ആഗോള തലത്തിൽ ദശലക്ഷക്കണക്കിന് സിനിമാ പ്രേമികളും നിരൂപകരും ഉപയോഗിക്കുന്ന ഒരു സോഷ്യൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോമാണ് ലെറ്റർബോക്സ്. അത്തരമൊരു വലിയ പ്ലാറ്റ്ഫോമിലാണ് കാർത്തിക് സുബ്ബരാജിന്റെ ഡൊറോത്തി ടോപ് 500 ലിസ്റ്റിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്. ഡൊറോത്തിക്ക് മുമ്പ് ഈ നേട്ടം കൈ വരിച്ചത് സി. പ്രേംകുമാർ സംവിധാനം ചെയ്ത മെയ്യഴകനാണ്.
തിയേറ്റർ റിലീസിന് പിന്നാലെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിനിമയായിരുന്നു ഡൊറോത്തി. സനന്ത്, കീർത്തി സുരേഷ്, റിഷികാന്ത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ് വന്ന ചിത്രം ശക്തമായ രാഷ്ട്രീയമായിരുന്നു സംസാരിച്ചത്. ട്രാൻസ്ജെൻഡർ സമൂഹത്തെയും ജാതികൊലകളെയും ആൺമേധാവിത്തത്തെയും കൃത്യമായ് അടയാളപ്പെടുത്താൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സമൂഹത്തിലെ ഒരു വിഭാഗത്തെ ഏറെ അസ്വസ്ഥതപ്പെടുത്താൻ സിനിമയുടെ പ്രമേയത്തിന് കഴിഞ്ഞു.

ഡൊറോത്തി. Photo. Facebook.com. IMDb
സെപ്റ്റംബർ 25-ന് തിയേറ്ററുകളിലും ഒക്ടോബർ 23-ന് ഒ.ടി.ടി. റിലീസാവുകയും ചെയ്ത ചിത്രത്തെ ചുറ്റി പറ്റി നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മികച്ച പ്രതികരണങ്ങളോടൊപ്പം തന്നെ സിനിമയുടെ രാഷ്ട്രീയത്തെയും പ്രമേയത്തെയും അംഗീകരിക്കാനാവാത്ത ഒരു വിഭാഗം ആളുകൾ മോശമായ രീതിയിലാണ് പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. സോഷ്യൽ മീഡിയ പേജുകളിലെ മോശവും അറപ്പുളവാക്കുന്ന തരത്തിലുള്ള കമന്റുകൾ അതിന്റെ പ്രതിഫലനങ്ങളാണ്.
തിയേറ്റർ റിലീസിന് പിന്നാലെ തന്നെ വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് കാർത്തിക് നേരിട്ടിരുന്നു. ഒ.ടി.ടി. റിലീസിനു ശേഷവും അത് തുടരുകയാണ്. തമിഴ് ജനതയുടെ സംസ്കാരത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് ചിത്രം ബഹിഷ്കരിക്കാനുൾപ്പടെയുള്ള ആഹ്വാനങ്ങളും ഉയർന്നിരുന്നു.
സി.പ്രേംകുമാർ സംവിധാനം ചെയ്ത മെയ്യഴകനെയും തമിഴ് പ്രേക്ഷകർ ഇതുപോലെ കൈ വിടുകയായിരുന്നു. അവർ കൈയൊഴിഞ്ഞ രണ്ട് സിനിമകളെയും മലയാള സിനിമാ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. രണ്ട് സിനിമകൾക്കും മികച്ച വരവേൽപ്പായിരുന്നു മലയാള സിനിമ നൽകിയത്. ഇപ്പോഴിതാ മെയ്യഴകന് ശേഷം ലെറ്റർബോക്സിൽ ടോപ് 500 ൽ വരുന്ന സിനിമയായ് ഡൊറോത്തി മാറുകയും ചെയ്തു. ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകരിൽ നിന്നുണ്ടായ റേറ്റിംഗിന്റെ അടിസ്ഥാനത്തിലായിരുന്നു സിനിമ ഈ നേട്ടം കൈ വരിച്ചത്.
Content Highlight: Dorothy has joined the Letterboxd Top 500 list, following Meiyazhagan to become the latest Tamil film recognized among the greatest in world cinema.
