ഇന്ത്യ – സിംബാബ്‌വേ പരമ്പരയിലെ മൂന്നാമത്തെ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി യശസ്വി ജെയ്‌സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായിരുന്നു ഓപ്പണിങ് ഇറങ്ങിയത്.

ആദ്യ ഓവറില്‍ തന്നെ മിന്നും പ്രകടനമാണ് ജെയ്സ്വാള്‍ കാഴ്ചവച്ചത്. സിംബാബ്‌വേ പേസര്‍ ബ്രയാന്‍ ബെന്നറ്റിനെതിരെ 14 റണ്‍സ് നേടിയാണ് താരം തുടങ്ങിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഇന്റര്‍നാഷണല്‍ ടി-20 മത്സരത്തിലെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിലെത്താനാണ് ജയ്‌സ്വാളിന് സാധിച്ചത്. ഈ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗണ്. 2009ല്‍ ന്യൂസിലാന്‍ഡിനെതിരെ ആദ്യ ഓവറില്‍ 18 റണ്‍സ് നേടിയാണ് സെവാഗ് തിളങ്ങിയത്.