വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ ട്രംപിനെ പരിഹസിച്ച് ഇറാനില്‍ നിന്നും ലെഗോ വീഡിയോ: 'റേറ്റിങ് കുറയുമ്പോള്‍ നടത്തുന്ന നാടകം'
World News
വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ ട്രംപിനെ പരിഹസിച്ച് ഇറാനില്‍ നിന്നും ലെഗോ വീഡിയോ: 'റേറ്റിങ് കുറയുമ്പോള്‍ നടത്തുന്ന നാടകം'
ആദര്‍ശ് എം.കെ.
Sunday, 26th April 2026, 11:30 pm

 

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാനില്‍ നിന്നും പരിഹസം. ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള ഒരു ‘ലെഗോ’ സ്‌റ്റൈല്‍ ഡിസ് ട്രാക്ക് (diss track) വീഡിയോ പങ്കുവെച്ചാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

‘എക്സ്പ്ലോസീവ് മീഡിയ’ പുറത്തുവിട്ട ഈ അനിമേഷന്‍ വീഡിയോയില്‍ പ്ലാസ്റ്റിക് ലെഗോയുടെ രൂപത്തിലാണ് ട്രംപിനെ അവതരിപ്പിച്ചിട്ടുള്ളത്.

വെടിവെപ്പിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രചരിച്ച ഈ വീഡിയോയില്‍, ഡിന്നറിനിടെയുണ്ടായ പരിഭ്രാന്തിയും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയന്ത്രണം ഏറ്റെടുക്കുന്നതും സറ്റയര്‍ രൂപത്തില്‍ അവതരിപ്പിച്ചു. ട്രംപിന്റെ നേതൃത്വത്തെയും സുരക്ഷാ സംവിധാനങ്ങളെയും വീഡിയോയില്‍ പരിഹസിക്കുന്നുമുണ്ട്.

ഇറാന്‍ ഭരണകൂടവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഗ്രൂപ്പാണ് എക്സ്പ്ലോസീവ്സ് മീഡിയ. നേരത്തെ ഇവര്‍ പുറത്തുവിട്ട സമാനമായ വീഡിയോകള്‍ കാരണം യൂട്യൂബ് ഇവരെ നിരോധിച്ചിരുന്നു.

യു.എസ്-ഇസ്രഈല്‍-ഇറാന്‍ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

തന്റെ ജനപ്രീതി കുറയുമ്പോള്‍ പൊതുശ്രദ്ധ തിരിക്കാനായി ഡൊണാള്‍ഡ് ട്രംപ് ഇത്തരം നാടകങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് വീഡിയോയിലെ പ്രധാന ആരോപണം.

‘നിങ്ങളുടെ പോള്‍ റേറ്റിങ് കുറയുമ്പോഴെല്ലാം നിങ്ങള്‍ ഇതേ തന്ത്രം തന്നെ പുറത്തെടുക്കുന്നു,’ എന്നാണ് വീഡിയോയില്‍ പറയുന്നത്.

ട്രംപിന് ‘എളുപ്പം തകരുന്ന ഈഗോ’ (fragile ego) ആണെന്നും അദ്ദേഹത്തിന് വിമര്‍ശനങ്ങളെ നേരിടാന്‍ കഴിയില്ലെന്നും വീഡിയോ കുറ്റപ്പെടുത്തുന്നു

യു.എസിലെ മാധ്യമങ്ങളെ ട്രംപിന് നിയന്ത്രിക്കാനായേക്കും, എന്നാല്‍ ഇറാനെ നിയന്ത്രിക്കാനാവില്ലെന്നും വീഡിയോ വിമര്‍ശിക്കുന്നുണ്ട്. രാജ്യം സാമ്പത്തികമായി തകരുകയാണെന്നും ട്രംപിന്റെ അനുയായികള്‍ പോലും അദ്ദേഹത്തിന്റെ പോരായ്മകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹാളില്‍ ശനിയാഴ്ച രാത്രി (യു.എസ് സമയം) മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ട്രംപിനെതിരെ വെടിവെപ്പുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങില്‍ നിന്ന് മാറ്റി.

അക്രമി എട്ട് തവണയാണ് വെടി മുഴങ്ങിയത്. വെടിവെച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയില്‍നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

 

Content  Highlight: An Iranian group has shared a Lego-style clip mocking the White House dinner shooting.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.