പറവൂര്‍: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മൃതദേഹവുമായി ദേശീയപാതയില്‍ ഉപരോധം. ബി.ജെ.പി പ്രവര്‍ത്തകരാണ് പാത ഉപരോധിക്കുന്നത്. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം.കഴിഞ്ഞ ദിവസം ദേവസ്വം പാടത്ത് വീട്ടില്‍ കയറി അക്രമം നടത്തിയ കേസിലെ പ്രതിയെന്നാരോപിച്ചാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

വെള്ളിയാഴ്ച വരാപ്പുഴ ദേവസ്വം പാടത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ വാസുദേവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്‌ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം.


Also Read ചെപ്പോക്ക് സ്റ്റേഡിയത്തിനുമുന്നില്‍ പ്രതിഷേധം കനക്കുന്നു; സംവിധായകന്‍ ഭാരതിരാജ അറസ്റ്റില്‍


ആന്തരിക രക്തസ്രാവവും ഛര്‍ദ്ദി, മൂത്ര തടസം എന്നിവയ്ക്കാണ് ശ്രീജിത്ത് ചികിത്സ തേടിയത്. ഇന്നലെ വൈകിട്ടോടെ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് സ്വമേധയാ കേസെടുത്തിരുന്നു. ശ്രീജിത്തിന് പൊലീസ് മര്‍ദ്ദനമേറ്റതായും അതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ക്ഷേത്രത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാവാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച വൈകിട്ടാണ് ശ്രീജിത്തും സംഘവും ആയുധങ്ങളുമായി വാസുദേവന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഈ സമയം വാസുദേവനും ഭാര്യ സീതയും മകന്‍ വിനീഷും മകള്‍ വിനീതയും വിനീതയുടെ രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകന്‍ വിനീഷിനെ സംഘം വടിവാള്‍ കൊണ്ട് വെട്ടി. വിനീതയുടെ മകള്‍ മൂന്നുവയസ്സുള്ള നിഖിതയെ അക്രമികള്‍ വലിച്ചെറിഞ്ഞു.

അതേസമയം വരാപ്പുഴ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് വെളിപ്പെടുത്തിയിരുന്നു.

DoolNews Video