'ഇത്രയും ദിവസം നിങ്ങള്‍ എവിടെയായിരുന്നു?'; പ്രധാനമന്ത്രിയുടെ അര്‍ധരാത്രിയിലെ ലൈവിന് താഴെ ചോദ്യവുമായി രഞ്ജിനി ഹരിദാസ്
Movie Day
'ഇത്രയും ദിവസം നിങ്ങള്‍ എവിടെയായിരുന്നു?'; പ്രധാനമന്ത്രിയുടെ അര്‍ധരാത്രിയിലെ ലൈവിന് താഴെ ചോദ്യവുമായി രഞ്ജിനി ഹരിദാസ്
ആര്യ.പി
Friday, 24th July 2026, 12:53 pm

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലെ സോഷ്യല്‍ മീഡിയ ലൈവ് വീഡിയോയ്ക്ക് താഴെ ചോദ്യങ്ങളുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഇത്രയും നാള്‍ എന്തുകൊണ്ടാണ് മിണ്ടാതിരുന്നതെന്നും എവിടെയായിരുന്നുവെന്നും രഞ്ജിനി ചോദിച്ചു.

സമാധാനപരമായി തെരുവില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമായ മര്‍ദനമാണ് നേരിടേണ്ടി വന്നതെന്ന് രഞ്ജിനി ചൂണ്ടിക്കാട്ടി. ദല്‍ഹി പൊലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും അതോടൊപ്പം യൂണിഫോമോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാത്ത ആളുകളും ചേര്‍ന്ന് ഭീകരവാദികളോടെന്ന പോലെയാണ് കുട്ടികളെ ആക്രമിച്ചത്. രാജ്യത്തിന്റെ ഭാവിയായ ഇവരെ നിശബ്ദരാക്കാന്‍ ബലം പ്രയോഗിക്കുന്നതിന് പകരം, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചര്‍ച്ചകള്‍ക്കുള്ള ശ്രമമുണ്ടായിരുന്നെങ്കില്‍ ഈ പ്രതിസന്ധികള്‍ ഒഴിവാക്കാമായിരുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും അവര്‍ കുറിച്ചു.

‘രാജ്യത്തിന്റെ പരമോന്നത നേതാവെന്ന നിലയില്‍ ഇന്ത്യയിലെ യുവതലമുറയുടെ പ്രശ്‌നങ്ങളില്‍ താങ്കള്‍ ഇടപെടണം. വിദ്യാഭ്യാസമാണ് നമ്മുടെ ഭാവിയുടെ അടിത്തറ. അതിന്റെ വിശ്വാസ്യത നിരന്തരം ചോദ്യം ചെയ്യപ്പെടുമ്പോള്‍, നിലവിലെ സംവിധാനത്തിന്റെ തലപ്പത്തുള്ളവരെ മാറ്റി പൂര്‍ണ്ണമായ പൊളിച്ചെഴുത്താണ് വേണ്ടത്. ഇപ്പോള്‍ സംസാരിക്കുമ്പോഴും നീതി അകലെയാണെന്ന് തോന്നരുത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുന്നുണ്ടെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയുമാണ് വേണ്ടത്,’ രഞ്ജിനി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ വീഡിയോയില്‍ പ്രതികരണവുമായി യൂട്യൂബര്‍ ധ്രുവ് റാഠിയും രംഗത്തെത്തി. ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ രണ്ടു മിനിറ്റ് പോലും സംസാരിക്കാന്‍ മോദിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ കണ്ണുകളുടെ ചലനം ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകുമെന്നും ധ്രുവ് പരിഹസിച്ചു.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ലൈവില്‍ അറിയിച്ചത്. പരീക്ഷാ തട്ടിപ്പുകള്‍ തടയുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്നതും കഠിനമായ ശിക്ഷ ഉറപ്പാക്കുന്നതുമായ പുതിയ നിയമത്തിന്റെ കരട് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഇന്ന് വരുമെന്നും മോദി പറഞ്ഞിരുന്നു. ഈ ബില്‍ എത്രയും വേഗം പാസാക്കാന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാനിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ തുടക്കംമുതലേ പങ്കുചേര്‍ന്ന വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ തുടക്കത്തില്‍ തന്നെ രഞ്ജിനി രംഗംത്തെത്തിയിരുന്നു.

Content Highlight:  Where were you all these days Ranjini Haridas questions the Prime Minister under his live video

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.