കൊല്‍ക്കത്ത: ശാരദാ ചിറ്റി തട്ടിപ്പു കേസില്‍ കേന്ദ്ര സര്‍ക്കാറും, പശ്ചിമ ബംഗാള്‍ സര്‍ക്കാറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. തന്റെ നേതൃത്തത്തില്‍ നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുത്ത അഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മെഡലുകള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുക്കുകയാണെങ്കില്‍ താന്‍ അവര്‍ക്ക് സംസ്ഥാനത്തെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുമെന്ന് മമത തിരിച്ചടിച്ചു.

“കേന്ദ്ര സര്‍ക്കാര്‍ ഇവരുടെ മെഡലുകള്‍ തിരിച്ചെടുക്കുകയാണെങ്കില്‍ ഈ അഞ്ചു പേര്‍ക്കും ഞാന്‍ സംസ്ഥാനത്തെ പരമോന്നത ബഹുമതിയായ “ബംഗാബിഭൂഷണ്‍” നല്‍കും”- ബംഗാള്‍ ഗ്ലോബല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്ന മമത പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ എത്തിയതില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്തത്തില്‍ നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുത്ത അഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അച്ചടക്ക നടപടിയെടുക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.


Also Read മമതാ ബാനര്‍ജിയുടെ ധര്‍ണ്ണയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ആറ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മെഡലുകള്‍ തിരിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ട്


ധര്‍ണയില്‍ പങ്കെടുത്ത പശ്ചിമ ബംഗാള്‍ ഡി.ജി.പി വിരേന്ദ്ര, കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍, എ.ഡി.ജി വിനീത് കുമാര്‍ ഗോയല്‍, എ.ഡി.ജി (ലോ ആന്റ് ഓഡര്‍) അനുജ് ശര്‍മ, ബിദ്ധന്നഗര്‍ പൊലീസ് കമ്മീഷണര്‍ ഗ്യാന്‍വന്ത് സിങ്ങ്, അഡീഷണല്‍ കമ്മീഷണര്‍ സുപ്രതിം സര്‍ക്കാര്‍ എന്നിവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇവര്‍ക്ക് ലഭിച്ച മെഡലുകള്‍ തിരിച്ചെടുക്കുമെന്നും ഭാവിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ ഇവരെ ചുമതലകള്‍ ഏല്‍പ്പിക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ ധര്‍ണയാരംഭിച്ചത്. ഭരണഘടനാ സംവിധാനത്തെയും ഫെഡറല്‍ വ്യവസ്ഥയെയും തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായും മമത ആരോപിച്ചിരുന്നു.

സംഭവത്തില്‍ സുപ്രീം കോടതി ഇടപെടുകയും കമ്മീഷണര്‍ രാജീവ് കുമാര്‍ സി.ബി.ഐയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും എന്നാല്‍ കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.