ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് വെടിയേറ്റു മരിച്ചു. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുകൂടിയായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേക്ക് അനുമതിയില്ലാതെ കയറാന്‍ ശ്രമിച്ചയാളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂഞ്ച് സ്വദേശിയായ മുര്‍ഫാസ് ഷായാണ് വെടിയേറ്റു മരിച്ചതെന്ന് ജമ്മു മേഖലാ ഐ.ജി എസ്.ഡി. സിങ് ജാംവാള്‍ അറിയിച്ചു. വി.ഐ.പി കവാടത്തിലൂടെ എസ്.യുവിയില്‍ കടന്നെത്തിയ ഇയാള്‍ ആയുധധാരിയായിരുന്നില്ലെന്നും ഐ.ജി വ്യക്തമാക്കി. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു.


ALSO READ: ടി.ആര്‍.എസ് എം.പിയുടെ മകനെതിരെ ലൈംഗീകാരോപണവുമായി 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍


കാറിലെത്തിയ ഇയാള്‍ ഫാറൂഖ് അബ്ദുല്ലയുടെ ഭട്ടിന്‍ഡിയിലെ വീട്ടിലെ സുരക്ഷാ ബാരിക്കേഡില്‍ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.

അതിക്രമിച്ച് കടന്നതിന് പിന്നാലെ വീട്ടിലെ വസ്തുക്കള്‍ അടിച്ചുതകര്‍ക്കാനും ഇയാള്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് സുരക്ഷാസേന നടത്തിയ വെടിവയ്പ്പിലാണ് ഇയാള്‍ മരിച്ചത്.

ആക്രമണത്തില്‍ സുരക്ഷാസേനാംഗങ്ങളില്‍ ഒരാള്‍ക്കു  പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

തീവ്രവാദ ആക്രമണമല്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും മകനായ ഒമര്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു.