കെ.ജി.എഫ് എന്ന സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം നേടിയെടുത്ത നടനാണ് യഷ്. കെ.ജി.എഫിന്റെ രണ്ടാം ഭാഗം ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കാണ് യഷിന്റെ ഏറ്റവും പുതിയ ചിത്രം. രാമയണ്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം.

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ വരാനിരിക്കുന്ന ചിത്രമാണ് രാമയണ്‍. ഇപ്പോള്‍ രാമായണില്‍ താന്‍ രാവണനായി അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യഷ്. രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സഹ നിര്‍മാതാവും യഷാണ്.

താന്‍ ടോക്‌സിക് സിനിമയുടെ വി.എഫ്.എക്‌സ് വര്‍ക്കുമായി ലോസ് ഏഞ്ചല്‍സിലായിരുന്നുവെന്നും അപ്പോള്‍ വി.എഫ്.എക്‌സ് കമ്പനിയായ ഡി.എന്‍.ഇ.ജിയുടെയും പ്രൈം ഫോക്കസിന്റെയും ഉടമയായ നമിത് മല്‍ഹോത്രയുമായി ടോക്‌സിന്റെ ആവശ്യത്തിനായി കണ്ടുമുട്ടിയപ്പോള്‍ നമിതാണ് തന്നോട് രാമായണത്തെക്കുറിച്ച് പറയുന്നതെന്ന് യഷ് പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹം രാമായണത്തെക്കുറിച്ച് സംസാരിച്ചു. വര്‍ഷങ്ങളായി അവര്‍ അതിനായി വര്‍ക്ക് ചെയ്യുകയായിരുന്നു. അവര്‍ക്ക് ഈ സിനിമയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. നമിത് എന്നോട് രാവണനെ അവതരിപ്പിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. ഞങ്ങള്‍ രണ്ട് പേര്‍ക്കും സിനിമയെ ഇന്റര്‍നാഷണല്‍ ലെവലില്‍ എത്തിക്കണമെന്ന ലക്ഷ്യമുണ്ട്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും കാസ്റ്റിനെ കുറിച്ചുള്ള കാര്യങ്ങളും എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല.

‘വളരെ ആകര്‍ഷകമായ കഥാപാത്രമാണിത്. രാമായണത്തില്‍ എന്നോട് മറ്റേതെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കുമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും എന്റെ ഉത്തരം. എന്നെ സംബന്ധിച്ചിടത്തോളം, ഒരു നടനെന്ന നിലയില്‍ അഭിനയിക്കാന്‍ ഏറ്റവും ആവേശകരമായ കഥാപാത്രമാണ് രാവണന്‍, അതിനാല്‍ പ്രത്യേക കഥാപാത്രത്തിന്റെ ഷേഡുകളും സൂക്ഷ്മതകളും എനിക്ക് വളരെ ഇഷ്ടമാണ്.

ആ കഥാപാത്രം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ വലിയ സാധ്യതകളുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. നന്നായി തന്നെ ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ യഷ് പറയുന്നു.

നിതേഷ് തിവാരിയുടെ രാമായണത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. 835 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ട് .

Content Highlight: Yash confirms playing Ravana in Nitesh Tiwari’s Ramayan