ജില്ല ഭരണകൂടത്തിന്റെ അല്ലെങ്കില്‍ കലക്ടറുടെ എന്ന് പറയപ്പെടുന്ന “കംപാഷനേറ്റ് കോഴിക്കോട്: എന്ന പദ്ധതി ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍പ് ആവിഷ്‌കരിക്കുന്നത്. തീര്‍ത്തും സ്വാഭാവികം എന്ന് പറയാം, കോഴിക്കോട്ടുകാര്‍ ഇതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

കംപാഷനേറ്റ് കോഴിക്കോടും സാമൂഹിക പ്രതിബദ്ധതയും

ജില്ല ഭരണകൂടത്തിന്റെയും, ജില്ലാ കലക്ടറുടെയും  ലക്ഷ്യം ഒരു ജില്ലയുടെ ആകമാനം ഭരണവും വികസനവുമാണ്. അത് കൊണ്ട് തന്നെ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ഒരു ജില്ലയ്ക്കു മൊത്തത്തില്‍ നേട്ടം ഉണ്ടാകുന്ന വിധത്തില്‍ ആണ് ചെയ്യാറ്. നമ്മുടെ നാട്ടില്‍ പല ആളുകളും അവരുടെ കഷ്ടപാടുകളോ ബുദ്ധിമുട്ടുകളോ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ചു അല്ലെങ്കില്‍ ഇഷ്ടപ്പെട്ടു എന്നു വരില്ല, പക്ഷെ സാമൂഹിക പ്രതിബദ്ധത മുന്‍ നിര്‍ത്തിയുള്ള പലവിധങ്ങളായ പദ്ധതിയിലൂടെ ചിലപ്പോള്‍ അത്തരത്തിലുള്ള ആളുകളെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞേക്കും. അതു നഗരഗ്രാമ വ്യത്യാസം ഇല്ലാതെ ചെയ്യുമ്പോഴാണ് സമൂഹത്തിനു മൊത്തത്തില്‍ ഉപകാരപെടുക.

എന്നിരുന്നാലും ഈ പദ്ധതികള്‍ പലപ്പോഴും വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്, മുഖ്യമായും അതിന്റെ പ്രവര്‍ത്തന രീതിയും നിലനില്‍പ്പും വിശകലന വിധേയമാക്കേണ്ട ഒന്നു തന്നെയാണ്. കോഴിക്കോട് ജില്ലയില്‍ നടപ്പിലാകുന്ന “കംപാഷനെറ്റ് കോഴിക്കോടും”  ഇത്തരത്തില്‍ പലചോദ്യങ്ങള്‍ നമുക്ക് മുന്‍പില്‍ ഉയര്‍ത്തുന്നുണ്ട്. അതു ജില്ലാ ഭരണകൂടത്തെയോ കളക്ടറുടെയോ പ്രവര്‍ത്തികളുടെ ഉദ്ദേശ ശുദ്ദിയെ ചോദ്യം ചെയ്യാനല്ല, മറിച്ചു സാമൂഹികപ്രതിബദ്ധതയോടെ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഓര്‍മപെടുത്താന്‍ വേണ്ടി മാത്രമാണ്.

compassionate-3സാമൂഹിക സേവന രംഗത്തേക്ക് പലപ്പോഴും ആളുകള്‍ സ്വയം കടന്നു വരുന്നത് ആ സേവന മേഖലയോടുള്ള താത്പര്യം കൊണ്ടു തന്നെയാണ്. അതു കൊണ്ടു തന്നെ സാമൂഹിക സേവകര്‍ അമിതമായ പ്രശസ്തിയേക്കാള്‍ ആത്മ സംതൃപ്തിയാണ് ആഗ്രഹിക്കുക എന്നാണ് പറയാറ്. നമുക്കറിയാം നമ്മുടെ നാട്ടില്‍ നിരവധി എന്‍.ജി.ഒ കളും (നോണ്‍  ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍) പാലിയേറ്റീവ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളിലൊക്കെ നിരവധി വളന്റീര്‍സ് നെയും കാണാന്‍ സാധിക്കും, അവരില്‍ ബഹുഭൂരിപക്ഷവും  ആ മേഖലയോടുള്ള താത്പര്യം മൂലമാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.  പക്ഷെ കംപാഷനെറ്റ് കോഴിക്കോട്  പദ്ധ്വതിയില്‍ പലപ്പോഴും നമുക്ക് കാണാന്‍ കഴിയുന്നത് “ഞാന്‍ കളക്ടറുടെ പ്രൊജക്ടില്‍ വര്‍ക്ക് ചെയ്തു” അല്ലെങ്കില്‍ “ഞാന്‍ കളക്ടറുടെ കൂടെ നിന്ന് ഫോട്ടോ എടുത്തു” എന്ന് പറയാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം സാമൂഹിക സേവകരെയാണ്. ഇതിന്റെ പ്രത്യേകതയും അതാണ്, തീര്‍ത്തും ഗ്ലാമര്‍ അല്ലെങ്കില്‍ മീഡിയ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള സേവനങ്ങള്‍ക്കാണ് ഇവിടെ മുന്‍തൂക്കം.

