ഐ.പി.എൽ 2027 മെഗാ ലേലത്തിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിൽ വലിയ ട്രേഡിങ് നടന്നേക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണറും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
രാജസ്ഥാൻ റോയൽസിൽ നിന്ന് യശസ്വി ജെയ്‌സ്വാളിനെയും സാം കറനെയും സ്വന്തമാക്കാൻ കൊൽക്കത്തയ്ക്ക് താത്പര്യമുണ്ടാകുമെന്നും, അതിനായി തങ്ങളുടെ വൈസ് ക്യാപ്റ്റനായ റിങ്കു സിങ്ങിനെ വിട്ടുനൽകാൻ അവർ ഒരുപക്ഷേ തയ്യാറായേക്കുമെന്നുമാണ് ചോപ്രയുടെ വിലയിരുത്തൽ.
ആകാശ് ചോപ്ര
തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫിനിഷ് ചെയ്തത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന സീസണിലേക്ക് മികച്ച ഓപ്പണർമാരെയും ഓൾറൗണ്ടർമാരെയും ടീമിലെത്തിക്കാൻ അവർക്ക് താത്പര്യമുണ്ടാകും. അതേസമയം, കഴിഞ്ഞ സീസണിലെ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് പുറത്തായ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ലോവർ-മിഡിൽ ഓർഡർ ശക്തമാക്കാനാണ് ആഗ്രഹിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ചോപ്രയുടെ നിർദേശം.
“അവർക്ക് രാജസ്ഥാനിൽ നിന്ന് ആരെയെങ്കിലും ചോദിക്കാൻ സാധിക്കുമോ? അവർക്ക് യശസ്വി ജെയ്‌സ്വാളിനെ വാങ്ങാം, ഒപ്പം സാം കറനെയും ആവശ്യപ്പെടാം. പകരം വലിയ താരങ്ങളെയൊന്നും വിട്ടുനൽകാൻ അവർക്കാകില്ല.
വരുൺ ചക്രവർത്തി ഇവിടെ ഒരു യുക്തിസഹമായ ചോയ്‌സ് ആയി തോന്നുന്നു. ഹർഷിത് റാണയും എപ്പോഴും ഒരു യുക്തിസഹമായ ചോയ്‌സ് ആയിരിക്കും. എന്നാൽ ഹർഷിതിനെയും വരുണിനെയും, അല്ലെങ്കിൽ ഇതിൽ ഒരാളെ വിട്ടുനൽകിയാൽ പോലും കൊൽക്കത്തയുടെ ബൗളിങ് നിര വളരെയധികം ദുർബലമാകും.
ഒരുപക്ഷേ നിങ്ങൾക്ക് റിങ്കുവിനെ നൽകാം, കാരണം രാജസ്ഥാന് ലോവർ-ഓർഡറിൽ ചെറിയ പ്രശ്നങ്ങളുണ്ട്. സുനിൽ നരെയ്നെ സ്വന്തമാക്കാൻ ഏതൊരു ടീമും ആഗ്രഹിക്കുമെങ്കിലും അവർ ഒരിക്കലും നരെയ്നെ വിട്ടുനൽകില്ല,” ചോപ്ര പറഞ്ഞു.
റിങ്കു സിങ്. Photo: iplt20.com
ഈ ട്രേഡ് നടക്കുകയാണെങ്കിൽ കെ.കെ.ആറിന് ഒരു ഓപ്പണറെയും ഒപ്പം ഭാവിയിലേക്കുള്ള ഒരു ക്യാപ്റ്റനെയും യശസ്വി ജെയ്‌സ്വാളിലൂടെ ലഭിക്കുമെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു.
“ഇഷാൻ കിഷൻ – വിക്കറ്റ് കീപ്പർ ബാറ്റർ, ഓപ്പണർ, ഭാവി ക്യാപ്റ്റൻ. കൊൽക്കത്തയുടെ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യനായ ഒരാളാണ് അദ്ദേഹം. കൂടാതെ അദ്ദേഹം ഈസ്റ്റ് സോണിൽ നിന്നാണ് വരുന്നത്. അതൊരു ദീർഘകാല നിക്ഷേപമായിരിക്കും. എന്നിരുന്നാലും ഹൈദരാബാദ് അദ്ദേഹത്തെ വിട്ടുനൽകില്ല. അങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
Content highlight: Aakash Chopra wants Kolkata Knight Riders to bring in Yashasvi Jaiswal to replace Rinku Singh