വളരെ ചെറിയ ചിത്രമെന്ന ലേബലില്‍ തിയേറ്ററുകളില്‍ എത്തി ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഓണം റിലീസായ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തെ കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ 260 കോടിയും കടന്ന് വമ്പന്‍ കുതിപ്പ് തുടരുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 120 കോടി പിന്നിട്ടതോടെ ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വിന്റെ കളക്ഷനും മലയാളത്തിലെ ഹൈയസ്റ്റ് ഗ്രാസറായ ലോകഃയുടെ റെക്കോര്‍ഡും തുലാസിലായിരിക്കുകയാണ്.

ഏജ് ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായതോടെ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിക്കുകയാണ്. നിവിനും മമിതയ്ക്കും പുറമെ സുരേഷ് കൃഷ്ണ, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, മീനാക്ഷി, ശ്രിന്ദ തുടങ്ങി വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ദേവദത്ത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ജാസര്‍ ക്ലിക്ക്‌സ് അവതരിപ്പിച്ച കഥാപാത്രത്തിന് പ്രേക്ഷകരില്‍ നിന്നും പ്രത്യേക കൈയടി ലഭിച്ചിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ സിനിമയിലേക്കെത്തിയതിനെ കുറിച്ച് ജാസര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ട സംവിധായകനായ ഗിരീഷ് എ.ഡി ചിത്രത്തിലേക്ക് വിളിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ജാസര്‍ സംസാരിച്ചത്.

‘ഗിരീഷേട്ടന്റെ സിനിമയില്‍ അഭിനയിക്കുക എന്നുള്ളതായിരുന്നു എന്റെ കുറേക്കാലമായിട്ടുള്ള ആഗ്രഹം. തണ്ണീര്‍ മത്തന്‍ കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു അത് . അത്രയും റോ ആയിട്ടുള്ള ചിത്രം കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ഒപ്പം വര്‍ക്ക് ചെയ്യണമെന്ന് അന്ന് മുതലുള്ള ആഗ്രഹമാണ്. അതിന് ശേഷം ഗിരീഷേട്ടന് ഞാന്‍ ഇന്‍സ്റ്റയില്‍ മെസേജ് അയക്കാന്‍ തുടങ്ങി.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

2019മുതല്‍ ഞാന്‍ അയക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടിട്ടില്ല. ബെത്‌ലഹേമിന്റെ ടൈമിലാണ് എനിക്ക് ഇങ്ങോട്ട് മെസേജ് അയക്കുന്നത്. അന്നാണ് ഞാന്‍ കുറേ മെസേജ് അയച്ചത് അദ്ദേഹം കണ്ടത്. ബെത്‌ലഹേമില്‍ ഒരു ചാന്‍സുണ്ടെന്ന് പറഞ്ഞ് വിളിച്ചു. ഓഡിഷന്‍ ഉണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നെ ഞാന്‍ തന്നെയാണ് ആ ക്യാരക്ടര്‍ ചെയ്യുക എന്ന് പറയുകയായിരുന്നു,’ ജാസര്‍ പറഞ്ഞു.

Content Highlight: Social media influencer Jazar clickz talks about his role in Bethlehem Kudumba Unit