ഈ പദ്ധതിയില്‍ എത്തിപ്പെടുന്ന ഒട്ടുമിക്ക വളണ്ടിയേഴ്‌സും കളക്ടര്‍ എന്ന പദവിയില്‍ ആകൃഷ്ടരായി എത്തിപെടുന്നതാണെന്ന് നമുക്ക് ഈ പ്രൊജക്ടിന്റെ എഫ്.ബി പേജ് നോക്കിയാല്‍ മനസ്സിലാവും, കാരണം തൊട്ടടുത്തുള്ള എന്‍.ജി.ഒ വിലോ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കോ കിട്ടുന്നതുന്നതില്‍ കൂടുതല്‍ ഒരു ഗ്ലാമര്‍ പരിവേഷം നമ്മുടെ മാധ്യമങ്ങളും ജില്ല ഭരണകൂടവും ഈ പദ്ധതിക്ക്  നല്‍കി കഴിഞ്ഞു. അത് കൊണ്ട് തന്നെ സേവനം ചെയ്യുക എന്നതിനേക്കാള്‍ ഉപരി എന്തെകിലും ചെയ്തു തീര്‍ക്കുക എന്ന ഒരു സ്ഥിതിവിശേഷമാണ് ഇവിടെ രൂപപ്പെടുക. സാമൂഹിക സേവകര്‍ പ്രശസ്തി അര്‍ഹിക്കരുത് എന്ന് പറയുന്നില്ല, പ്രശസ്തി മാത്രം ലക്ഷ്യമിട്ടുള്ള സാമൂഹിക സേവനം പുതിയ കാലഘട്ടത്തിന്റെ സൃഷ്ടിയാണെന്ന് ഓര്‍ത്താല്‍ നല്ലതായിരിക്കും.

നവ ഉദാരാവല്‍ക്കക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ അഥവാ കോര്‍പ്പറേറ്റുകളുടെ ഈ കാലഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ നമുക്ക് ഒരുപാട് പ്രതീക്ഷിക്കാം, പക്ഷെ ഒരു ഗവണ്‍മെന്റ് സംവിധാനം ഇത് ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ പബ്ലിസിറ്റിക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നത്. നമുക്കറിയാം മിക്ക കോര്‍പ്പറേറ്റുകളും ഇത്തരത്തില്‍  പബ്ലിസിറ്റിക്ക് വേണ്ടിയുള്ള സാമൂഹിക സേവനമാണ് ചെയ്യാറ്.

ഉദ: സ്വകാര്യ ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്കു സൗജന്യമായോ അല്ലെങ്കില്‍ ഇളവോടു കൂടിയോ ചികിത്സയും, ബെഡിന്റെ 10% വും നീക്കിവയ്ക്കണമെന്നുമാണ് ഒട്ടു മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന നിയമം(സര്‍ക്കാര്‍ ആ ഹോസ്പിറ്റലിന് നല്‍കിയ ഇളവിന് അനുസരിച്ചു, ഉദാ:  ആനുകൂല്യത്തോടെ ഭൂമി നല്‍കുക പോലുള്ളവ, ചിലപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ചു ചെറിയ മാറ്റങ്ങള്‍ വന്നേക്കാം) പക്ഷെ ഇത് (ഉദ: ഡല്‍ഹിയില്‍ ഈയിടെ നടന്ന സംഭവം) ശരിയായ രീതിയില്‍ നടപ്പിലയതായി കാണുന്നില്ല. അഥവാ ഏതെങ്കിലും ഹോസ്പിറ്റലുകള്‍  ആര്‍ക്കെങ്കിലും ഇത്തരത്തില്‍ ചികിത്സ സൗജന്യമായി നല്‍കിയാല്‍ അത് പലപ്പോഴും പിറ്റേ ദിവസം മാധ്യമങ്ങളിലെ മുഖ്യ വാര്‍ത്തയായിരിക്കും.

compassionate-1

അതെ പോലെ കോര്‍പ്പറേറ്റുകള്‍, സി.എസ്.ആര്‍ (കോര്‍പറേറ്റു സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി) ന്റെ ഭാഗമായി   അവരുടെ കമ്പനിയുടെ ലാഭത്തിനും മുതല്‍ മുടക്കിനും അനുസരിച്ച് നിര്‍ബന്ധമായും 2% തുക സാമൂഹിക സേവനത്തിനു ചിലവഴിക്കണം എന്നത് നിയമമാണ്, പക്ഷെ ഇതു ഭൂരിഭാഗം കോര്‍പറേറ്റുകളും കറക്റ്റ് ആയി പാലിക്കാറില്ല, അഥവാ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ അത് മിക്കപ്പോഴും  മീഡിയ പബ്ലിസിറ്റിയോട് കൂടി മാത്രമേ ചെയ്യാറുള്ളൂ .

