അഭിഷേകും ഇഷാനും പരാജയപ്പെട്ടിട്ടും അവരുടെ സ്ഥാനം സുരക്ഷിതം; രൂക്ഷ വിമര്‍ശനവുമായി സെവാഗ്
Cricket
അഭിഷേകും ഇഷാനും പരാജയപ്പെട്ടിട്ടും അവരുടെ സ്ഥാനം സുരക്ഷിതം; രൂക്ഷ വിമര്‍ശനവുമായി സെവാഗ്
ശ്രീരാഗ് പാറക്കല്‍
Wednesday, 29th July 2026, 12:41 pm

ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ വിരേന്ദര്‍ സെവാഗ്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു സാംസണ്‍ എന്നും സ്വന്തം ടീമിന് വേണ്ടി ലോകകപ്പ് നേടിയ ശേഷമാണ് സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടും അവരുടെ സ്ഥാനങ്ങള്‍ സുരക്ഷിതമാണെന്നും പ്രധാന കാരണങ്ങളില്ലാതെയാണ് സഞ്ജുവിനെ പുറത്താക്കിയിരിക്കുന്നതെന്നും വീരേന്ദര്‍ സെവാഗ് എടുത്തുപറഞ്ഞു.

‘ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു സാംസണ്‍. സ്വന്തം രാജ്യത്തിന് വേണ്ടി ടി-20 ലോകകപ്പ് നേടിയതിന് ശേഷമാണ് അവനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. വെറും മൂന്ന് പരാജയങ്ങളുടെ പേരില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് അവനെ ഒഴിവാക്കാന്‍ കഴിയുക?

അഭിഷേക് ശര്‍മ പരാജയപ്പെടുന്നുണ്ട്, ഇഷാന്‍ കിഷന്‍ പരാജയപ്പെടുന്നുണ്ട്, പക്ഷേ അവരുടെയൊക്കെ സ്ഥാനം സുരക്ഷിതമാണ്. പ്രധാന കാരണങ്ങളൊന്നും ഇല്ലാതെയാണ് സഞ്ജുവിനെ പുറത്താക്കിയത്.

സഞ്ജു സാംസണ്‍ മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവന്‍ അര്‍ഹിക്കുന്ന ആ തുടര്‍ച്ചയായ അവസരങ്ങള്‍ ഇവിടെ അവന് ലഭിക്കുന്നില്ല. അവന്റെ പ്രതിഭയും കഴിവും എപ്പോഴും പൂര്‍ത്തീകരിക്കപ്പെടാതെ തന്നെ പോകും,’ സെവാഗ് പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് സഞ്ജുവായിരുന്നു. ടൂര്‍ണമെന്റില്‍ ബെഞ്ചിലിരുന്നിട്ടും കളിച്ച അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സ് നേടിയായിരുന്നു സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. നിര്‍ണായകമായ അവസാനത്തെ മൂന്ന് മത്സരങ്ങളിലായിരുന്നു സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് എതിരാളികള്‍ അറിഞ്ഞത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ 97* റണ്‍സും പിന്നീട് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ന്യൂസിലാന്‍ഡിനെതിരായ ഫൈനലിലും 89 റണ്‍സുമാണ് സഞ്ജുവിന്റെ മിന്നും പ്രകടനങ്ങള്‍. സഞ്ജു സാംസണ്‍ തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്.സഞ്ജു സാംസൺ

എന്നാല്‍ ലോകകപ്പിന് ശേഷവും ബി.സി.സി.ഐ താരത്തോടുള്ള അവഗണന തുടരുകയാണ്. 2026 ടി-20 ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാല് മത്സരങ്ങളിലാണ് സഞ്ജു കളിച്ചത്.
വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായി സഞ്ജുവിനെ മാറ്റി നിര്‍ത്തുകയായിരുന്നു.

ഇംഗ്ലണ്ട് പരമ്പരയില്‍ സൂര്യവംശി പരാജയപ്പെട്ടതോടെ അവസാന മത്സരത്തില്‍ സഞ്ജുവിനെ തിരികെ കൊണ്ടുവന്നപ്പോള്‍ 14 പന്തില്‍ 27 റണ്‍സായിരുന്നു താരം നേടിയത്. എന്നാല്‍ ശേഷം നടന്ന സിംബാബ്‌വേ പര്യടത്തില്‍ സഞ്ജു സാംസണിനെ സ്‌ക്വാഡില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. മാത്രമല്ല ഓപ്പണര്‍ അഭിഷേക് ശര്‍മ പരാജയപ്പെട്ടിട്ടും സഞ്ജുവിനോട് കാണിക്കുന്ന ഇരട്ട നീതിയെ ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

Content Highlight: Vireder Sehwag Supports Sanju samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