2022 ന് ശേഷം റിലീസില്ല, പക്ഷേ രാമായണയ്ക്ക് ശേഷം ബ്രേക്ക് എടുക്കും: യഷ്
Indian Cinema
2022 ന് ശേഷം റിലീസില്ല, പക്ഷേ രാമായണയ്ക്ക് ശേഷം ബ്രേക്ക് എടുക്കും: യഷ്
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 2nd May 2026, 3:12 pm

കെ.ജി.എഫ് എന്ന ഒറ്റ ചിത്രത്തിലൂടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയ അഭിനേതാവാണ് യഷ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ അവസാന ഭാഗം പുറത്തിറങ്ങിയത് 2022ലായിരുന്നു. ആദ്യ ഭാഗത്തെക്കാള്‍ മികച്ച വിജയം നേടി ഇന്ത്യന്‍ സിനിമയിലെ തന്നെ വന്‍ വിജയങ്ങളിലൊന്നായി ചിത്രം മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷം യഷിന്റെതായി പുതിയ ചിത്രങ്ങളൊന്നും റിലീസായിട്ടില്ല എന്നത് സിനിമാലോകത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്നായി മാറിയിരുന്നു.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം ടോക്‌സിക്കില്‍ അഭിനയിക്കുകയും ബ്രഹ്‌മാണ്ഡ ചിത്രമായ രാമായണയില്‍ രാവണനായി വേഷമിടുകയും ചെയ്യുന്നുണ്ടെങ്കിലും കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന ഒരു നായകനടനെ സംബന്ധിച്ചിടത്തോളം നാല് വര്‍ഷമെന്നത് വലിയ ടൈം ഗ്യാപ്പ് തന്നെയാണെന്നാണ് സിനിമാ പ്രേമികള്‍ ഉന്നയിക്കുന്ന വിഷയം. ഇപ്പോഴിതാ ഇത്തരം ചര്‍ച്ചകള്‍ക്ക് യഷ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

കെ.ജി.എഫ് . Photo: Scroll.in

‘രണ്ട് വലിയ ചിത്രങ്ങളില്‍ കുറച്ച് കാലമായി ഞാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയാണ്. പക്ഷേ ഒരു വലിയ ബ്രേക്ക് എടുത്തത് പോലെയാണ് എല്ലാവരും കരുതുന്നത്. ഇതില്‍ പലരും നിരാശരാണ്. കാരണം അവസാനമായി എന്റെ ഒരു ചിത്രം റിലീസായത് 2022ലായിരുന്നു. ഞങ്ങള്‍ തെരഞ്ഞെടുത്ത വിഷന്‍ നേടിയെടുക്കാന്‍ അത്രത്തോളും സമയവും ഇന്‍വോള്‍വ്‌മെന്റും ആവശ്യമാണ്.

എന്നെ സ്‌ക്രീനില്‍ കാണുന്നില്ലെങ്കിലും ബ്രേക്ക് എടുക്കാതെ ഞാന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരു വിധത്തിലാണ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത്. രാമായണയ്ക്ക് ശേഷം ഞാന്‍ ഒരു ബ്രേക്ക് എടുക്കാനുള്ള ഒരുക്കത്തിലാണ്. അവര്‍ക്കൊപ്പം അല്പം ക്വാളിറ്റി സമയം ചെലവഴിക്കണം. പുതിയ ചിത്രങ്ങളെക്കുറിച്ച് കാര്യമായൊന്നും ആലോചിക്കുന്നില്ല,’ യഷ് പറഞ്ഞു.

ടോക്‌സിക്ക്. Photo: TOI

കെ.ജി.എഫിന് ശേഷം യഷ് നായകനാകുന്ന ടോക്‌സിക്ക് ഇതിനോടകം തന്നെ സിനിമാ ലോകത്ത് ചര്‍ച്ചാ വിഷയമായിരുന്നു. താരം മൂന്ന് ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ടീസറില്‍ വലിയ രീതിയില്‍ ന്യൂഡിറ്റിയും വയലന്‍സും അടങ്ങിയിട്ടുള്ളതിനാല്‍ ടോക്‌സിക്കിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തേ മാര്‍ച്ച് 19 ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം ധുരന്ധര്‍ 2 ക്ലാഷ് റിലീസിനെത്തിയതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. അതേസമയം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ മുതല്‍മുടക്കിലെത്തുന്ന രാമായണയില്‍ വില്ലനായാണ് യഷ് പ്രത്യക്ഷപ്പെടുക.

Content Highlight: Yash talks about career break and time gap between new movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.