ഈ അടുത്ത കാലത്ത് രക്തദാനം എന്ന് പറഞ്ഞു ഒരു വ്യവസായി കേരളം മുഴുവന്‍ ഓടിയപ്പോള്‍ അദ്ദേഹത്തിനും കിട്ടി സൗജന്യ മീഡിയ പബ്ലിസിറ്റി. ഈ രണ്ടു കൂട്ടരും സാമൂഹിക സേവനം തങ്ങളുടെ സ്വകാര്യ ലാഭത്തിനു വേണ്ടിയാണ് പൊതുവെ ഉപയോഗിക്കാറ്, കാരണം സാമൂഹിക സേവനം എളുപ്പത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുന്ന മേഖല ആയതു കൊണ്ടു തന്നെ.  ജനസേവനങ്ങളേക്കാള്‍ ഇവര്‍ക്ക് വലുത് സ്വന്തം നിലനില്‍പ്പാണ്,  ഇത്തരം സാമൂഹിക സേവകര്‍ക്കു  ചിലപ്പോള്‍ ലോകം മുഴുവനും ആരാധകരും കാണും.

ഇത് ഇവിടെ പറയാന്‍ കാരണം കോര്‍പ്പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധതയും  യഥാര്‍ത്ഥ സാമൂഹിക പ്രതിബദ്ധതയും തമ്മില്‍ ഒരു പാട് വ്യത്യാസം ഉണ്ട് എന്ന് ബോധ്യപ്പെടുത്താനാണ്. ഇവിടെ കോഴിക്കോട് ജില്ലയില്‍ ജില്ല ഭരണകൂടം സ്വയം കോര്‍പ്പറേറ്റുകളുടെ വേഷം അണിയുമ്പോള്‍ ഇത്തരത്തില്‍ താരതമ്യം ചെയ്യാതെ പറ്റില്ല.

സാമൂഹിക സേവനവും സോഷ്യല്‍ വര്‍ക്ക് പ്രൊഫഷനും/ MSW

പലപ്പോഴും ആളുകള്‍ സോഷ്യല്‍ സര്‍വിസ് ഉം സോഷ്യല്‍ വര്‍ക്കും തമ്മില്‍ ഉള്ള വ്യത്യാസം തിരിച്ചറിയാന്‍ ശ്രമിക്കാറില്ല. അതു കൊണ്ടു തന്നെ സോഷ്യല്‍ വര്‍ക് എന്ന പ്രൊഫഷന്റെ പ്രാദാന്യവും  അവര്‍ മനസ്സിലാക്കുന്നില്ല. മാറിയ കാലഘട്ടവും പുത്തന്‍ സാമ്പത്തിക വ്യവസ്ഥിതിയും സോഷ്യല്‍ വര്‍ക്ക് എന്ന പ്രൊഫഷന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. കാരണം പല സാമൂഹിക പ്രശ്‌നങ്ങളും ആഗോളവല്‍ക്കരണത്തിന്റെയും  ഉദാരവല്‍ക്കരണത്തിന്റെയും ഫലമായിട്ടാണ് രൂപപെട്ടു വന്നിട്ടുള്ളത്, അത് കൊണ്ട് തന്നെ ഇത്തരം സാമൂഹിക പ്രശ്‌നങ്ങളില്‍  ഇടപെടാന്‍ ഒരു  പ്രൊഫഷന്റെ ആവശ്യവും ഏറി വന്നു. അതിനാല്‍ ലോകത്തെ എല്ല്‌ലാ ഇടങ്ങളിലും വളരെ ഏറെ പ്രദാനം ഉള്ള ഒരു മേഖലയാവാന്‍ സോഷ്യല്‍ വര്‍ക്കിന് കഴിഞ്ഞു.

