ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍ തകര്‍ക്കുകയും കേടുവരുത്തുകയും ചെയ്തതായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

സംസ്ഥാനത്തെ 72 ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് കണക്കുകള്‍ തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ലഖ്നൗവില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അഖിലേഷിന്റെ പ്രതികരണം.

അംബേദ്കര്‍ പ്രതിമകള്‍ തകര്‍ത്ത 151 സംഭവങ്ങളില്‍ 14 കേസുകളില്‍ മാത്രമാണ് അറസ്റ്റ് നടന്നതെന്നും അഖിലേഷ് പറഞ്ഞു. 45 കേസുകളില്‍ അജ്ഞാതര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എട്ട് കേസുകളില്‍ പേരെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും 84 കേസുകളില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ഈ കണക്കുകള്‍ സര്‍ക്കാര്‍ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ഭരണഘടനയോടുള്ള ആക്രമണവുമായി ബന്ധപ്പെട്ടതാണെന്നും ബി.ജെ.പി ഭരണകാലത്ത് അംബേദ്കറുടെ പ്രതിമകളാണ് ഏറ്റവും കൂടുതല്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി പുറത്തുവിട്ട ജില്ല തിരിച്ചുള്ള കണക്കുകള്‍ പ്രകാരം ബലിയയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങളെന്ന് റിപ്പോര്‍ട്ട്. ഇവിടെ ഒന്‍പത് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അസംഗഢില്‍ ആറും മഥുര, മുസഫര്‍നഗര്‍, സഹാരന്‍പുര്‍ ജില്ലകളില്‍ അഞ്ച് വീതവും കേസുകളുണ്ടെന്നും പാര്‍ട്ടി പറയുന്നു.

Content Highlights: 151 Ambedkar statues destroyed under BJP rule in UP: Akhilesh Yadav