96 ആവര്‍ത്തിക്കും; മഹാസഖ്യത്തിന് പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ചന്ദ്രബാബു നായിഡു
national news
96 ആവര്‍ത്തിക്കും; മഹാസഖ്യത്തിന് പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ചന്ദ്രബാബു നായിഡു
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 9:44 pm

ബെംഗളൂരു: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യം രൂപീകരിക്കുന്നതിന് പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ എന്‍ ചന്ദ്രബാബു നായിഡു. മഹാസഖ്യ രൂപീകരണത്തിന്റെ ഭാഗമായി ചന്ദ്രബാബു നായിഡു പ്രതിപക്ഷ നേതാക്കളെ കണ്ടു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗദൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവരടങ്ങുന്ന പ്രതിപക്ഷ സംഘവുമായാണ് നായിഡു കൂടിക്കാഴ്ച നടത്തിയത്.

ഉപതെരഞ്ഞെടുപ്പോടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയമായ മാതൃക കര്‍ണാടക സൃഷ്ടിച്ചെന്നും പ്രതിപക്ഷ ഐക്യത്തെ ചെറുക്കാന്‍ ബി.ജെ.പിക്ക് ആകില്ലെന്നും നായിഡു പറഞ്ഞു. രാജ്യത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ ഒന്നിച്ച് നീങ്ങുമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി.


അത്തരമൊരു സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ആരാകും നയിക്കുക എന്ന ചോദ്യത്തിന് അതേപ്പറ്റി താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതേ ഇല്ലെന്നും പ്രധാനമന്ത്രി പദമല്ല രാജ്യത്തെ രക്ഷിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒന്നിച്ച് നീങ്ങുമെന്ന് വ്യക്തമാക്കിയ ചന്ദ്രബാബു നായിഡു, കേന്ദ്ര സര്‍ക്കാര്‍ ആദായക നികുതി വകുപ്പടക്കമുള്ള ഏജന്‍സികളെ പ്രതിപക്ഷ നേതാക്കളെ ആക്രമിക്കാനുള്ള ആയുധമായി ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി.

2019ലെ തെരഞ്ഞെടുപ്പ് 1996ന്റെ ആവര്‍ത്തനമായിരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. നായിഡുവും ദേവഗൗഡയും പഴയ സുഹൃത്തുക്കളാണ്. അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റില്ലെന്നും കുമാരസ്വാമി പറഞ്ഞു. 2019തില്‍ ഇന്ത്യ രാഷ്ട്രീയ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവിലെ പത്മനാഭനഗറിലുള്ള ദേവഗൗഡയുടെ വസതിയില്‍ നടന്ന അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍, മതനിരപേക്ഷ മുന്നണിയുെട രൂപീകരണമാണ് പ്രധാനമായും ചര്‍ച്ചയായയത്. മോദി സര്‍ക്കാര്‍ രാജ്യത്ത് പ്രശ്‌നങ്ങളല്ലാതെ മറ്റൊന്നും സൃഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞ ദേവഗൗഡ, ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു.


ബി.ജെ.പിക്കെതിരായ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എതിര്‍പ്പുകള്‍ മാറ്റിവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചന്ദ്രബാബു നായിഡു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ തെലുങ്കുദേശം പാര്‍ട്ടിയും കോണ്‍ഗ്രസും ഇതിനുശേഷം തീരുമാനിച്ചിരുന്നു.