കൊച്ചി: ഭരണഘടനാപരമായ ജനാധിപത്യത്തില്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണ, നിരാഹാരസമരം, സത്യാഗ്രഹം പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് കേരള ഹൈക്കോടതി.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സസ്പെന്‍ഡ് ചെയ്യപ്പെട്ട 16 വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 4 ന് ആരംഭിക്കാന്‍ പോകുന്ന അടുത്ത സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സിംഗിള്‍ ജഡ്ജിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് മുരളീ കൃഷ്ണ എസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നടത്തിയ വിധിയിലാണ് നിരീക്ഷണം.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികളെ പുറത്താക്കുകയോ സസ്പെന്‍ഡ് ചെയ്യാനോ സാധ്യതയുണ്ടാവുമെന്ന് കോടതി നിരീക്ഷിച്ചു.
ഡോ. ആന്റണി തോമസ് വേഴ്സസ് വി.എം. മുഹമ്മദ് റഫീഖ് എന്ന കേസില്‍ 2017ല്‍ പുറപ്പെടുവിച്ച വിധിയെ ഉദ്ധരിച്ചാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയം പഠിപ്പിക്കുന്നതിനല്ല, മറിച്ച് വിദ്യാഭ്യാസം നല്‍കുന്നതിനാണെന്ന് ഡിവിഷന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
‘ധര്‍ണ, നിരാഹാരസമരം, സത്യഗ്രഹം തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണഘടനാപരമായ ജനാധിപത്യത്തില്‍ സ്ഥാനമില്ല; അക്കാദമിക് സ്ഥാപനങ്ങളില്‍ അതിന് ഒട്ടും ഇടമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പുറത്താക്കപ്പെടുന്നതിനോ റസ്റ്റിക്കേറ്റ് ചെയ്യപ്പെടുന്നതിനോ വിധേയരാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസം നല്കാനുള്ളതാണ്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതല്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ വിദ്യാഭ്യാസം നേടാനുള്ള പരിഷ്കൃതരായ വിദ്യാര്‍ഥികളുടെ അവകാശത്തെയോ ബന്ദിയാക്കാനാവില്ല,’ 2017ലെ കോടതി വിധിയില്‍ പറയുന്നു.
1949 നവംബര്‍ 25ന് ഭരണഘടനാ അസംബ്ലിയില്‍ ഡോ. ബി.ആര്. അംബേദ്കര്‍ നടത്തിയ പ്രസംഗത്തെ പരാമര്‍ശിക്കുന്ന 2017ലെ വിധിന്യായത്തിലെ ഭാഗങ്ങളും ബെഞ്ച് ഉദ്ധരിച്ചു.
‘ജനാധിപത്യത്തെ രൂപത്തില്‍ മാത്രമല്ല, യാഥാര്‍ഥ്യത്തിലും നിലനിര്‍ത്തണമെങ്കില്‍ നാം എന്തുചെയ്യണം? … വിപ്ലവത്തിന്റെ രക്തരൂക്ഷിതമായ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കണം. നിയമലംഘന സമരം, നിസ്സഹകരണം, സത്യഗ്രഹം തുടങ്ങിയ മാര്‍ഗങ്ങളും ഉപേക്ഷിക്കണം. സാമ്പത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളൊന്നും അവശേഷിക്കാത്ത സാഹചര്യത്തില്‍ ഭരണഘടനാവിരുദ്ധമായ മാര്‍ഗങ്ങള്‍ക്ക് ന്യായീകരണമുണ്ടായിരുന്നു. എന്നാല്‍ ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ തുറന്നുകിടക്കുമ്പോള്‍ ഇത്തരം ഭരണഘടനാവിരുദ്ധ മാര്‍ഗങ്ങള്‍ക്ക് ന്യായീകരണമില്ല.’
ഒക്ടോബര്‍ 30ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന് സര്‍വകലാശാലയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, 16 വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയ ഡിവിഷന് ബെഞ്ച്, ഹാജര്‍നില ഉള്‍പ്പെടെയുള്ള സര്‍വകലാശാലാ ചട്ടങ്ങള്‍ പ്രകാരമുള്ള യോഗ്യത വിദ്യാര്‍ഥികള്‍ തെളിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും അതിനാല്‍ ഉണ്ടായ ഹാജര്‍ കുറവിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ വാദം. എന്നാല്‍, 2023ലെ മറ്റൊരു നിയമവിധി ഉദ്ധരിച്ച് ഡിവിഷന് ബെഞ്ച് ഈ വാദത്തെ എതിര്‍ത്തു.
പ്രിന്‍സിപ്പല്‍, ഐ.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ് വേഴ്സസ് അനസ് പി.എം. ആന്‍ഡ് അദേഴ്സ് എന്ന കേസില്‍ സസ്പെന്ഷന് മൂലം ഹാജര്‍ കുറവുണ്ടായാല്‍ അത് സസ്പെന്ഷന് ഉത്തരവിന്റെ സ്വാഭാവികമായ പരിണതഫലമാണെന്നും വിദ്യാര്‍ഥികള്‍ അത് അനുഭവിക്കേണ്ടിവരുമെന്നും ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
Content Highlight: Political Activities Like Dharna, Hunger Strikes & Satyagraha Have No Place In Constitutional Democracy: Kerala High Court.
