ട്രോളുകള്‍ കൊണ്ട് എന്നെ തകര്‍ക്കാനാകില്ല, നിങ്ങള്‍ ഈ ഉത്സവ സീസണ്‍ ആസ്വദിക്കൂ; ആരാധകനോട് രാജ്യം വിട്ടുപോകാന്‍ പറഞ്ഞതില്‍ പ്രതികരണവുമായി വിരാട് കോഹ്‌ലി
national news
ട്രോളുകള്‍ കൊണ്ട് എന്നെ തകര്‍ക്കാനാകില്ല, നിങ്ങള്‍ ഈ ഉത്സവ സീസണ്‍ ആസ്വദിക്കൂ; ആരാധകനോട് രാജ്യം വിട്ടുപോകാന്‍ പറഞ്ഞതില്‍ പ്രതികരണവുമായി വിരാട് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th November 2018, 10:45 pm

ന്യൂദല്‍ഹി: തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കോഹ്‌ലിയുടെ വിശദീകരണം. ട്രോളുകള്‍ തനിക്ക് ശീലമാണെന്നും അതുകൊണ്ടു തന്നെ തകര്‍ക്കാനാകില്ലെന്നുമാണ് കോഹ്‌ലിയുടെ ട്വീറ്റ്.

“ആ ആരാധകന്റെ കമന്റില്‍ “ഈ ഇന്ത്യന്‍ താരങ്ങള്‍” എന്നുണ്ടായിരുന്നു. ആ പരാമര്‍ശനത്തിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. എല്ലാവരിലും പ്രകാശം പരത്തി ഈ ഉത്സവ സീസണ്‍ ആസ്വദിക്കൂ, എല്ലാവരോടും സ്നേഹം, എല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ.” കോഹ്‌ലി ട്വീറ്റില്‍ പറയുന്നു.


ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടമെന്ന് വ്യക്തമാക്കിയ ആരാധകനോട്, അങ്ങനെയെങ്കില്‍ രാജ്യം വിടണമെന്ന അങ്ങേയറ്റത്തെ വിദ്വേഷ പരാമര്‍ശമാണ് കോഹ്‌ലി നടത്തിയത്. വിരാട് കോഹ്‌ലിയുടെ പ്രസ്താവനക്കെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡയയില്‍ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ “പാക്കിസ്ഥാനിലേക്കൂ പോകൂ” എന്ന് പറയുന്നതിന്റെ മറ്റൊരു രൂപം തന്നെയാണ് ഇന്ത്യന്‍ നായകനും പ്രകടിപ്പിച്ചതെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ടെന്നീസ് താരങ്ങളായ യൂകി ഭാംബ്രി, സാകേത് എന്നിവരേക്കാള്‍ റോജര്‍ ഫെഡററെ ഇഷ്ടപ്പെടുന്ന കോഹ്‌ലി അങ്ങനെയെങ്കില്‍ ഇന്ത്യ വിട്ടുപോകേണ്ടേ എന്ന് ആരാധകര്‍ ചോദിച്ചിരുന്നു.

ആരുടെ ആരാധകനായാലും ഒരു ഇന്ത്യന്‍ പൗരനോട് രാജ്യം വിടാന്‍ പറയാന്‍ താന്‍ ആരാണെന്ന് മറ്റൊരാള്‍ വിരാടിനോട് ചോദിക്കുന്നു. ഏതു കളിക്കാരനെ ഇഷ്ടപ്പെടണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഈ ജനാധിപത്യ രാജ്യത്തുണ്ട്. മറ്റു രാജ്യക്കാരെ വെറുക്കണമെന്നാണോ താങ്കള്‍ പറയുന്നത്? മറ്റൊരു ക്രിക്കറ്റ് പ്രേമി ചോദിക്കുന്നു. ഇന്ത്യക്കാരല്ലാത്ത താരങ്ങളുടെ പേരെഴുതി, ഞങ്ങളുടെ ഇഷ്ടതാരങ്ങള്‍ ഇവരാണെന്ന് പ്രഖ്യാപിച്ച് കൊണ്ടും നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.


അതേസമയം, കോഹ്ലിയുടെ വിവാദപ്രസ്താവനയ്ക്ക് രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ് രംഗത്തെതിയിരുന്നു. കിങ് കോഹ്‌ലി എന്ന നിലയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭാവിയില്‍ കാര്യങ്ങള്‍ ആലോചിച്ച് ചെയ്യണമെന്ന് സിദ്ധാര്‍ഥ് ഓര്‍മിപ്പിക്കുന്നു. ഇതിനോടൊപ്പം രാഹുല്‍ ദ്രാവിഡിന്റെ മുമ്പുണ്ടായ പ്രസ്താവനയും സിദ്ധാര്‍ഥ് സൂചിപ്പിക്കുന്നുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍നിന്ന് അവധിയെടുത്ത് വിശ്രമിക്കുന്ന കോഹ്‌ലി, തന്റെ പേരിലുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രചാരണാര്‍ഥം പുറത്തിറക്കിയ വിഡിയോയിലാണ് വിവാദ പരാമര്‍ശം നടത്തിയത്. കോഹ്‌ലിയുടെ 30ാം ജന്‍മദിനത്തോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് “വിരാട് കോഹ്‌ലി മൊബൈല്‍ ആപ്” പുറത്തിറക്കിയത്.