സൗകര്യമുള്ള ജീവിതം വേണ്ടെന്ന് വെച്ച്, എല്ലാ വേദനകളും സഹിച്ചുകൊണ്ട് നിങ്ങള്‍ക്ക് വേണ്ടി ഇറങ്ങിയതാണ് ഞാന്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ വിജയ്
India
സൗകര്യമുള്ള ജീവിതം വേണ്ടെന്ന് വെച്ച്, എല്ലാ വേദനകളും സഹിച്ചുകൊണ്ട് നിങ്ങള്‍ക്ക് വേണ്ടി ഇറങ്ങിയതാണ് ഞാന്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ വിജയ്
അമര്‍നാഥ് എം.
Sunday, 29th March 2026, 4:11 pm

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി വിജയ്. 234 നിയോജക മണ്ഡലങ്ങളിലും മത്സരിക്കാനാണ് ടി.വി.കെയുടെ നീക്കം. തമിഴ്‌നാട്ടിലെ രണ്ട് മുന്നണികളെയും എതിര്‍ത്ത് നില്‍ക്കുന്ന മൂന്നാമത്തെ ശക്തിയായി തങ്ങളുടെ പാര്‍ട്ടി മാറുമെന്നാണ് ഓരോ സമ്മേളനങ്ങളിലും വിജയ് ആവര്‍ത്തിച്ച് പറഞ്ഞത്.

ഭരണകക്ഷിയായ ഡി.എം.കെയെ ആവര്‍ത്തിച്ച് ആക്രമിച്ചുകൊണ്ടാണ് വിജയ് ഓരോ സമ്മേളനങ്ങളിലും തന്റെ പ്രസംഗം നടത്താറുള്ളത്. ഡി.എം.കെയുടെ ഭരണം ജനങ്ങള്‍ക്ക് മടുത്തെന്ന് ആവര്‍ത്തിക്കാറുള്ള വിജയ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയിലും വിജയ് ഇതേ ശൈലി തന്നെയാണ് തുടര്‍ന്നത്. പ്രസംഗത്തിനിടെ വിജയ് വികാരാധീനനായി സംസാരിക്കുകയും ചെയ്തു.

Tamil Nadu elections: Vijay to contest from two constituencies

ആര്‍ഭാടപൂര്‍ണമായ ജീവിതം തുടരാനുള്ള സാഹചര്യവും സന്ദര്‍ഭങ്ങളുമുണ്ടായിട്ടും അതെല്ലാം വേണ്ടെന്ന് വെച്ചാണ് താന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനായി ഇറങ്ങിയതെന്ന് വിജയ് പറഞ്ഞു. തന്നെ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ് അതെല്ലാം ചെയ്തതെന്നും അവരിലൊരാളായി പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും വിജയ് ആവര്‍ത്തിച്ചു.

‘നിങ്ങളോടുള്ള സ്‌നേഹവും കടപ്പാടും തിരിച്ചുതരാന്‍ വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്. ഒരുപാട് വേദനകള്‍ ഉണ്ടെങ്കിലും അതെല്ലാം സഹിച്ചുകൊണ്ട് വന്നിരിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. കള്ളം പറഞ്ഞ് നിങ്ങളെ പറ്റിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു കാലത്തും ഞാന്‍ അങ്ങനെ ചെയ്യുകയുമില്ല. നാല് മുന്നണികളല്ല, നാല്പത് മുന്നണികള്‍ മത്സരത്തിനിറങ്ങിയാലും രണ്ടേ രണ്ട് പേര്‍ തമ്മിലാണ് യഥാര്‍ത്ഥ മത്സരം.

ഒന്ന് ഡി.എം.കെ, മറ്റൊന്ന് ടി.വി.കെ. ജനങ്ങളെ കൊള്ളയടിക്കുന്ന സ്റ്റാലിന്‍ സാര്‍ വേണോ അതോ ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന വിജയ് വേണോ എന്നത് മാത്രമാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ട് നിങ്ങളോരോരുത്തരുടെയും മകനും, സഹോദരനുമായ വിജയ്ക്ക് ഒരു അവസരം നല്‍കൂ,’ വിജയ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലത്തില്‍ നിന്നാണ് വിജയ് ജനവിധി തേടുന്നത്. പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. എന്‍.ഡി.എ മുന്നണിയുമായി ചേര്‍ന്ന് ടി.വി.കെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

ഏപ്രില്‍ 24നാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നിവര്‍ തമ്മിലുള്ള മത്സരത്തിലേക്ക് തമിഴ്‌നാട്ടില്‍ വളരെ ജനപ്രീതിയുള്ള വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്യുമ്പോള്‍ ജനവിധി എന്താകുമെന്ന് രാഷ്ട്രീയ ലോകം ഉറ്റുനോക്കുകയാണ്.

Content Highlight: Vijay said an emotional speech during TVK candidate announcement

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം