സ്വിറ്റ്സർലാൻഡ് വീണു; സെമി ഫൈനലിലേക്ക് കുതിച്ച് അർജന്റീന
FIFA World Cup 2026
സ്വിറ്റ്സർലാൻഡ് വീണു; സെമി ഫൈനലിലേക്ക് കുതിച്ച് അർജന്റീന
സുദേവ് എ
Sunday, 12th July 2026, 9:23 am

2026 ലോകകപ്പ്‌ സെമി ഫൈനലിലേക്ക് പ്രവേശിച്ച് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലാൻഡിനെ വീഴ്ത്തിയാണ് അർജന്റീനയുടെ മുന്നേറ്റം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.

കാൻസാസ് സിറ്റിയിൽ നടന്ന മത്സരത്തിൽ പോരാട്ടം തുടങ്ങി പത്താം മിനിട്ടിൽ തന്നെ അർജന്റീന ലക്ഷ്യം കണ്ടു. മാക് അലിസ്റ്ററാണ് ടീമിന്റെ ഗോൾ സ്‌കോറർ. ക്യാപ്റ്റൻ ലയണൽ മെസിയെടുത്ത കോർണറിൽ നിന്ന് ഒരു തകർപ്പൻ ഹെഡറിലൂടെയാണ് താരം അർജന്റീനക്ക് ലീഡ് സമ്മാനിച്ചത്. ഒടുവിൽ ഈ ഗോളിന്റെ പിൻബലത്തിൽ ആദ്യപകുതി അർജന്റീന സ്വന്തമാക്കുകയായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ സ്വിസ് ടീം ഗോൾ തിരിച്ചടിച്ച് അർജന്റീനക്കൊപ്പമെത്തി. ഡി. എൻഡോയെയാണ് സ്വിസ് ടീമിന് വേണ്ടി ലക്ഷ്യം കണ്ടത്. അർജന്റീനയുടെ ഡിഫൻസ്‌ പൊളിച്ചുകൊണ്ടുള്ള പാസിൽ നിന്നും ഇടത് വിങ്ങിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു. ഈ ഗോൾ നേടിയതിനു ശേഷം സ്വിറ്റ്സർലാൻഡ് കനത്ത തിരിച്ചടി നേരിട്ടു. ബി.എമ്പോളൊ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു. ബാക്കിയുള്ള നിമിഷങ്ങളിൽ 10 പേരുമായാണ് സ്വിസ് ടീം പന്തുതട്ടിയത്.

വിജയ ഗോളിന് വേണ്ടി അർജന്റീന മികച്ച നീക്കങ്ങൾ നടത്തി സ്വിസ് പോസ്റ്റിനെ വിറപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ അർജന്റീനയുടെ മുന്നേറ്റങ്ങളെ തടഞ്ഞു നിർത്തി സ്വിറ്റ്സർലാൻഡ് പ്രതിരോധം കരുത്തുകാട്ടുകയായിരുന്നു. ഒടുവിൽ നിശ്ചിത സമയത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചപ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരാസിന്റെ ഗോളിലൂടെ അർജന്റീന വിജയം സ്വന്തമാക്കുകയായിരുന്നു. പെനാൽറ്റി ബോക്സിന് പുറത്ത് നിന്നും ഒരു തകർപ്പൻ കിക്കിലൂടെയാണ് അൽവാരസ്‌ അർജന്റീനയുടെ രക്ഷകനായത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഗോളിൽ അർജന്റീന മത്സരം പൂർണമായും സ്വന്തമാക്കി. ഒരു കൗണ്ടർ അറ്റാക്കിലൂടെയുള്ള നീക്കത്തിലൂടെയാണ് താരം ഗോൾ നേടിയത്. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ അർജന്റീന സെമിയിലേക്ക് മുന്നേറുകയായിരുന്നു.

ജൂലൈ 16ന് നടക്കുന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് മെസിയും സംഘവും നേരിടുക. ക്വാർട്ടറിൽ നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമിയിലേക്ക് കുതിച്ചത്.

 

Content Highlight: Argentina beats Switzerland to reach 2026 World Cup semi-finals

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.