അടുത്ത പ്രതിപക്ഷ നേതാവ് ആരാകും? കെ.എൻ ബാലഗോപാൽ പരിഗണനയിലെന്ന് റിപ്പോർട്ടുകൾ
Kerala
അടുത്ത പ്രതിപക്ഷ നേതാവ് ആരാകും? കെ.എൻ ബാലഗോപാൽ പരിഗണനയിലെന്ന് റിപ്പോർട്ടുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th May 2026, 8:44 pm

നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലും യു.ഡി.എഫിലും മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ സജീവമാകുമ്പോൾ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്നതും രാഷ്ട്രീയവൃത്തങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രധാന ചർച്ചയാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകില്ലെന്ന അഭ്യൂഹങ്ങൾക്കിടയിൽ നിലവിൽ ജയിച്ചുവന്ന പ്രതിപക്ഷ എം.എൽ.എമാരിൽ ഏറ്റവും മുതിർന്ന അംഗമെന്ന നിലയിലും കേന്ദ്രക്കമ്മിറ്റി അംഗമെന്ന നിലയിലും കെ എൻ ബാലഗോപാലിനാണ് കൂടുതൽ സാധ്യതയെന്നാണ് സി.പി.ഐ.എം വൃത്തങ്ങൾ നൽകുന്ന സൂചന.
പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ പ്രതിപക്ഷ നേതാവായി വരുന്നതിനെതിരെ സി.പി.ഐ കേന്ദ്ര നേതൃത്വം നിലപാടെടുത്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പ്രസ്ഥാനത്തെ നയിക്കാൻ ഇനി പുതിയ മുഖങ്ങൾ വരണമെന്നാണ് സി.പി.ഐയുടെ പ്രധാന ആവശ്യം. പഴയ ശൈലിയിലുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങൾ നേതൃത്വത്തിൽ ഉണ്ടാകണമെന്നും അവർ വാദിക്കുന്നു. അപമാനകരവും ലജ്ജാകരവുമായ പരാജയമാണുണ്ടായതെന്നും ഈ സാഹചര്യത്തിൽ പുതിയ പ്രതിപക്ഷനേതാവ് വരണമെന്നും സി.പി.ഐ രാജ്യസഭാംഗം പി. സന്തോഷ് കുമാർ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.


പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷ അനുഭാവികളിൽ നിന്നുതന്നെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. പാർട്ടിയുടെ കൂട്ടായ നേതൃത്വം ഇല്ലാതാവുകയും മുഖ്യമന്ത്രി പിണറായി വിജയൻ എന്ന ഒറ്റ വ്യക്തിയിലേക്ക് പാർട്ടി ചുരുങ്ങുകയും ചെയ്തുവെന്ന വിമർശനവും ഉയരുന്നുണ്ട്.

ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് കൂടുതലായി ഉയർന്ന് കേൾക്കുന്ന പേര് കെ.എൻ ബാലഗോപാലിൻ്റേതാണ്. ധനകാര്യമന്ത്രി എന്നനിലയിലുള്ള മികച്ച പ്രവർത്തനവും സൗമ്യവും മാന്യവുമായ പെരുമാറ്റവും ബാലഗോപാലിന് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തുണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ വിവാദങ്ങളിലോ അഴിമതിയാരോപണങ്ങളിലോ ഒന്നും പെടാത്ത നേതാവ് എന്നനിലയിലും ബാലഗോപാലിനാണ് കൂടുതൽ സാധ്യതയെന്നാണ് സി.പി.ഐ.എം വൃത്തങ്ങൾ നൽകുന്ന സൂചന. പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാകും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുക.

അതേസമയം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് വേണമെന്ന ആവശ്യം സി.പി.ഐ ഉന്നയിക്കുന്നുണ്ട്. സി.പി.ഐയുടെ നിയമസഭാ കക്ഷി നേതാവായി കെ.രാജനെയാണ് നിശ്ചയിച്ചിരിക്കുന്നത്.

Content Highlight: Who will be the next opposition leader? Reports say KN Balagopal is under consideration