ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. പിന്നീട് പിന്നണി ഗായികയായും സംഗീതസംവിധായികയായും ഗാനരചയിതാവായും താരം ശ്രദ്ധ നേടി.
രജിഷ വിജയൻ നായികയായി എത്തിയ ജൂൺ എന്ന സിനിമയിലെ അമൃത പാടിയ മിന്നി മിന്നി എന്ന ഗാനം പ്രേക്ഷകരുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ആ ഗാനം പാടിയതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് അമൃത. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സ്റ്റാർ സിങ്ങർ കണ്ടവർ ആണ് തന്നെ കൂടുതലും തിരിച്ചറിയാറുള്ളതെന്നും, കൊച്ചു കുട്ടികൾ പെട്ടെന്ന് തിരിച്ചറിയാറില്ല എന്നും അമൃത പറയുന്നു. മിന്നി മിന്നി എന്ന സോങ് മലയാളത്തിലെ ഏറ്റവും ക്യൂട്ട് ആയിട്ടുള്ള സോങ് ആണെന്നും, കൊച്ചു കുട്ടികൾ വരെ ആ പാട്ട് പാടുന്നത് കാണുമ്പൊൾ സന്തോഷം തോന്നാറുണ്ടെന്നും അമൃത പറഞ്ഞു.
‘മിന്നി മിന്നി’ മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് ആയിട്ടുള്ള പാട്ടാണെന്ന് എനിക്ക് തോന്നാറുണ്ട്. കാരണം, കുഞ്ഞു വാവകൾ വരെ ആ പാട്ട് പാടാറുണ്ട്. ഞാൻ ഇപ്പോൾ എവിടെയെങ്കിലും ഫങ്ഷന് പോകുമ്പോൾ, ഐഡിയ സ്റ്റാർ സിങ്ങറിന്റെ സമയത്തുണ്ടായിരുന്ന കുട്ടികളാണെങ്കിലും പ്രായമായവരാണെങ്കിലും എന്നെ തിരിച്ചറിയാറുണ്ട്. എന്നാൽ കൊച്ചു കുട്ടികൾക്ക് എന്നെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാറില്ല. പക്ഷേ അവരുടെ അമ്മമാർ, ‘ദേ, മിന്നി മിന്നി പാടിയ ആന്റിയാണ്’ എന്ന് പറഞ്ഞുകൊടുക്കാറുണ്ട്. അപ്പോൾ കുട്ടികൾക്ക് ഭയങ്കര സന്തോഷമാകും.
‘മിന്നി മിന്നി’ എല്ലാ വിഭാഗത്തിലുള്ള ആളുകളിലേക്കും എത്തിച്ചേരുന്ന ഒരു പാട്ടാണ്. ആ പാട്ട് പാടുന്ന സമയത്ത് എനിക്ക് കിട്ടിയ നറേഷൻ, ‘സ്കൂൾ കുട്ടിയാണ്, കൊഞ്ചി പാടണം’ എന്നായിരുന്നു. ആദ്യം ഞാൻ ഒരു തവണ പാടിയശേഷം എന്നെ രണ്ടാമതും വിളിപ്പിച്ചിട്ട് ചില ഭാഗങ്ങളിൽ കുറച്ചുകൂടി കൊഞ്ചി പാടാൻ പറഞ്ഞു’ അമൃത ഓർത്തെടുക്കുന്നു.
പാട്ട് പാടിയപ്പോൾ ഇത്രയും ഹിറ്റാകുമെന്ന് താൻ വിചാരിച്ചിരുന്നില്ല എന്നും രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ഫോണിൽ നിറയെ പാട്ടിന്റെ റീൽസ് കണ്ടപ്പോൾ, അത് കണ്ടിട്ട് ‘അടിച്ചു മോനേ’ എന്ന് മനസിൽ സന്തോഷിച്ചു എന്നും അമൃത പറയുന്നു.
Content Highligh: Amrutha suresh talks about Minni Minni song in June movie