ഈ മേഖല അവര്‍ക്ക് സംതൃപ്തി നല്‍കുന്നത് കൊണ്ട് തന്നെ ഇപ്പോള്‍ നിരവധി പേരാണ് സോഷ്യല്‍വര്‍ക്ക് എന്ന പ്രൊഫഷണിലേക്ക് വന്നിട്ടുള്ളത്. പൊതുവെ സോഷ്യല്‍ വര്‍ക്കേഴ്‌സിന് കേരളത്തില ഒരു മികച്ച ജോലി കിട്ടാന്‍ ബുദ്ധിമുട്ടാണ്, പക്ഷെ സംതൃപ്തി ലഭിക്കുന്നു എന്നുള്ളത് കൊണ്ടു തന്നെ നിരവധി പേര് ഈ മേഖലയില്‍ ജോലി തുടരുന്നുമുണ്ട്. സോഷ്യല്‍ വര്‍ക്  എന്ന കോഴ്‌സ് പഠിച്ചിറങ്ങിയവരെ കേരള ഗവണ്‍മെന്റ് വേണ്ട വിധം പരിഗണിക്കുന്നില്ല എന്ന് വ്യക്തമാണ്, അത് കൊണ്ടാണ്, സോഷ്യല്‍ വര്‍ക്കേഴ്‌സ് നെ  മാത്രം നിയമിക്കേണ്ട പല കസേരകളിലും ഏതെങ്കിലും ബിരുദക്കാരെ നിയമിക്കുന്നതും.

സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ന്റെ ആവശ്യം ഇവിടെ എങ്ങനെ പ്രസക്തമാവുന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇതാണ്, കംപാഷനെറ്റ് കോഴിക്കോട് പ്രോഗ്രാമില്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ അഭാവം നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. അത് കൊണ്ടാണ് ഈ കാലഘട്ടത്തിലെ സോഷ്യല്‍ വര്‍ക്കേഴ്‌സ് പൊതുവെ ഉപയോഗിക്കാത്ത “Inmates” എന്ന ( Inmates പൊതുവെ ജയിലില്‍ വസിക്കുന്നവര്‍ക്കാണ് ഉപയോഗിക്കാറ്) ഇംഗ്ലീഷ് വാക്ക് സാമൂഹിക സുരക്ഷ വകുപ്പിന് കീഴിനുള്ളിലെ കെയര്‍ഹോമുകളിലെ Residentsനെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതും. (നമുക്കറിയാം മുന്‍കാലങ്ങളില്‍ Disabiltiy എന്ന വാക്കു ആയിരുന്നു ഉപയോഗിച്ചിരുന്നത് പക്ഷെ ഇന്നു നാം Differently Abled എന്നാണ് ഉപയോഗിക്കാറ്). കൂടാതെ കംപാഷനെറ്റ് കോഴിക്കോടിന്റെ വെബ്‌സൈറ്റ് പേജ് തന്നെ വ്യക്തമാക്കുന്നത് സാമൂഹിക പ്രശ്‌നങ്ങളില്‍ യാതൊരുവിധപരിചയവും ഇല്ലാത്ത തീര്‍ത്തും മുന്‍വിധികളോടെ കാര്യങ്ങളെ സമീപിക്കുന്നവരാണ്  രൂപപ്പെടുത്തിയത് എന്നാണ്.വര്‍ണ്ണ വിവേചനത്തിന്റെ ഒരു പര്യായമായിട്ടാണ് പലപ്പോഴും തോന്നിയത്. സേവനം കാത്തിരിക്കുന്നവര്‍ തങ്ങളുടെ നിറമുള്ളവര്‍ ആയിരിക്കരുത് എന്ന ഇവരുടെ താത്പര്യമായിരിക്കും പദ്ധതിയുടെ വെബ്‌സൈറ്റില്‍ ഉപയോഗിച്ച വ്യക്തികള്‍ക്കും ഫോട്ടോകള്‍ക്ക് മൊത്തത്തിലും ഇരുണ്ട നിറം വന്നു പോയത്. എഫ്.ബി യിലെ പ്രകടനം പോലെ തന്നെ കളക്ടര്‍ അദ്ദേഹത്തിന്റെ ആരാധകരെ നിരാശരാക്കാന്‍ ഒട്ടും ശ്രമിച്ചില്ല എന്ന് വേണം കരുതാന്‍, അത് കൊണ്ടാണ് അദ്ദേഹം എഴുതി സംവിധാനം ചെയ്ത “കരുണ ചെയ്‌വാന്‍” എന്ന വീഡിയോവിലൂടെ സമൂഹത്തിലെ മിഡില്‍ & അപ്പര്‍ക്ലാസിന്റെ സേവന മനോഭാവം മാത്രം ഉയര്‍ത്തി കാട്ടാന്‍ ശ്രമിച്ചത്.

