സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നവരില്‍ ഒരാളാണ് ശ്യാം മോഹന്‍. പൊന്മുട്ട മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ ശ്യാം ചെറിയ വേഷങ്ങളിലൂടെയാണ് മോളിവുഡില്‍ ശ്രദ്ധ നേടിയത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു ശ്യാമിന്റെ കരിയറില്‍ ബ്രേക്ക്ത്രൂവായി മാറി. ചിത്രത്തിലെ ആദി എന്ന കഥാപാത്രത്തെ അഭിനന്ദിച്ച് സാക്ഷാല്‍ രാജമൗലിയടക്കം രംഗത്തെത്തിയിരുന്നു.

തിയേറ്ററുകളില്‍ ചരിത്രവിജയം നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലും ശ്യാമിന്റെ സാന്നിധ്യമുണ്ട്. ഒട്ടും പ്രെഡിക്ടബിളല്ലാത്ത വെറൈറ്റി വില്ലനായാണ് ശ്യാം ബെത്‌ലഹേമില്‍ വേഷമിട്ടത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ താരത്തിന്റെ പ്രകടനം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം ഹരി എന്ന കഥാപാത്രം കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

പ്രേമലുവിന് ശേഷമുള്ള തന്റെ സിനിമാജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്യാം മോഹന്‍. താന്‍ പോലും പ്രതീക്ഷിക്കാത്ത റീച്ചായിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചതെന്ന് ശ്യാം പറഞ്ഞു. എന്നാല്‍ അതിന് ശേഷം താന്‍ പ്രതീക്ഷിച്ച തരത്തിലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചില്ലെന്നും പല അവസരങ്ങളും വേണ്ടെന്ന് വെച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു ശ്യാം മോഹന്‍.

‘പ്രേമലുവിലെ ക്യാരക്ടര്‍ ശരിക്കും കരിയര്‍ മാറ്റിമറിച്ചു. എന്നാല്‍ അതിന് ശേഷം പല സിനിമകളിലേക്കും വിളിച്ചെങ്കിലും അതിലൊന്നും നമുക്ക് വലുതായി ചെയ്യാനുണ്ടായിരുന്നില്ല. ചുമ്മാ ബാക്ക്ഗ്രൗണ്ടില്‍ നില്‍ക്കുന്ന ടൈപ്പ് റോളുകളായിരുന്നു മിക്കതും. അതൊക്കെ വേണ്ടെന്ന് വെച്ചു. ഇത്രയും നല്ലൊരു റോള് ചെയ്തിട്ടും നമുക്ക് എവിടെയാണ് ഫോള്‍ട്ട് വന്നതെന്ന് കുറെ ആലോചിച്ചു.

ഇതിനിടയില്‍ രണ്ട് തെലുങ്ക് പടം ചെയ്തിട്ടുണ്ടായിരുന്നു. മലയാളത്തില്‍ നല്ലൊരു റോള്‍ കിട്ടിയിരുന്നില്ല. പലരും വിളിച്ചിട്ട് ‘മച്ചാനെ കാമിയോയാണ്’ എന്നൊക്കെ പറയും. അപ്പോള്‍ തന്നെ നമുക്ക് മനസിലാകും ഇതില്‍ വലിയ കാര്യമൊന്നും ഉണ്ടാകില്ലെന്ന്. ഞാന്‍ പിന്നീട് സംഗീതിനെയൊക്കെ വിളിച്ച് ചോദിച്ചിട്ടുണ്ടായിരുന്നു. അവനും ഇത് തന്നെയാണ് പറഞ്ഞത്. പ്രേമലുവിന് ശേഷം പിടിച്ചാല്‍ കിട്ടില്ലെന്ന് കരുതിയതായിരുന്നു. പക്ഷേ, റിയാലിറ്റി അതൊന്നുമല്ലെന്ന് മനസിലായി,’ ശ്യാം മോഹന്‍ പറഞ്ഞു.

സ്മ്യൂള്‍, ടിക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പടിപടിയായി ഉയര്‍ന്നുവന്നയാളാണ് താനെന്നും താരം പറയുന്നു. എല്ലാം സ്വിച്ചിട്ടതുപോലെ കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും സമയം പോലെ എല്ലാം നടക്കുമെന്നും ശ്യാം കൂട്ടിച്ചേര്‍ത്തു. എല്ലാറ്റിനും പിന്തുണയുമായി തന്റെ പങ്കാളി കൂടെയുള്ളതാണ് ധൈര്യമെന്നും താരം പറഞ്ഞു.

Content Highlight: Shyam Mohan about his career after Premalu movie