'ഭക്ഷണം ചോദിച്ചപ്പോൾ അപ്പുറത്തെ ക്യാമ്പിൽ പോയി കഴിക്കാൻ പറഞ്ഞു'; പരാതിയുമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവ‍ർ
Kerala
'ഭക്ഷണം ചോദിച്ചപ്പോൾ അപ്പുറത്തെ ക്യാമ്പിൽ പോയി കഴിക്കാൻ പറഞ്ഞു'; പരാതിയുമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവ‍ർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th August 2026, 4:30 pm

കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം ലഭ്യമാക്കുന്നതിൽ അധികൃത‍‍ർ വീഴ്ച വരുത്തുന്നതായി ക്യാമ്പിൽ താമസിക്കുന്നവരുടെ പരാതി. ചങ്ങനാശേരി ​ഗവൺമെന്റ് ടൗൺ എൽ.പി സ്കൂളിലെ ക്യാമ്പിൽ കഴിയുന്നവരാണ് ഇത്തരത്തിൽ പരാതികളുന്നയിച്ചത്. റിപ്പോ‍ർട്ട‍ർ ടിവിയോട് സംസാരിക്കവെയായിരുന്നു ക്യാമ്പിൽ താമസിക്കുന്നവ‍‍ർ ഈ കാര്യങ്ങൾ പറഞ്ഞത്.

ഭക്ഷണത്തിന് ആവശ്യപ്പെട്ടപ്പോൾ അപ്പുറത്തെ ക്യാമ്പിൽ പോയി ആഹാരം കഴിക്കാൻ ഉദ്യോ​ഗസ്ഥ‍ർ ആവശ്യപ്പെട്ടതായി ക്യാമ്പിൽ താമസിക്കുന്ന ഒരു സ്ത്രീ പറയുന്നതിന്റെ ദൃശ്യങ്ങൾ ചാനൽ പുറത്തുവിട്ടു. ഭക്ഷണം ചോദിച്ചപ്പോൾ നിങ്ങൾ വീട്ടിൽ ഒന്നും ചെയ്യാതെയാണോ കഴിക്കുന്നതെന്ന് ഉദ്യോ​ഗസ്ഥ‍ർ തങ്ങളോട് ചോദിച്ചെന്നും അവ‍ർ പറഞ്ഞു.

കുഞ്ഞുങ്ങളുമായി വന്നവ‍രടക്കം ക്യാമ്പിലുണ്ടെന്നും അവരെ അപ്പുറത്തെ ക്യാമ്പിലേക്ക് കൊണ്ടുപോവുന്നത് ബുദ്ധിമുട്ടാണെന്നും ക്യാമ്പിൽ കഴിയുന്നവ‍ർ പറയുന്നു. 100 പേ‍ർ താമസിക്കുന്ന ക്യാമ്പിൽ ആഹാ​രമുണ്ടാക്കാനായി ലഭിച്ചത് സലാഡുണ്ടാക്കാനുള്ള സവാള മാത്രമാണെന്ന് ഇതേ ക്യാമ്പിൽ കഴിയുന്നവ‍ർ പറയുന്ന മറ്റൊരു വീഡിയോയും ടി.വി ചാനൽ പങ്കുവച്ചിട്ടുണ്ട്.

ആഹാരമുണ്ടാക്കാനുള്ള സൗകര്യം ഒരുക്കിത്തന്നാൽ മതിയെന്നും ക്യാമ്പിൽ കഴിയുന്നവ‍ർ പറയുന്നു. ക്യാമ്പിൽ ഇതിനായി ​അധികൃത‍ർ ​ഗ്യാസ് സിലിണ്ട‍ർ എത്തിച്ചെങ്കിലും പിന്നീട് അവർ അത് തിരിച്ചുകൊണ്ടുപോയെന്നും അവ‍‍‍ർ പറയുന്നു.

Content Highlight: Video showing People in Changanassery Flood Relief camp talks about Response from officials