അടുത്ത പേജില്‍ തുടരുന്നു

compassionate
ഗവണ്മെന്റ് സംവിധാനത്തിന്റെ പ്രസക്തി

സാധാരണഗതിയില്‍ സാമൂഹിക സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ഗവണ്‍മെന്റ് തന്നെ നേരിട്ട് നടത്തുകയാണ് പതിവ്. പക്ഷെ ഈ ഒരു പദ്ധതിയിലൂടെ സാമൂഹിക ക്ഷേമ വകുപ്പ് അപ്രസക്തമാവുന്നുണ്ടോ എന്ന സംശയം ഉയര്‍ത്തേണ്ടിയിരിക്കുന്നു. മുകളില്‍ പറഞ്ഞത് പോലെ നമ്മുടെ ഗോവെര്‍ന്മെന്റ് ഒരു പക്ഷെ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ന്റെ പ്രാധാന്യം ചിലപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല, പക്ഷെ നമ്മുടെ കളക്ടര്‍ അതു മനസ്സിലാക്കി എന്നു വേണം കരുതാന്‍. അതു കൊണ്ടാണല്ലോ “നാലോ അഞ്ചോ  എം.എസ്.ഡബ്ല്യുക്കാരെ വേണം” എന്ന F B പോസ്‌റ് ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതമായത്. ആ എഫ്.ബി പോസ്റ്റിലെ തെറ്റുകള്‍ എം.എസ്.ഡബ്ല്യുക്കാര്‍ ചൂണ്ടി കാണിച്ചപ്പോള്‍ അല്ലെങ്കില്‍ കളക്ടറോട് ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, ചോദ്യങ്ങളെ  നേരിടുന്നതിന് പകരം സ്വന്തം വാദഗതികള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയാണ് കളക്ടര്‍ ചെയ്തത് (പിന്നീടു ഈ പോസ്റ്റ് എഡിറ്റ് ചെയ്തു) ഇന്നും ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.

ഇതാണ് ഈ പദ്ധതിയുടെ മോശം സ്വഭാവവും, ഈ പദ്ധതിയിലൂടെ എന്ത് തെറ്റുകള്‍ സംഭവിച്ചാലും ആരും ശബ്ദം ഉയര്‍ത്തില്ല കാരണം ജനങ്ങള്‍ അത്ര കണ്ടു ഈ പദ്ധതിയുടെ പബ്ലിസിറ്റിക്ക് അടിമപ്പെട്ടു ഇന്നു വേണം കരുതാന്‍ അഥവാ മീഡിയ അങ്ങനെ ആക്കി തീര്‍ത്തു. നഗര കേന്ദ്രീകൃതമായ പദ്ധതിയിയുടെ ഗുണവും അതാണ്, പെട്ടന്ന് പബ്ലിസിറ്റി ലഭിക്കും. കൂടാതെ ഇത് സമൂഹത്തിന്റെ മുഖ്യധാരയില്‍ ജീവിക്കുന്ന ആരെയും ബാധിക്കുന്ന പദ്ധതി അല്ലല്ലോ, തീര്‍ത്തും നിശബ്ദരായിട്ടുള്ള ഒരു കൂട്ടരെ മുന്‍ നിര്‍ത്തി ഉള്ള പദ്ധതി അല്ലെ.  ഇനി ആരെങ്കിലും ചോദ്യം ഉയര്‍ത്തുകയാണെങ്കില്‍ വോളന്റീര്‍സ് സേവനമാണ് ചെയ്യുന്നത് എന്നു പറഞ്ഞു ഇതിനെ നേരിടുകയും ചെയ്യാം.

ഇവിടെയാണ് മുകളില്‍ പറഞ്ഞ മിക്ക കോര്‍പറേറ്റുകളുടെയും  പ്രശസ്തി ആഗ്രഹിച്ചിട്ടുള്ള സേവനവും, ഗോവെര്‍ന്മെന്റ് ഇത്തരത്തില്‍ ജീവിക്കേണ്ടി വരുന്നവര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട സേവനങ്ങളും ചോദ്യം ചെയ്യപ്പെടുന്നത്. ഒരു വ്യക്തി വോളന്റീര്‍ സേവനം ചെയ്യുന്നു എന്ന് കരുതി അതിലെ പ്രശ്‌നങ്ങളെ ചോദ്യം ചെയ്യാതിരിക്കാന്‍ വയ്യ പ്രത്യേകിച്ചും ഗോവെര്‍ന്മെന്റ് സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെട്ടതിനാല്‍.

