കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ പേരില്‍ ചായക്കടക്കാരന് മര്‍ദനം. മുസ് ലിങ്ങള്‍ക്കചായ നല്‍കിയതിന്റെ പേരില്‍ ഒരു സംഘം ആളുകള്‍ തന്നെ അപായപ്പെടുത്തിയതായും മുമ്പും ഈ വിഷയത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ചായക്കട ഉടമ വെളിപ്പെടുത്തി.

കാങ്ക്‌സ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദംഗല്‍ ഗ്രാമത്തിലെ അഗാരോ മൈല്‍ പ്രദേശത്താണ് സംഭവം. കടയുടമയായ പ്രതാപ് ഘോഷിന്റെ വീട്ടിലെത്തിയ ഇരുപത്തഞ്ചോളം വരുന്ന സംഘം ബഹളം വയ്ക്കുകയും, തുടര്‍ന്ന് കരണത്തടിക്കുകയും ചവിട്ടുകയും വടികൊണ്ട് അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മര്‍ദനത്തില്‍ തനിക്ക് ബോധം നഷ്ടപ്പെട്ടതായും അക്രമികള്‍ ചായക്കട തകര്‍ത്തതായും ഘോഷ് കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഔസ്ഗ്രാം പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. തന്റെ കടയില്‍ മുസ്‌ലിം ഉപഭോക്താക്കളെ ഇരുത്താന്‍ അനുവദിച്ചതിന് മുമ്പും തനിക്ക് ഭീഷണികള്‍ ലഭിച്ചിരുന്നതായും ഘോഷ് പറഞ്ഞു.

‘ഇതിനുമുമ്പ് എന്റെ കടയില്‍ മുസ്ലിങ്ങളെ ഇരിക്കാന്‍ അനുവദിച്ചതിന് രണ്ട് മൂന്ന് തവണ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഞായറാഴ്ച ഞാന്‍ മുസ്ലിങ്ങളെ അവിടെ ഇരിക്കാന്‍ അനുവദിച്ചതിനാണ് അവര്‍ എന്നെ തല്ലിയത്. ഞാനൊരു ചായക്കടക്കാരനാണ്. എന്റെ കടയില്‍ ഒരാള്‍ ഇരിക്കുന്നത് തടയാന്‍ എനിക്ക് സാധിക്കുമോ? എല്ലാവരും ചായ കുടിക്കാന്‍ എന്റെ കടയില്‍ വരുന്നുണ്ട്, എന്നാല്‍ മുസ്‌ലിങ്ങള്‍ വരുന്നത് മാത്രമാണ് അവര്‍ എതിര്‍ക്കുന്നത്,’ ഘോഷ് പറഞ്ഞു.

ഇനിയും മുസ്‌ലിം ഉപഭോക്താക്കളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടുമെന്ന് ആക്രമികള്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. തനിക്ക് ഭയമുണ്ടെന്നും ഇനിയും ആക്രണമുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: “If Muslims are allowed into the shop, it will be set on fire”; tea stall owner attacked by an unidentified group in Bengal.