കൊച്ചി: തനിക്ക് എല്ലാത്തിനെക്കാളും വലുത് സിനിമയാണെന്നും ഷെയ്‌നിന് വേണ്ടി കാത്തിരിക്കാമെന്നും വെയിലിന്റെ സംവിധായകന്‍ ശരത്. നടന്‍ ഷെയ്ന്‍ നിഗം ചിത്രത്തിലെ ലുക്കിന് വിപരീതമായി മുടി മുറിക്കുകയും മീശയും താടിയും മുറിക്കുകയും ചെയ്തിരുന്നു ഇതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ശരത്.

മനോരമന്യൂസ് ഓണ്‍ലൈനിനോടായിരുന്നു സംവിധായകന്റെ പ്രതികരണം. ഇനി ചിത്രത്തിന്റെ തിരക്കഥ മാറ്റിയെഴുതാന്‍ കഴിയില്ലെന്നും ഒരു തവണ ഷെയ്‌നിന്റെ ലുക്കിന് വേണ്ടി തിരക്കഥ മാറ്റിയിരുന്നെന്നും സംവിധായകന്‍ പറഞ്ഞു.

ഇനി കുറച്ച് സീനുകളാണ് ഉള്ളത് അതും തുടര്‍ച്ചയായിട്ടുള്ള സീനുകളാണ്. ഇപ്പോള്‍ തലയുടെ രണ്ടു വശത്തെ മുടിയും കളഞ്ഞ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഈ രൂപത്തില്‍ ആ കഥാപാത്രത്തെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും ശരത് പറയുന്നു.

 അതേസമയം സിനിമാക്കരാറും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ലംഘിച്ച നടന്‍ ഷെയിന്‍ നിഗത്തിനെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങിയിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന.

ഷെയ്നുമായി കരാറിലായ മുഴുവന്‍ സിനിമകളില്‍ നിന്നും പിന്മാറാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഇത് ഔദ്യോഗികമായി വ്യാഴാഴ്ച പ്രഖ്യാപിക്കും. സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ തന്റെ താടിയും മുടിയും ഷെയ്ന്‍ വെട്ടുകയായിരുന്നു.

അമ്മ അസോസിയേഷനും നിര്‍മാതാക്കളുടെ സംഘടനയും നടത്തിയ ചര്‍ച്ചയില്‍ വെയില്‍ സിനിമയുമായി സഹകരിക്കുമെന്നും രൂപമാറ്റം വരുത്തില്ലെന്നും ഷെയ്ന്‍ ഉറപ്പുനല്‍കിയിരുന്നു. ആ വിലക്ക് ലംഘിച്ചാണ് ഷെയ്ന്‍ താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഷെയ്ന്‍ സിനിമയുടെ ചിത്രീകരണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന വാദവുമായി വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് നേരത്തേ രംഗത്തു വന്നിരുന്നു.ചിത്രീകരണത്തിനിടയില്‍ നിന്നും ഷെയ്ന്‍ ഇറങ്ങിപ്പോയതിനെതിരെ നിര്‍മാതാവ് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു.

DoolNews Video