എ.എം.എം.എയുടെ നാടകങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല; എ.എം.എം.എയിലെ ഉള്ളുകളികള്‍ തുറന്നുപറഞ്ഞ് ഡബ്ല്യു.സി.സി
keralanews
എ.എം.എം.എയുടെ നാടകങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല; എ.എം.എം.എയിലെ ഉള്ളുകളികള്‍ തുറന്നുപറഞ്ഞ് ഡബ്ല്യു.സി.സി
ന്യൂസ് ഡെസ്‌ക്
Saturday, 13th October 2018, 5:03 pm

തിരുവനന്തപുരം: എ.എം.എം.എയിലെ ഉള്ളുകളില്‍ തുറന്നുപറഞ്ഞ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍. അംഗങ്ങളുടെ ക്ഷേമത്തിനായല്ലാതെ പ്രവര്‍ത്തിക്കുന്ന ഏക സിനിമാ സംഘടനയാണ് എ.എം.എം.എയെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ പറഞ്ഞു.

നിയമങ്ങള്‍ അവര്‍ തന്നെ എഴുതുന്നു. യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ തന്നെ തീരുമാനിക്കുന്നു. എല്ലാത്തിലും അവര്‍ കൃത്യമായ തീരുമാനം എടുക്കുമെന്ന് നമ്മള്‍ കരുതും. പക്ഷേ അവിടെ അങ്ങനെയല്ല നടക്കുക.

എ.എം.എം.എയുടെ നാടകങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ ഇനി തങ്ങളെ കിട്ടില്ലെന്നും അംഗങ്ങളായി രമ്യ നമ്പീശനും രേവതിയും പറഞ്ഞു.


ഞങ്ങള്‍ എഴുതിയിരിക്കുന്ന കത്തില്‍ ഒന്നും അവര്‍ അംഗീകരിച്ചില്ല. തിലകന്‍ ചേട്ടന്റെ കാര്യത്തില്‍ എന്താണ് ഉണ്ടായത്? ജനറല്‍ ബോഡി ചര്‍ച്ച ചെയ്തല്ല തിലകന്‍ ചേട്ടനെ പുറത്താക്കിയത്. ആ സമയത്ത് എക്‌സിക്യൂട്ടീവ് കമ്മി തീരുമാനം എടുത്താണ് പുറത്താക്കിയത്.

എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനറല്‍ബോഡി തീരുമാനം എടുക്കേണ്ടതുണ്ട് എന്ന് അവര്‍ പറയുന്നു. ഇത് എന്ത് നീതിയാണ്.

ഈ ഇന്‍ഡസട്രി വിസ്താരമുള്ള ഇന്‍ഡസ്ട്രിയാണ്. എന്റെ സുഹൃത്തുക്കളുടെ മക്കള്‍ ഉണ്ട്. അവര്‍ക്ക് എല്ലാവര്‍ക്കും വേണ്ടി സേഫ് പ്ലേസ് ഉണ്ടാക്കണം. അത് പ്രധാനമാണ്. – നടി രേവതി പറഞ്ഞു.

അമ്മ എന്ന സംഘടനകളിലെ ആള്‍ക്കാര്‍ സെലിബ്രറ്റീസ് ആണ്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ആള്‍ക്കാരാണ് ഉള്ളത്. അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും വാര്‍ത്തയാണ് അവര്‍ ചിന്തിക്കുന്നത് വാര്‍ത്തയാണ്. അവര്‍ക്ക് ഉത്തരവാദിത്തം വേണ്ടേ?

ഇത് ഒരാളെ കുറിച്ച് മാത്രമല്ല പറയുന്നത്. ഇത് ഒരാള്‍ക്ക് സംഭവിച്ചു. നാളെ മറ്റൊരാള്‍ക്കും സംഭവിക്കാം. – രേവതി പറഞ്ഞു.