കേരളത്തിലെ യുവതലമുറയിലെ ശ്രദ്ധേയനായ ഗാനരചയിതാവും റാപ്പറുമാണ് ഹിരാന്‍ ദാസ് മുരളി. വേടന്‍ എന്ന സ്റ്റേജ് നെയിമിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു ഷോയ്ക്ക് വേണ്ടി താന്‍ ഓസ്‌ട്രേലിയയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് വേടന്‍. ഓസ്‌ട്രേലിയയെ കുറിച്ച് വായിക്കുന്നത് പോലെ ആയിരുന്നില്ലെന്നും നമ്മളെ കണ്ടാല്‍ മാറി നടക്കുന്ന ആളുകള്‍ അവിടെയുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.

ഓസ്‌ട്രേലിയയില്‍ വലിയ രീതിയിലുള്ള റേസിസമുണ്ടെന്നും അതുകണ്ട് താന്‍ അന്ന് ശരിക്കും അത്ഭുതപ്പെട്ടു പോയെന്നും വേടന്‍ പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെയുള്ള ചിലര്‍ക്ക് ഇന്ത്യയെന്ന രാജ്യമുണ്ടെന്ന് പോലും അറിയില്ലെന്നും തന്നോട് ആഫ്രിക്കയില്‍ നിന്നാണോ എന്നാണ് അവര്‍ ചോദിച്ചതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് ഈയിടെ ഒരു ഓസ്‌ട്രേലിയ ടൂര്‍ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയ, മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലൊക്കെ ഒരു ഷോയ്ക്ക് വേണ്ടി പോയതാണ്. ഓസ്‌ട്രേലിയയെ കുറിച്ച് വായിക്കുന്നത് പോലെ ആയിരുന്നില്ല. നമ്മളെ കണ്ടാല്‍ മാറി നടക്കുന്ന ആളുകളുണ്ട് അവിടെ. ഓസ്‌ട്രേലിയയിലെ വൈറ്റ്‌സ് ഭയങ്കരന്മാരാണ്. അവിടെ വലിയ രീതിയിലുള്ള റേസിസമാണ്.

അത് കണ്ട് ഞാന്‍ അന്ന് ശരിക്കും അത്ഭുതപ്പെട്ടു പോയി. എന്താണ് ഇവിടെയൊക്കെ ഇങ്ങനെയെന്ന് ഞാന്‍ ചിന്തിച്ചു. ചില കടകളിലൊന്നും നമ്മളെ കയറ്റില്ല. ചില ആളുകള്‍ നമ്മളെ കണ്ടാല്‍ മാറി നടക്കും. അവിടെയുള്ള ചിലര്‍ക്ക് ഇന്ത്യയെന്ന രാജ്യം ഉണ്ടെന്ന് പോലും അറിയില്ല. നിങ്ങള്‍ ആഫ്രിക്കയില്‍ നിന്നാണോ എന്നാണ് അവര്‍ ചോദിച്ചത്. അല്ല, ഞാന്‍ സൗത്ത് ഇന്ത്യയില്‍ നിന്നാണ് എന്ന് ഞാന്‍ മറുപടി പറഞ്ഞു,’ വേടന്‍ പറഞ്ഞു.

 


Content Highlight: Vedan Talks About His Experiences When He Went To Australia