ചില പ്രശ്‌നങ്ങള്‍

രാജ്യത്തു നിരവധി Pychitarist (MBBS + Psychitary Specialization) കളുടെയും Psychologist (MA / Msc Psychology)കളുടെയും Psychitaric സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെയും (MA Social വര്‍ക്ക്/MSW with Mental Health Specialization )  ഒഴിവുകളാണ് ഉള്ളത്. ആയതിനാല്‍ ഈ കോഴ്‌സുകള്‍ക്ക് വന്‍ പ്രാധാന്യവും ഉണ്ട്.  ജില്ല ഭരണ കൂടം നിരന്തരം വളണ്ടിയര്‍ വര്‍ക്കിന് ജനങ്ങളെ പ്രേരിപ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ പറ്റില്ല. മാറിയ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകള്‍ ഒരു മനുഷ്യന്റെ മാനസിക അവസ്ഥയെ വളരെ അധികം സ്വാധീനിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇന്ന് അനവധി പേരാണ് വ്യത്യസ്തങ്ങളായ മാനസിക പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നതും.

മാനസികമായി അസുഖം ബാധിച്ച ഒരു വ്യക്തിക്ക് ഒരു വളന്റീര്‍ പ്രവര്‍ത്തനത്തിന്  ഉപരി ഒരു ദീര്‍ഘകാല കെയര്‍ അത്യാവശ്യമാണ്, അതിനു പല ഘട്ടങ്ങളും ഉണ്ട്. അതു ചെയ്യുവാന്‍ ഈ മേഖലയില്‍ വൈദഗ്ദ്യം നേടിയവരെ തന്നെ നിയോഗിക്കുന്നതാണ് ഉചിതം. അതു പോലെ തന്നെ സൈക്യാട്രി മേഖലയില്‍ പഠിച്ചിറങ്ങുന്നവരുടെ ആവശ്യം ഏറി വരുന്ന ഈ സാഹചര്യത്തില്‍ ഗവണ്മെന്റ് നേരിട്ട് മുന്‍കൈ എടുത്തു ആവശ്യമുള്ളവരെ നിയമിക്കേണ്ടിടത്തു ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിലെ യുക്തി പരിശോധിച്ചാല്‍ നന്നായിരിക്കും. ഇതിനെല്ലാമുപരി കൊട്ടിഘോഷിക്കപെടുന്ന വ്യക്തി കേന്ദ്രീകൃതമായ പദ്ധതികള്‍ക്ക് ആ വ്യക്തിയുടെ അധികാരാത്തോടൊപ്പം മാത്രമേ ആയുസ്സുള്ളൂ എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അത് കൊണ്ടാണ് നമ്മുടെ നാട് എളുപ്പം വികസിക്കാത്തതും.

ചില കാര്യങ്ങള്‍

പുത്തന്‍ സാമ്പത്തിക  നയങ്ങള്‍ , ഗവണ്‍മെന്റിന്റെ ചെലവ് ചുരുക്കുന്നത്തിന്റെ ഭാഗമായി സര്‍ക്കാരില്‍ സ്ഥിര നിയമനങ്ങള്‍ ഇല്ലാതാക്കുകയും പകരം കരാര്‍ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ ഇവിടെ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് സുരക്ഷിതത്വവും, അര്‍ഹതപ്പെട്ട തൊഴിലും, മെച്ചപ്പെട്ട ശമ്പളവും നഷ്ടപെടുത്തിയത്. അത് പോലെ തന്നെയാണ് കോര്‍പ്പറേറ്റുകള്‍ വാഴുന്ന ഈ കാലഘട്ടത്തില്‍  സാമൂഹിക സേവന പദ്ധതികളും, മിക്ക സേവനങ്ങള്‍ക്കും സ്ഥിരത ഉണ്ടാവില്ല.

സാധാരണ ഗതിയില്‍ ഗവണ്‍മെന്റ് വകുപ്പുകള്‍ നേരിട്ട് തങ്ങളുടെ പദ്ധതികള്‍  വളണ്ടിയര്‍ വര്‍ക്ക് ചെയ്യിക്കാറില്ല (വിദേശ രാജ്യങ്ങളിലെയോ, ദുരന്ത ഭൂമിയിലോ, എന്‍.ജി.ഒവിലെയോ etc അവസ്ഥകള്‍ ഇവിടെ താരതമ്യം ചെയ്യുന്നില്ല) അതാണ് ഗവണ്മെന്റ് ഒത്താശയോടെ കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്നത്. ഒരു ഭരണാധികാരി ഭരണത്തിന് ആവശ്യമായ സൗകര്യം  ഗവണ്‍മെന്റില്‍ നിന്നും നേടിയെടുക്കുന്നതിന് പകരം വളണ്ടിയേഴ്‌സിനെ വെച്ച് വര്‍ക്ക് ചെയ്യിപ്പിക്കുന്നത് നല്ലതാണോ എന്ന് പരിശോധിച്ചാല്‍ നല്ലതായിരിക്കും (വോളന്റീര്‍സ് സേവനം ഒരിക്കലും വേണ്ട എന്നല്ല ഉദ്ദേശിക്കുന്നത്). 10.06.2016 നു മലയാളം പത്രത്തില്‍ വന്ന വളണ്ടിയേഴ്‌സിനെ ആവശ്യമുണ്ട് എന്ന വാര്‍ത്ത പ്രകാരം മാനസിക ആരോഗ്യകേന്ദ്രത്തിന്റെ സുഗമമായ നടത്തിപ്പിന് നിരവധി പേരെ ഉടന്‍ തന്നെ നിയോഗിക്കണം എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

