ജപ്പാനെതിരായ വണ്‍ ഓഫ് ടി-20യില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. സനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനാിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ച് ഓവറില്‍ 33 റണ്‍സായിരുന്നു ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന് നിശ്ചിത ഓവറില്‍ 30 റണ്‍സാണ് നേടാനായത്. മോശം കാലാവസ്ഥ മൂലം അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തില്‍ ജപ്പാനെതിരെ വിജയര്‍ത്തുകുളിച്ചാണ് ഇന്ത്യ വിജയം നേടിയത്.

എന്നാല്‍ ഈ വിജയത്തോടെ ഒരു ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. അന്താരാഷ്ട്ര ടി-20യില്‍ 200 വിജയം നേടുന്ന ആദ്യ ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. 71.09 എന്ന വിജയ ശതമാനത്തിലാണ് ഇന്ത്യ 200 ടി-20 വിജയം സ്വന്തമാക്കിയത്. ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന് 174 വിജയങ്ങളാണ് ഫോര്‍മാറ്റിലുള്ളത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ ടീം

(ടീം, വിജയം (വിജയശതമാനം) എന്ന ക്രമത്തില്‍)

ഇന്ത്യ – 200 (71.09%)

പാകിസ്ഥാന്‍ – 174 (59.79%)

ന്യൂസിലാന്‍ഡ് – 137 (53.92%)

സൗത്ത് ആഫ്രിക്ക – 131 (56.46%)

ഇംഗ്ലണ്ട് – 130 (58.55%)

ഓസ്‌ട്രേലിയ – 128 (57.65%)

വെസ്റ്റ് ഇന്‍ഡീസ് – 111 (45.67%)

ശ്രീലങ്ക – 105 (44.49%)

അഫ്ഗാനിസ്ഥാന്‍ 98 (59.39%)

മത്സരത്തില്‍ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ സഞ്ജു സാംസണ്‍ ഒമ്പത് റണ്‍സിനും ഇഷാന്‍ കിഷന്‍ മൂന്ന് റണ്‍സിനുമാണ് മടങ്ങിയത്. 12 പന്തില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ്പ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട ഏക താരവും ക്യാപ്റ്റനാണ്. ഒമ്പത് റണ്‍സടിച്ച സഞ്ജു സാംസണാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ജപ്പാനായി ചാര്‍ളി ഹിന്‍സെ രണ്ട് വിക്കറ്റും ബെഞ്ചമിന്‍ ഇറ്റോ ഡേവിസ്, ഇബ്രാഹിം തകഹാഷി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന് ആദ്യ രണ്ട് ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ കെന്‍ഡല്‍ കഡോവാക്കി-ഫ്ളെമിങ് ചെറുത്തുനിന്നു. 12 പന്തില്‍ 12 റണ്‍സ് നേടിയാണ് ഫ്‌ളെമിങ് പുറത്തായത്. ബെഞ്ചമനിന്‍ ഇറ്റോ ഡേവിസ് പുറത്താകാതെ ഒമ്പത് റണ്‍സ് നേടി രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി.

അക്സര്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സായിരുന്നു. എന്നാല്‍ അക്സര്‍ അത് കൃത്യമായി ഡിഫന്‍ഡ് ചെയ്തതോടെ ജപ്പാന്റെ പോരാട്ടം 30/3ന് അവസാനിക്കുകയായിരുന്നു.

Content Highlight: India In Great Record Achievement In International Cricket