collector-fb-post

ഇവിടുത്തെ ഒഴിവുകള്‍ നികത്താതെ വളണ്ടിയര്‍ വര്‍ക്കില്‍ ഊന്നിയുള്ള മുന്നോട്ടു പോക്ക് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് യോജിച്ചതല്ല. അഥവാ ഗവണ്‍മെന്റിന്റെ മെല്ലേപോക്കാണ് ഇതിനു കാരണമെങ്കില്‍ ഇവിടുത്തെ ഒഴിവുകള്‍ അറിയാന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന് താത്പര്യം കാണും,  മുകളില്‍ പറഞ്ഞവ ഒന്നും അല്ലെങ്കില്‍ പിന്നെ മനസ്സിലാക്കാന്‍ പറ്റുന്ന ഒരു കാര്യം അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനുള്ള കഴിവുകള്‍ ഒന്നും ഇല്ല എന്ന് തന്നെയാണ്. ഒരു പക്ഷെ സംസ്ഥാന ഭരണകൂടം ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതിനാല്‍ ഒഴിവുകള്‍ ഇവിടെ റിപ്പോര്‍ട് ചെയ്തിട്ടുണ്ടാവില്ല. മാറിയ കാലഘട്ടവും വര്‍ധിച്ച ജനസംഖ്യയും ഹോസ്പിറ്റലില്‍ ദിനം പ്രതി വരുന്ന രോഗികളുടെ എണ്ണവും വച്ചു നോക്കിയാല്‍ താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലോട്ടു സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ന്റെ ആവശ്യം ഉള്ളതായി കാണാം.

നമ്മുടെ ജില്ലാ ഭരണകൂടവും കലക്ടറും സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ന്റെ ആവശ്യകത മനസ്സിലാക്കിയ സ്ഥിതിക്ക് ഈ ഒരു പ്രശ്‌നം സംസ്ഥാന സര്‍ക്കാരിന്റെ മുന്‍പില്‍ അവതരിപ്പിക്കാനും പുതിയ ഒഴിവുകള്‍ രൂപപെടുത്തി എടുക്കാനും കഴിഞ്ഞേക്കും. അല്ലെങ്കില്‍ ഇത്തരം വളണ്ടിയര്‍ വര്‍ക്കിലൂടെ ഇപ്പോള്‍ തല്‍സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ നല്ല റിപ്പോര്‍ട്ടുകള്‍ ഗവണ്‍മെന്റില്‍ സമര്‍പ്പിക്കുകയും, ഇത് കാരണം ഗവണ്മെന്റ് ഈ മേഖലയിലേക്ക് ആവശ്യമായ ഫണ്ടുകള്‍ വെട്ടി ചുരുക്കുകയും ചെയ്‌തേക്കാം, നിയമനങ്ങള്‍  പോലും നടത്താതിരിക്കാനും സാധ്യതയുണ്ട്. പിന്നീടു ഈ വളണ്ടിയേഴ്‌സ് ലഭ്യമല്ലാതെ വരുമ്പോള്‍ എന്ത് ചെയ്യും? ഇന്ന് ഇവിടെ തുടങ്ങി വച്ച പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കിയാല്‍ പിന്നെ ഈ ഒരു തൊഴില്‍ മേഖല ഇല്ലതാവുന്നതിനോടൊപ്പം ഈ മേഖലയില്‍ പഠിച്ചിറങ്ങുന്ന നല്ല കുറെ വ്യക്തികളുടെ സര്‍വീസ്  കൂടിയാണ് സംസ്ഥാനത്തിന് നഷ്ടപെടുക.
collector-calicut
ഇനി തിരിച്ചു വരാം

സാധാരണ ഗതിയില്‍ പറഞ്ഞു കേള്‍ക്കുന്ന മഹത് വചനങ്ങളാണ് “കുറച്ചു പേര്‍ക്കെങ്കിലും ഉപകാരം കിട്ടുന്നുണ്ടെങ്കില്‍ അതല്ലേ നല്ലത്” “നിങ്ങള്‍ ഒന്നും ചെയ്യുകയും ഇല്ല മറ്റുള്ളവര്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അതിനെ വിമര്‍ശിക്കും”  എന്നൊക്കെ. ഈ വചനങ്ങള്‍ക്ക് ഒരൊറ്റ മറുപടിയെ ഉള്ളൂ ലോകത്ത് നടക്കുന്ന എല്ലാ ആക്രമണത്തിനും അനീതിക്കും ഇതേ ചോദ്യങ്ങളാണ് ചോദിക്കാനുള്ളത് എന്തിനു ഫാസിസം വന്നാല്‍ പോലും കുറച്ചു കൂട്ടര്‍ക്ക് ഉപകാരപ്പെടും. എന്നിട്ട് എല്ലാവരും അതിനെ സ്വീകരിക്കാന്‍ തയ്യാറാണോ, ഇല്ലല്ലോ. പിന്നെ ഇവിടെ ശബ്ദമുയര്‍ത്തുന്നത് ഇതില്‍ ഗവണ്മെന്റ് സംവിധാനം ഉള്‍പ്പെട്ടത് കൊണ്ടും ആവശ്യത്തിനു അനുസരിച്ച് മെച്ചപെട്ട സേവനം നല്‍കാന്‍ നിയമനം നടത്താത്തത് കൊണ്ടുമാണ്.

കൂടാതെ ഈ പദ്ധതി ഉയര്‍ത്തിക്കാട്ടുന്നത് ചൈല്‍ഡ് ലൈന്‍ പോലെയോ, പാലിയേറ്റീവ് കെയര്‍ പോലെയോ പുതിയ ഒരു സേവന മേഖല അല്ല, മറിച്ചു നിലനില്‍ക്കുന്ന സ്ഥാപങ്ങളിലെ കാര്യക്ഷമത ഇല്ലായ്മയാണ്. അതിനു കാര്യക്ഷമത ഉള്ള ആളുകളെ നിയോഗിക്കുകയാണ് വേണ്ടത്.ചിലപ്പോള്‍  ഒക്കെ എഫ്.ബി പേജില്‍ കാണുന്ന ഒരു കമന്റ് ആണ് “ഇതില്‍ താത്പര്യം ഉള്ളവര്‍ വന്നാല്‍ മതി” എന്ന്, സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ താത്പര്യം ഉള്ളത് കൊണ്ടാണ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ഈ കോഴ്‌സ് പഠിക്കുന്നതു, ചിലപ്പോള്‍ അവരുടെ സാമ്പത്തിക സ്ഥിതി അനുവദിക്കില്ലയിരിക്കാം ഇത് സൗജന്യമായി ചെയ്യാന്‍. അതേ സമയം സമ്പന്നനായ ഒരു വ്യക്തിക്ക് ഏതു സമയവും വളന്റിയര്‍ വര്‍ക്ക് ചെയ്യാനും കഴിഞ്ഞേക്കാം. ഇത് മൂലം ഈ മേഖലയില ഫോക്കസ് ചെയ്തിട്ടുള്ള ഒരു വ്യക്തിയുടെ സേവനമാണ് താത്കാലിക ലാഭത്തിനു വേണ്ടി ഇല്ലാതാക്കുന്നത്.

അതിനാല്‍ ഒരു വ്യക്തിയോ, ഭരണ കൂടാമോ താത്ക്കാലിക നേട്ടമോ, പബ്ലിസിറ്റിയോ ആഗ്രഹിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ ദീര്‍ഘകാലത്തേക്കുള്ള നില നില്‍പ്പുകള്‍ തീര്‍ത്തും വിശകലന വിധേയമാക്കേണ്ടതാണ്. ഇതിനായി ഒരു നല്ല ഭരണാധികാരിക്ക്  ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ഗവണ്‍മെന്റിന്റെ തല്‍സ്ഥിതി പറഞ്ഞു മനസ്സിലാക്കി ആവശ്യത്തിനു ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചു ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുക എന്നതാണ്. അത് കൊണ്ട് തന്നെ മാറ്റം കൊണ്ട് വരേണ്ടത് പോളിസി തലത്തിലാണ്, പ്രത്യേകിച്ചും ഇത്തരത്തിലുള്ള വോളന്റീര്‍ സേവനത്തിനു ദീര്‍ഘകാലം ആയുസ്സ് കാണില്ല.  ഓര്‍ക്കുക ഓരോ സാമൂഹിക പ്രശ്‌നവും കൈകാര്യം ചെയ്യേണ്ടത് അല്‍പ ബുദ്ധിയോ അമിതാവേശം കൊണ്ടോ അല്ല അത് ഒരു സര്‍ജറിക്ക് സമാനമാണ്, ചെറിയ ഒരു പിഴവ് മതി വലിയ ഒരു വിപത്താവാന്‍.